ജില്ലാ പഞ്ചായത്തിന് മിച്ച ബജറ്റ്; ബജറ്റിന്റെ പൂർണ രൂപം

കാർഷിക സ്വയംപര്യാപത്തയ്ക്കും പരിസ്ഥിതി സംരക്ഷണത്തിനും ഊന്നൽ നൽകി, സാമൂഹിക, ആരോഗ്യ മേഖലകളിൽ കനിവിന്റെയും ആർദ്രതയുടെയും കരസ്പർശമേകി ജില്ലാ പഞ്ചായത്തിന്റെ 2019-20 വർഷത്തെ മിച്ച ബജറ്റ്. നെൽകൃഷിക്കായി കതിരണിപ്പാടം, പുഷ്പകൃഷിക്കായി ഫ്‌ളോറി കൾച്ചർ ക്ലസ്റ്റർ, നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ ഓർമ്മകൾ ഉണ്ടായിരിക്കണം, മുതിർന്നവർക്കായി മധുരം വാർധക്യം, ട്രാൻസ്‌ജെൻഡേഴ്‌സിനായി എജ്യു ഗൈഡ്, കാൻസർ പ്രതിരോധത്തിന് ആയുർ ദീപ്തം, ഓട്ടിസം ബാധിച്ച കുട്ടികൾക്കായി അൻപ്, വിദ്യാർഥികൾക്കായി ടീൻ സയൻറിയ, പൂമ്പാറ്റ ഫിലിം ഫെസ്റ്റിവൽ, പട്ടികജാതി, വർഗ വിദ്യാർഥികൾക്കായി പാത്ത് ഫൈൻഡർ തുടങ്ങിയവയാണ് ബജറ്റിലെ നൂതന പദ്ധതികൾ. ഇതിനൊപ്പം വികസന തുടർച്ച ഉറപ്പാക്കി  128,08,67,000 രൂപ വരവും 120,36,26,000 രൂപ ചെലവും കണക്കാക്കുന്ന ബജറ്റാണ് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷിന്റെ അധ്യക്ഷതയിൽ വൈസ് പ്രസിഡൻറ് പി.പി ദിവ്യ അവതരിപ്പിച്ചത്. 7,72,41,000 രൂപയാണ് മിച്ചം. നിലവിലെ ഭരണ സമിതിയുടെ നാലാമത്തെ ബജറ്റാണിത്. ബജറ്റിലെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തിയ പദ്ധതികൾ ഇവയാണ്.

 

ഫ്‌ളോറി കൾച്ചർ ക്ലസ്റ്ററുകൾ, തേൻ ബ്രാൻഡിംഗ്

മറ്റ് ആവശ്യങ്ങൾക്ക് വേണ്ടി രൂപാന്തരപ്പെടുത്തുകയും വൻതോതിൽ പരിവർത്തനപ്പെടുത്തുകയും ചെയ്ത നെൽവയലുകളെ തിരിച്ച് പിടിക്കാൻ കതിരണിപ്പാടം പദ്ധതി ആവിഷ്‌കരിക്കും. നെൽവയലുകളും തണ്ണീർത്തടങ്ങളും ഇല്ലാതാവുന്നതോടെ പാരിസ്ഥിക വ്യവസ്ഥയുടെ സുസ്ഥിരത നഷ്ടപ്പെടുകയും കാർഷിക രംഗത്തെ വളർച്ച മുരടിക്കുകയും ചെയ്യുന്നു സാഹചര്യത്തിലാണിത്.

കാർഷിക മേഖലയിൽ നടത്തിയ ശ്രദ്ധാപൂർവ്വമായ ഇടപെടലായിരുന്നു ജില്ലയിലെ 37 ഗ്രാമങ്ങളെ കാർഷികസ്വയംപരാപ്ത ഗ്രാമങ്ങളായി പ്രഖ്യാപിച്ചത്. 2019-20 ഓടെ 20 ഗ്രാമങ്ങളെക്കൂടി ഉൾപ്പെടുത്തി 57 ഗ്രാമങ്ങളെ കാർഷിക സ്വയംപര്യാപ്തമാക്കും. തേനീച്ച കൃഷി പ്രോത്സാഹിപ്പിച്ച് സമ്പൂർണ വിജയമായ തേൻ ജില്ല പദ്ധതിയുടെ തുടർച്ചയായി തേൻ ശേഖരിച്ച് ബ്രാൻറിംഗ് നടത്തും.

ഉപ്പുവെള്ളം കയറുന്ന പ്രദേശങ്ങളിലെ പരമ്പരാഗത കൃഷിരീതിയായ കൈപ്പാട് കൃഷി വിപുലപ്പെടുത്തി കയമ രണ്ടാം ഘട്ടം നടപ്പിലാക്കും. പരീക്ഷണാടിസ്ഥാനത്തിൽ ഓണക്കാലത്ത് നടത്തിയ ചെണ്ടുമല്ലി കൃഷി വിജയിച്ചതിനാൽ വാണിജ്യാടിസ്ഥാനത്തിൽ കയറ്റുമതി സാധ്യതയുള്ള പൂക്കൾക്കൂടി ഉദ്പാദിപ്പിക്കാൻ ഫ്‌ളോറി കൾച്ചർ ക്ലസ്റ്ററുകൾ രൂപീകരിക്കും 

 

ജൈവ വൈവിധ്യ സൗഹൃദ ജില്ലയാക്കി മാറ്റും

പരിസ്ഥിതിത്തകർച്ചയുടെ പശ്ചാത്തലത്തിൽ ജൈവവൈവിധ്യ സംരക്ഷണത്തിനായി ആരാധനാലയങ്ങളെ ജൈവഇടങ്ങളായി സംരക്ഷിക്കുകയും വിദ്യാലയങ്ങളിൽ ജൈവവൈവിധ്യ പാർക്ക് നിർമ്മിക്കുകയും വ്യാപകമായ നക്ഷത്രമരങ്ങൾ വെച്ചുപിടിപ്പിക്കുകയും ചെയ്യും. കൊട്ടില ഗവ ഹയർ സെക്കൻററി സ്‌കൂളിലെ ജൈവ വൈവിധ്യ സങ്കേതം മാതൃകാ കേന്ദ്രമാക്കും. കണ്ണൂരിനെ ജൈവ വൈവിധ്യ സൗഹൃദ ജില്ലയാക്കി മാറ്റും

പുഴസംരക്ഷണത്തിന്റെ ഭാഗമായി നടത്തുന്ന ‘അഴുക്കിൽ നിന്ന് അഴകിലേക്ക്’ പദ്ധതിയുടെ തുടർച്ചയായി ക്യാമ്പയിൻ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും. മലിനീകരണവും അനധികൃത മണൽ വാരലും പുഴക്ക് ഭീഷണിയായ സാഹചര്യത്തിൽ പുഴ സംരക്ഷണത്തിനായി മനുഷ്യവേലികൾ തീർത്ത് പ്രതിരോധം സൃഷ്ടിക്കും. 

 

ചാണകവള സംസ്‌കരണ യൂണിറ്റ് 

മൃഗസംരക്ഷണമേഖലയിലെ സംരംഭകപ്രോത്സാഹനത്തിന് റിവോൾവിംഗ് ഫണ്ട് നൽകും. ക്ഷീരസഹകരണ സംഘം വഴി ക്ഷീര കർഷകരുടെ ഗ്രൂപ്പിന് ചാണകവള സംസ്‌കരണ യൂണിറ്റ് സ്ഥാപിക്കുന്നതിന് ധനസഹായം ലഭ്യമാക്കി ജൈവവള ലഭ്യത ഉറപ്പുവരുത്തും. സ്‌കൂളുകളിൽ പൗൾട്രി ക്ലബ് രൂപീകരിച്ച് വിദ്യാർഥികൾക്ക് മുട്ടക്കോഴികളെ വിതരണം ചെയ്യുന്നതിനായി ഗ്രാമപഞ്ചായത്തുകൾക്ക് ധനസഹായം നല്കുന്നതിനായി പദ്ധതി രൂപീകരിക്കും.

 

മത്സ്യവിപ്ലവത്തിനായി കൂട് കൃഷി

മത്സ്യസമ്പത്തിൽ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിൽ ഇത് മറിക്കടക്കാനുള്ള മാർഗങ്ങളുടെ സാധ്യതകളെ പ്രയോജനപ്പെടുത്തുന്നതിനായി കൂട് മത്സ്യ കൃഷി പ്രോത്സാഹിപ്പിക്കും. തുറന്ന ജലാശയങ്ങളിലോ കടലിലോ കായലിലോ പുഴയിലോ നിയന്ത്രിതമായ ചുറ്റുപാടിൽ മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ച് പ്രത്യേകതരം തീറ്റ നൽകി വളർത്തി വിളവെടുക്കുന്ന കൂട് കൃഷിയിലൂടെ മത്സ്യവിപ്ലവം തന്നെ ജില്ലക്കകത്ത് സൃഷ്ടിക്കാവുന്നതാണ് . 

കണ്ണൂർ ജില്ലയിലെ ഉൾനാടൻ ജലാശയങ്ങളിലെ മത്സ്യകൃഷിയുടെ സാധ്യതപഠനത്തിനും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഈ മേഖലയിൽ ഏറ്റെടുക്കാൻ സാധിക്കുന്ന പദ്ധതികൾ നിർദേശിക്കാനും കൃഷി/മത്സ്യ വകുപ്പുകളെ ചുമതലപ്പെടുത്തും.

 

ഓട്ടിസമുള്ള കുട്ടികൾക്കായി അൻപ്

ചുറ്റുപാടുകളുമായി ഇടപെടുന്നതിൽ പല പരിമിതികളുള്ളവരാണ് ഓട്ടിസമുള്ള കുട്ടികൾ. മറ്റുള്ളവരെ ഗൗനിക്കാതെയുള്ള സ്വഭാവ പ്രതികരണങ്ങൾ കാണിക്കുന്ന ഇത്തരം കുട്ടികൾക്ക് തൊട്ടടുത്തു നിൽക്കുന്ന മാതാപിതാക്കളെയോ സഹോദരങ്ങളെയോ അവരുടെ വികാരങ്ങളെയോ പരിഗണിക്കുകയും മാനിക്കുകയും ചെയ്യുന്നതിനും സ്വന്തം വൈകാരിക ആവശ്യങ്ങൾ പ്രകടിപ്പിക്കുന്നതിനും പരിമിതികളുണ്ട്. സമപ്രായക്കാരുമായി സൗഹൃദങ്ങളിൽ ഏർപ്പെടാനും ഇത്തരം കുട്ടികൾ പ്രയാസം നേരിടുന്നു. ഓട്ടിസം ബാധിച്ച കുട്ടികൾക്കായി മോഡൽ ഡേ കെയർ സെൻറർ-അൻപ് ആരംഭിക്കുന്നതിന് ധനസഹായം നല്കും. 

 

ഓർമ്മകൾ ഉണ്ടായിരിക്കണം

നവോത്ഥാന മൂല്യ സംരക്ഷണത്തിനായി ‘ഓർമ്മകൾ ഉണ്ടായിരിക്കണം’ എന്ന ആഹ്വാനം ചെയ്ത് ജില്ലയിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ചരിത്ര പ്രദർശനവും സെമിനാറുകളും സംഘടിപ്പിക്കും. ജില്ലയിലെ ചരിത്രം ഉറങ്ങുന്ന വഴികൾ പുതുതലമുറക്ക് പകർന്നു നൽകുന്നതിനായി ചരിത്ര സൂചിക ഫലകങ്ങൾ സ്ഥാപിക്കും. ആദ്യഘട്ടമെന്ന നിലയിൽ കരിവെള്ളൂർ-കാവുമ്പായി റോഡരികിൽ ചരിത്രം രേഖപ്പെടുത്തി വെക്കും. സ്ത്രീസമൂഹത്തിന് വഴികാട്ടിയാവാൻ ചട്ടുകപ്പാറയിലെ ജൻഡർ റിസോഴ്‌സ് സെൻററിനെ സജ്ജമാക്കും.

 

ട്രാൻസ് ജെൻഡറുകൾക്കായി എജ്യുഗൈഡ് 

ട്രാൻസ്‌ജെൻഡറുകളെ വിദ്യാസമ്പന്നരാക്കാൻ എജ്യൂ ഗൈഡ് പദ്ധതി നടപ്പിലാക്കും. ട്രാൻസ് ജെൻഡറുകളിൽ പകുതിയോളം പേർക്ക് പോലും പ്രാഥമിക വിദ്യാഭ്യാസം പോലും പൂർത്തിയാക്കാൻ സാധിച്ചിട്ടില്ലെന്നാണ് പഠന റിപ്പോർട്ട്. അമ്പത് ശതമാനം മാത്രമേ പത്താംക്ലാസ് പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുള്ളു. പ്ലസ് ടു വരെ എത്തുന്നവരാകട്ടെ 19 ശതമാനം മാത്രം. നല്ല ജോലി തേടുന്നതിന് അടിസ്ഥാന വിദ്യാഭ്യാസ കുറവ് ഇവർക്ക് തടസ്സമാവുന്ന സാഹചര്യത്തിലാണിത്. 

 

വയോജനങ്ങൾക്കായി ‘മധുരം വാർധക്യം’

വയോജന പരിപാലനം ഒരു സാമൂഹ്യ വിഷയമായി മാറുന്ന സാഹചര്യത്തിൽ വാർധക്യം സുരക്ഷിതമാക്കാൻ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ‘മധുരം വാർധക്യം’ പദ്ധതി നടപ്പിലാക്കും. 65 കഴിഞ്ഞ വയോജനങ്ങൾക്ക് ‘അമൃതം ആരോഗ്യം’ പദ്ധതിയിലൂടെ ജീവിതശൈലി രോഗങ്ങളുടെ ചികിൽസ സൗജന്യമായി നൽകും. പകൽ വീടുകൾ കേന്ദ്രീകരിച്ച് വയോജനങ്ങൾക്കായി ഹെൽത്ത് ക്ലബുകൾ ആരംഭിക്കും.

 

സ്പീച്ച് പ്രോസസർ മെയിൻറൻസിന് ധനസഹായം

ജൻമനാ കേഴ്‌വി നഷ്ടപ്പെട്ട കുട്ടികൾക്കുള്ള കോക്ലിയാർ ഇംപ്ലാൻറ് സർജറി സർക്കാർ പൂർണമായും സൗജന്യമായി ഇന്ന് നൽകിവരുന്നുങ്കെിലും കോക്ലിയാർ ഇംപ്ലാൻറ് പ്രൊസസർ മെയിൻറനൻസ് പല കുടുംബങ്ങൾക്കും ബാധ്യതയായി മാറിയിട്ടുണ്ട്. ജില്ലയിലെ കോക്ലിയാർ ഇൻപ്ലാൻറ് സർജറി നടത്തിയ മുഴുവൻ കുട്ടികളുടെയും സ്പീച്ച് പ്രോസസർ മെയിൻറൻസിന് ആവശ്യമായ ധനസഹായം ജില്ലാ പഞ്ചായത്ത് നിർവഹിക്കും.

 

ആയുർ ദീപ്തം

കാൻസർ രോഗ നിയന്ത്രണത്തിന് പ്രത്യേക നയം തന്നെ മുന്നോട്ടുവെച്ചുകൊണ്ട് മലബാർ കാൻസർ സെൻററുമായി സംയോജിച്ച് കാൻസർ പ്രതിരോധ നിയന്ത്രണ പദ്ധതി ആയുർദീപ്തം നടപ്പിലാക്കും. എയിഡ്‌സ് ബാധിതർക്ക് പോഷകാഹാര പുനരിധിവാസത്തോടൊപ്പം രോഗപ്രതിരോധ പദ്ധതി നടപ്പിലാക്കും. വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തിയ മുഴുവൻ ആളുകൾക്കും സൗജന്യമായി മരുന്ന് ലഭ്യമാക്കുന്ന പദ്ധതി തുടരും. ജില്ലാ ആശുപത്രിയിൽ സ്ത്രീകൾക്ക് മാത്രമായുള്ള പേവാർഡ് കോംപ്ലക്‌സ് നിർമ്മിക്കും. ജില്ലാ ആശുപത്രിയിലെ ദന്തൽ യൂനിറ്റിനെ ആധുനികവൽകരിക്കുന്നതിന്റെ ഭാഗമായി ഡിജിറ്റൽ പനോരമിക് എക്‌സ്‌റേ സ്ഥാപിക്കും .  

 

സ്‌കൂളുകളിൽ സ്റ്റുഡൻറ് ഡോക്ടർ, വീൽ ചെയർ, ടീൻ സയൻറിയ

ജില്ലയിലെ 72 ഹയർ സെക്കൻഡറി സ്‌കൂളകളിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട 1440 വിദ്യാർത്ഥികൾക്ക് ഹെൽത്ത് കേഡറ്റ് നയത്തിന്റെ ഭാഗമായി സ്റ്റുഡൻറ് ഡോക്ടർ പദ്ധതി നടപ്പിലാക്കും. കുട്ടികളിൽ ആരോഗ്യചിന്തയും പോഷകാഹാരശീലവും വർധിപ്പിക്കുന്നതോടൊപ്പം സാമൂഹ്യ സംവേദനത്തിന് കൂടി അവസരം ഒരുക്കാൻ സറ്റുഡൻറ് ഡോക്ടർ പദ്ധതി സഹായിക്കും. ഗവ. ഹൈസ്‌കൂളുകളിൽ അംഗപരിമിതരായ വിദ്യാർഥിക ൾക്കായി വീൽ ചെയർ നൽകും. ശാസ്ത്ര തൽപരരായ വിദ്യാർത്ഥി സമൂഹത്തെ സൃഷ്ടിക്കാൻ സയൻസ് പാർക്കുമായി ബന്ധപ്പെടുത്തി ടീൻ സയൻറിയ പദ്ധതി ആവിഷ്‌കരിച്ച് കുട്ടി ശാസ്ത്രജ്ഞൻമാരെ കണ്ടെത്തി പ്രോത്സാഹനം നല്കും

പരിസ്ഥിതി സംരക്ഷണവും ശാസ്ത്രചിന്തയും വിഷയമാക്കി സ്‌കൂൾ/സബ്ജില്ലാ/ ജില്ലാതലത്തിൽ വിദ്യാർഥികൾക്ക് ജില്ലാതല ഷോട്ട് ഫിലിം മത്സരം സംഘടിപ്പിക്കും.  വിദ്യാർത്ഥികൾ തന്നെ ചിത്രീകരണവും സംവിധാനവും നടത്തുന്ന ചിത്രങ്ങൾക്കായി ഫിലിം ഫെസ്റ്റിവെൽ-പൂമ്പാറ്റ സംഘടിപ്പിക്കും. പട്ടികജാതി/വർഗ വിദ്യാർഥികളുടെ പഠനനിലവാരം ഉയർത്തുന്നതിനായി പാത്ത് ഫൈൻറർ പദ്ധതി നടപ്പിലാക്കും  

 

സാമൂഹ്യക്ഷേമം

കുടുംബശ്രീ സംരഭകത്വ പ്രോത്സാഹനത്തിന് റിവോൾവിംഗ് ഫണ്ട് നല്കുകയും എൻറർപ്രണേർസ് മീറ്റ് സംഘടിപ്പിക്കുകയും ചെയ്യും. പട്ടിക ജാതി കുടുംബങ്ങൾക്ക് ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തിൽ പാർപ്പിടസമുച്ചയം നിർമ്മിക്കും. 

 

ഗ്രീൻ ഫോഴ്‌സ്

അത്യാഹിതങ്ങളും പ്രകൃതി ദുരന്തങ്ങളും അടക്കമുള്ള അടിയന്തിര സാഹചര്യങ്ങളെ നേരിടാനാവശ്യമായ പരിശീലനം നൽകി വിദ്യാർത്ഥികളെയും യുവജനങ്ങളെയും ഉൾക്കൊള്ളിച്ച് ഗ്രീൻ ഫോഴ്‌സ് രൂപീകരിക്കും. 

 

റോഡ് കണക്ടിവിറ്റി മാപ്പ്, ഊർജസ്വയംപര്യാപ്തത

ജില്ലാ പഞ്ചായത്ത് റോഡുകളെ ബന്ധപ്പെടുത്തി ജിയോഗ്രാഫി ഇൻഫർമേഷൻ സിസ്റ്റത്തിലൂടെ റോഡ് കണക്ടിവിറ്റി മാപ്പ് പ്രസിദ്ധീകരിക്കും. ജില്ലാ പഞ്ചായത്ത് ഘടകസ്ഥാപനങ്ങളിൽ സോളാർ ഗ്രിഡുകൾ സ്ഥാപിച്ച് സമ്പൂർണ്ണ ഊർജസ്വയംപര്യാപ്തത കൈവരിക്കുന്നതോടൊപ്പം ഊർജ സംഭരണം നടത്തി വൈദ്യുതവകുപ്പിന് കൈമാറും. ഊർജ്ജ സ്വയം പരാപ്ത കൈവരിക്കുന്ന സംസ്ഥാനത്തെ ആദ്യ ജില്ലാ പഞ്ചായത്തായി കണ്ണൂർ മാറുകയും ചെയ്യും. 

ജില്ലാ പഞ്ചായത്തിന് 2019-20 വർഷത്തിൽ 5,94,11,500 രൂപ നികുതിയേതര വരുമാനമായി പ്രതീക്ഷിക്കുന്നു. 9,80,46,000 രൂപയാണ് പ്രാരംഭ ബാക്കി. കേന്ദ്ര-സംസ്ഥാന സർക്കാറുകളിൽ നിന്നും ലഭിക്കുന്ന 1,18,28,21,000 രൂപയുടെ ഗ്രാൻറ് ഇൻ എയ്ഡും കോൺട്രിബ്യൂഷനുകളും ചേർത്ത് ആകെ 1,28,08,67,000 രൂപ 2019-2020 വർഷത്തിൽ വരവായി പ്രതീക്ഷിക്കുന്നു. ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ ഹോണറേറിയം, വിവിധ അലവൻസുകൾ, ജീവനക്കാരുടെ ശമ്പളം, ഓഫീസ് നിർവ്വഹണ ചെലവുകൾ തുടണ്ടി വിവിധ പദ്ധതിയേതര ആവശ്യങ്ങൾ നിർവ്വഹിക്കാൻ 3,71,05,000 രൂപ വകയിരുത്തുന്നു. 2019-20 വാർഷിക പദ്ധതിയുടെ ഭാഗമായി ആകെ 4,40,00,000 രൂപ തനത് ഫണ്ടായി വകയിരുത്തുന്നു. വിവിധ ഗ്രാൻറ് ഇൻ എയ്ഡുകളായ 1,12,25,21,000 രൂപയും ചേർത്ത് 2019-20 വർഷത്തിൽ ആകെ 1,20,36,26,000 രൂപ ചെലവിനത്തിൽ കണക്കാക്കുന്നു. 

 

പാർശ്വവത്കൃതരുടെ ശബ്ദം മുഖ്യധാരയിൽ 

എത്തിക്കാൻ ശ്രമിച്ചു-കെ.വി. സുമേഷ്

പാർശ്വവത്കൃതരുടെ ശബ്ദം മുഖ്യധാരയിൽ എത്തിക്കാൻ ജില്ലാ പഞ്ചായത്ത് ശ്രമിച്ചതായി ബജറ്റ് യോഗത്തിൽ പ്രസിഡൻറ് കെ.വി. സുമേഷ് പറഞ്ഞു. കാർഷിക, ആരോഗ്യ രംഗങ്ങളിൽ മികച്ച നേട്ടം കൈവരിക്കാനായി. ജില്ലാ ആശുപത്രിയിൽ ചികിത്സക്ക് എത്തുന്നവരുടെ എണ്ണം ആറര ലക്ഷത്തോളമായി. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ജലസംരക്ഷണ പ്രവർത്തനങ്ങൾ എന്നിവ വലിയ വിജയമായി. പ്രളയത്തിന് ഇരയായ പഞ്ചായത്തുകൾക്ക് പരമാവധി സഹായം എത്തിക്കാൻ ശ്രമിച്ചു. പരമ്പരാഗത രീതിയിൽനിന്ന് മാറിനിന്ന് പദ്ധതികൾ ആവിഷ്‌ക്കരിക്കാൻ ശ്രമിച്ചു. കാലത്തിന്റെ മാറ്റത്തെ സമൂഹത്തിന്റെ ഭാഗമാക്കി മാറ്റാൻ ശ്രമിച്ചതായും പ്രസിഡൻറ് പറഞ്ഞു. 

കാർഷിക സ്വയംപര്യാപത്തക്കായുള്ള ഭൂരിഭാഗം പഞ്ചായത്തുകളും മലയോരത്താണെന്ന് വൈസ് പ്രസിഡൻറ് പി.പി ദിവ്യ മറുപടി പ്രസംഗത്തിൽ പറഞ്ഞു. പുഷ്പകൃഷിയിലൂടെ ലാഭം മാത്രമല്ല, ലക്ഷ്യമാക്കുന്നത്. അതിലൂടെ പൂമ്പാറ്റകളും തേനീച്ചകളും തിരിച്ചുവന്നു. ഇതിന്റെ പ്രദേശത്തിന്റെ കാർഷികാഭിവൃദ്ധിക്ക് കാരണമായി. വൃക്കരോഗികൾക്ക് സാമ്പത്തിക സഹായം നൽകുന്നത് ആലോചിച്ച് നടപ്പിലാക്കാവുന്നതാണെന്നും അവർ പറഞ്ഞു.

പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിൽ മുമ്പേ പറക്കുന്ന പക്ഷിയാണ് കണ്ണൂർ ജില്ലാ പഞ്ചായത്തെന്ന് വികസന സ്ഥിരം സമിതി ചെയർമാൻ വി.കെ. സുരേഷ് ബാബു പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ പല പദ്ധതികളും നഷ്ട സൗഭാഗ്യങ്ങൾ തിരിച്ചുപിടിക്കാനുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യപ്പറ്റുള്ള, വികസനോൻമുഖമായ ബജറ്റാണിതെന്ന് ജില്ലാ പഞ്ചായത്തംഗം കാരായി രാജൻ പറഞ്ഞു. കൃത്യമായ വികസന കാഴ്ചപ്പാടുള്ള, സർവതല സ്പർശിയായ ബജറ്റാണ് അവതിപ്പിച്ചതെന്ന് ജില്ലാ പഞ്ചായത്തംഗം കെ. നാണു പറഞ്ഞു. വന്യമൃഗശല്യത്തിനായി തുക വകയിരുത്തണമെന്ന് ജില്ലാ പഞ്ചായത്തംഗം തോമസ് വർഗീസ് ആവശ്യപ്പെട്ടു. വൃക്കരോഗികൾക്കായുള്ള പദ്ധതിയെ ജില്ലാ പഞ്ചായത്തംഗം ജോയ് കൊന്നക്കൽ അഭിനന്ദിച്ചു. പ്രളയാനന്തര പുനർനിർമ്മാണത്തിനായി കൂടുതൽ വകയിരുത്തണമെന്ന് ജില്ലാ പഞ്ചായത്തംഗം അൻസാരി തില്ലങ്കേരി ആവശ്യപ്പെട്ടു. ജില്ലാ പഞ്ചായത്തംഗങ്ങളായ സണ്ണി മേച്ചേരി, അഡ്വ. മാർഗരറ്റ് ജോസ്,  അജിത്ത് മാട്ടൂൽ, പി.പി ഷാജിർ, ആർ. അജിത, പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.ടി.പി നൂറുദ്ദീൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി വി. ചന്ദ്രൻ സ്വാഗതം പറഞ്ഞു.

 

നേട്ടത്തിന്റെ നെറുകയിൽ ജില്ലാ പഞ്ചായത്ത് 

വികസനത്തിന് ഊന്നൽ നൽകി പശ്ചാത്തല മേഖല കൂടുതൽ കാര്യക്ഷമമാക്കുന്നതിനും ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനുമായുള്ള പ്രവർത്തനങ്ങളാണ് ഇതുവരെ ജില്ലാപഞ്ചായത്ത് നടപ്പിലാക്കിയതെന്ന് ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി പി ദിവ്യ പറഞ്ഞു. തേൻജില്ല, അമ്മക്കൊരിടം, പൂക്കാലം വരവായി, അക്വാ ഗ്രീൻമാർട്ട്, തിരികെ തിരുമുറ്റത്തേക്ക്, തരിശുരഹിത കൈപ്പാട് കൃഷി, എബിസി തുടങ്ങി നിരവധി പദ്ധതികളാണ് ജില്ലാ പഞ്ചായത്ത് ആസൂത്രണം ചെയ്തതെന്ന് അവർ പറഞ്ഞു.

സംസ്ഥാനമൊട്ടാകെ ശ്രദ്ധിക്കപ്പെട്ട ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയാണ് തിരികെ തിരുമുറ്റത്തേക്ക്. ഈ ക്യാമ്പയിനിലൂടെ ജില്ലയിൽ സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായി. 

കാർഷിക സ്വയംപര്യാപ്ത ഗ്രാമങ്ങളാക്കി മാറ്റുന്നതിനായി ജില്ലയിലെ 37 പഞ്ചായത്തുകളിൽ ഗുണമേന്മയുള്ള നടീൽ വസ്തുക്കൾ വിതരണം ചെയ്യുന്നതിനായി ഒരു കോടി 10 ലക്ഷം രൂപ ചെലവഴിച്ചു. പദ്ധതി നടത്തിപ്പിലൂടെ കർഷകർക്ക് നാല് കോടി രൂപയുടെ അധികവരുമാനമുണ്ടായി. 37,000 വാഴക്കന്നുകളും ജൈവവളവും 14,000 കിലോഗ്രാം മഞ്ഞൾവിത്തും 22,500 കിലോഗ്രാം ഇഞ്ചി വിത്തും  പദ്ധതി പ്രകാരം വിതരണം ചെയ്തു. സമ്പൂർണ നെൽകൃഷി ജില്ല എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി കൂലി ചെലവ് എന്ന പദ്ധതിയിലൂടെ കൂലി ചെലവ് ഇനത്തിൽ ജില്ലയിലെ കർഷകർക്ക് രണ്ട് കോടി 40 ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് വിഹിതമായി അനുവദിച്ചു.

ഭൗമ സൂചിക ജൈവ അരി ഉൽപാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിൽ കൈപ്പാട് കൃഷി 600 ഹെക്ടറോളം തരിശ് നെൽവയലും 200 ഹെക്ടർ കരഭൂമിയും കൃഷിയോഗ്യമാക്കു ന്നതിനായി ഒരു കോടി 47 ലക്ഷം രൂപ വിനിയോഗിച്ചു. 11,400 കിലോഗ്രാം തേനും 3,200 കിലോഗ്രാം ചെറുതേനും ഉൽപാദിപ്പിച്ച് ജില്ലയെ തേൻജില്ലയാക്കി മാറ്റി.

ഓണത്തിന് ആവശ്യമായ പൂവുകൾ ജില്ലയിൽ തന്നെ ഉൽപാദിപ്പിച്ച് വിപണികളിലെത്തിക്കുന്നതിനായി ആരംഭിച്ച പൂക്കാലം വരവായി എന്ന പദ്ധതി വൻവിജയമായി. 44 ടൺ പൂക്കളാണ് പ്രതികൂല കാലാവസ്ഥയിലും ജില്ലയിൽ ഉൽപാദിപ്പിച്ചത്. കർഷകർക്ക് 2,64,000 രൂപയുടെ അധികവരുമാനമുണ്ടായി. കാങ്കോൽ ഫാമിൽ പോളി ഹൗസ് ഉപയോഗപ്പെടുത്താൻ തുടങ്ങിയതിന് ശേഷം ഓരോ വർഷവും ഏകദേശം ഒരു ലക്ഷത്തിലേറെ മികച്ചയിനം കുരുമുളക് തൈകൾ ഉൽപാദിപ്പിച്ച് വിതരണം ചെയ്യുന്നുണ്ട്.

 മുലയൂട്ടുന്ന അമ്മമാരുടെ സൗകര്യാർത്ഥം ജില്ലയിൽ 30 ഇടങ്ങളിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള മുലയൂട്ടൽ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ 60 ലക്ഷം രൂപ അനുവദിച്ചു. വിഷരഹിത പച്ചക്കറികളും മത്സ്യങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിന് ജില്ലാ പഞ്ചായത്ത് വികസന കേന്ദ്രത്തിൽ 10.72 ലക്ഷം രൂപ ചെലവഴിച്ച് സ്ഥാപിച്ച അക്വാ ഗ്രീൻമാർട്ട് മികച്ച രീതിയിൽ പ്രവർത്തിക്കുന്നു. 

ട്രാൻസ് ജെൻഡേഴ്‌സിനായി  രാജ്യത്ത് ആദ്യമായി ഒരു  തദ്ദേശ സ്വയംഭരണ സ്ഥാപനം പദ്ധതി തയ്യാറാക്കിയത് കണ്ണൂർ ജില്ലാ പഞ്ചായത്താണ്. ഇവരുടെ പ്രശ്‌നങ്ങൾ മുഖ്യധാരയിലെത്തിക്കാൻ പദവി പഠന വിവര ശേഖരണം, ശിൽപശാല, ട്രാൻസ്ജൻഡേഴ്‌സ് ഫെസ്റ്റ് തുടങ്ങിയ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. 

ന്യൂ മാഹിയിൽ രണ്ട് കോടി രൂപ വകയിരുത്തിയ വയോജന സൗഹൃദ പാർക്ക് ഉദ്ഘാടനത്തിനൊരുങ്ങി. തെരുവ് നായ്ക്കളുടെ പ്രജനന നിയന്ത്രണപദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തുകളുമായി സഹകരിച്ച്  പാപ്പിനിശ്ശേരി എബിസി കേന്ദ്രത്തിൽ 4,876 തെരുവ്‌നായ്ക്കളുടെ വന്ധ്യകരണവും പ്രതിരോധകുത്തിവെപ്പും നടത്തി. കോപ്പാലം പടിയൂർ എന്നിവടങ്ങളിൽ എബിസി കേന്ദ്രങ്ങൾ തുടങ്ങുന്നതിന് ഒരു കോടി അറുപത് ലക്ഷം രൂപ വിനിയോഗിച്ചു. മാലിന്യ മുക്തമാക്കി ജില്ലയിലെ കുളങ്ങളും ജലാശയങ്ങളുടെയും വീണ്ടെടുപ്പിനായി ആരംഭിച്ച അഴുക്കിൽ നിന്ന് അഴകിലേക്ക് പദ്ധതിയിലൂടെ ഒരു കോടി മുപ്പതു ലക്ഷം രൂപ വകയിരുത്തി. 

ജില്ലയിലെ 48 ഹയർ സെക്കന്ററി സ്‌കൂളുകളിൽ 74.75 ലക്ഷം രൂപ ചെലവഴിച്ച് കൗമാരക്കാരായ പെൺകുട്ടികൾക്ക് വേണ്ടി വിശ്രമമുറികളും ഒരു കോടി 40 ലക്ഷം രൂപ ചെലവഴിച്ച് 52 ഷീ ഫ്രന്റ്ലി ഇ ടോയ്‌ലറ്റും സ്ഥാപിച്ചു. ഒരു കോടി രൂപ ചെലവഴിച്ച് ജില്ലാ പഞ്ചായത്തിന്റെ സ്‌കൂളുകളിലും ഘടക സ്ഥാപനങ്ങളിലും സാനിറ്ററി നാപ്കിൻ ഇൻസിനറേറ്റർ സ്ഥാപിച്ചു. 23 സ്‌കൂളുകളിൽ മൂന്ന് കോടി 43 ലക്ഷം രൂപയുടെ ഫർണിച്ചറുകൾ, കമ്പ്യൂട്ടർ എന്നിവയും സി സി ടി വി ക്യാമറ സ്ഥാപിക്കുന്നതിന് 23 ലക്ഷം രൂപയും ചെലവഴിച്ചു. ഇതിനു പുറമെ ഇ-മുകളം, ഇ-അറ്റൻഡൻസ്, ഒന്നാം ക്ലാസ് ഒന്നാം തരം, അച്ഛി ഹിന്ദി, ഗുഡ് ഇംഗ്ലീഷ്, സത്യമെവ ജയതേ ക്യാമ്പയിൻ തുടങ്ങി വിവിധ പദ്ധതികൾ വിദ്യാഭ്യാസ മേഖലയിൽ നടപ്പിലാക്കിയിട്ടുണ്ട്. സമ്പൂർണ്ണ വൈദ്യുതീകരണ പദ്ധതി പ്രകാരം ജില്ലയിലെ മുഴുവൻ വീടുകളും വൈദ്യുതീകരിക്കാൻ സാധിച്ചപ്പോൾ പട്ടികജാതി വിഭാഗത്തിലെ 1000 ത്തോളം വീടുകൾ വൈദ്യുതീകരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: