കേന്ദ്രസര്‍ക്കാരിലും പൊതുമേഖലാ സ്ഥാപനങ്ങളിലും നിയമനം നടത്താതെ 29 ലക്ഷം ഒഴിവ്

ന്യൂഡല്‍ഹി > രാജ്യത്ത‌് സര്‍ക്കാര്‍മേഖലയില്‍ ഒഴിഞ്ഞുകിടക്കുന്നത‌് 29 ലക്ഷം തസ‌്തികകള്‍. ഇതില്‍ ബഹുഭൂരിപക്ഷവും കേന്ദ്രസര്‍ക്കാരിലും കേന്ദ്രപൊതുമേഖലാ സ്ഥാപനങ്ങളിലുമാണ‌്. അഭ്യ‌സ‌്തവിദ്യരായ യുവജനങ്ങളെ സഹായിക്കാനെന്ന പേരില്‍ മുന്നോക്കവിഭാഗങ്ങള്‍ക്ക‌് സാമ്ബത്തികസംവരണം നല്‍കാന്‍ ബില്‍ കൊണ്ടുവന്ന മോഡിസര്‍ക്കാരിന്റെ ഇരട്ടത്താപ്പ‌് വ്യക്തമാക്കുന്ന കണക്കാണിത‌്.

ഈ ഒഴിവുകള്‍ നികത്തിയാല്‍ തന്നെ മൂന്നുലക്ഷത്തോളം പേര്‍ക്ക‌് ഇപ്പോള്‍ പ്രഖ്യാപിച്ച സംവരണമാനദണ്ഡപ്രകാരം ജോലി ലഭിക്കും. എന്നാല്‍ അധികസാമ്ബത്തിക ബാധ്യത വരുമെന്ന കാരണത്താല്‍ സര്‍ക്കാര്‍ ഇതിന‌് തയ്യാറല്ല. മോഡിസര്‍ക്കാര്‍ കഴിഞ്ഞ നാലരവര്‍ഷവും സര്‍ക്കാര്‍വകുപ്പുകളില്‍പോലും അപ്രഖ്യാപിത നിയമനനിരോധന നയമാണ‌് സ്വീകരിക്കുന്നത‌്.

മൊത്തം ഒഴിവുകളില്‍ 13 ലക്ഷവും വിദ്യാഭ്യാസമേഖലയിലാണ‌്. മാനവവിഭവ ശേഷി വികസനത്തില്‍ സര്‍ക്കാര്‍ കാട്ടുന്ന അലംഭാവം എത്രത്തോളമാണെന്ന‌് ഇതില്‍നിന്ന‌് തെളിയുന്നു. വരുംതലമുറയെ വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണായകമായ പ്രാഥമിക വിദ്യാഭ്യാസമേഖലയില്‍ അധ്യാപകരുടെ ഒന്‍പതുലക്ഷം ഒഴിവുണ്ട‌്. സര്‍വശിക്ഷ അഭിയാന്‍ പദ്ധതിയില്‍ മാത്രം 4.17 ലക്ഷം തസ‌്തിക ഒഴിഞ്ഞുകിടക്കുന്നു. സെക്കന്‍ഡറി അധ്യാപകരുടെ ഒരു ലക്ഷത്തോളം ഒഴിവും കേന്ദ്രീയ വിദ്യാലയങ്ങളില്‍ 7,885 ഒഴിവുമുണ്ട‌്.
പൊലീസില്‍ 4.43 ലക്ഷം തസ‌്തികകള്‍ കാലിയാണ‌്. സിആര്‍പി‌എഫിലും അസം റൈഫിള്‍സിലുമായി 61,000ല്‍പരം ഒഴിവുണ്ട‌്. കേന്ദ്രമന്ത്രാലയങ്ങളിലും വകുപ്പുകളിലുമായി ഒഴിഞ്ഞുകിടക്കുന്നത‌് 4.12 ലക്ഷം തസ‌്തികകളാണ‌്. റെയില്‍വേയില്‍ 2.53 ലക്ഷം സ്ഥിരം ജീവനക്കാരുടെ ഒഴിവുണ്ട‌്. റെയില്‍വേയില്‍ നോണ്‍– ഗസറ്റഡ‌് തസ‌്തികകളില്‍ 17 ശതമാനം ഒഴിഞ്ഞുകിടക്കുകയാണ‌്. ട്രെയിനുകള്‍ സമയംതെറ്റി ഓടുന്നതിനും അപകടങ്ങള്‍ക്കും പ്രധാനകാരണം ജീവനക്കാരുടെ കുറവാണ‌്.

അങ്കണവാടി വര്‍ക്കര്‍മാരുടെ 1.06 ലക്ഷം തസ‌്തികകളും ഹെല്‍പ്പര്‍മാരുടെ 1.16 ലക്ഷം തസ‌്തികകളും രാജ്യവ്യാപകമായി ഒഴിഞ്ഞുകിടക്കുന്നു. സിവില്‍ സര്‍വീസ‌് മേഖലയിലും ഇതില്‍നിന്ന‌് വിമുക്തമല്ല. ഐഎഎസില്‍ 1449, ഐപിഎസില്‍ 970, ഐഎഫ‌്‌എസില്‍(ഫോറസ‌്റ്റ‌് സര്‍വീസ‌്) 30 വീതം തസ‌്തികകള്‍ ഒഴിവാണ‌്. നീതിന്യായമേഖലയിലാകട്ടെ, രാജ്യത്തെ കീഴ‌്ക്കോടതികളില്‍ 5,436 ന്യായാധിപന്മാരുടെ ഒഴിവുണ്ട‌്; അംഗീകരിക്കപ്പെട്ട തസ‌്തികകളുടെ 24 ശതമാനമാണിത‌്. സുപ്രീംകോടതിയില്‍ ഒന്‍പത‌് ജഡ‌്ജിമാരുടെയും ഹൈക്കോടതികളിലായി 417 ജഡ‌്ജിമാരുടെയും ഒഴിവുകള്‍ തുടരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസമേഖലയില്‍ രാജ്യത്തെ ഏറ്റവും പ്രമുഖസ്ഥാപനമായ ഡല്‍ഹി എയിംസില്‍ 304 അധ്യാപകരുടെ ഒഴിവുണ്ട‌്. അംഗീകരിച്ച തസ‌്തികകളുടെ 30 ശതമാനമാണിത‌്. അധ്യാപകേതര വിഭാഗത്തിലാകട്ടെ എല്ലാ എയിംസുകളിലും സ്ഥിതി അതീവദയനീയമാണ‌്; 75 ശതമാനം തസ‌്തികകളിലും സ്ഥിരം നിയമനമില്ല. ഐഐടി, ഐഐഎം, എന്‍ഐടി എന്നീ സ്ഥാപനങ്ങളില്‍ 2612, 191, 3552 വീതം ഒഴിവുകള്‍ നികത്തിയിട്ടില്ല. ഈ ത‌സ‌്തികകള്‍ നികത്തിയാല്‍ പ്രതിവര്‍ഷം 1.27 ലക്ഷം കോടി രൂപയുടെ അധികബാധ്യത ഏറ്റെടുക്കേണ്ടിവരുമെന്ന‌് ധനമന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: