ദുബായില്‍ ജനങ്ങളുടെ മനം കവര്‍ന്ന് രാഹുല്‍

ദുബായ്:രണ്ട് ദിവസത്തെ യു.എ.ഇ സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ ഗാന്ധി തിങ്ങിക്കൂടിയ ആരാധകരുടെയും ഇന്ത്യന്‍ തൊഴിലാളികളുടെയും മനം കവര്‍ന്നു.
ഇന്നലെ രാവിലെ ജബല്‍ അലിയിലെ തൊഴിലാളികളുടെ താമസ സ്ഥലത്ത് എത്തിയ രാഹുല്‍ അവര്‍ക്കൊപ്പം കുറേനേരം ചെലവിട്ടു.
രാഷ്ട്രീയം അധികം പറയാതിരിക്കാന്‍ രാഹുല്‍ ശ്രദ്ധിച്ചെങ്കിലും ഇടയ്‌ക്ക് രാഷ്ട്രീയം പറഞ്ഞത് ലേബര്‍ ക്യാമ്ബില്‍ തിങ്ങി കൂടിയ ആയിരങ്ങളില്‍ ആവേശമുണര്‍ത്തി.ഞാന്‍ മന്‍ കി ബാത്തിന് വന്നതല്ല. നിങ്ങളെ നേരിട്ട് കാണാന്‍ വന്നതാണെന്ന രാഹുലിന്റെ വാക്കുകള്‍ ക്യാമ്ബില്‍ ചിരി പടര്‍ത്തി.
യു.എ.ഇ യുടെ വളര്‍ച്ചയിലും വികസനത്തിലും ഇന്ത്യക്കാരായ സാധാരണ തൊഴിലാളികളുടെ പങ്ക് വിലപ്പെട്ടതാണെന്നും ഇവിടുത്തെ ഭരണാധികാരികള്‍ നിങ്ങളോട് കാണിക്കുന്ന സ്നേഹത്തിന് നന്ദി അറിയിക്കുന്നതായും രാഹുല്‍ പറഞ്ഞു.

ഗാന്ധിജിയുടെ 150-ാം ജയന്തിയോടനുബന്ധിച്ചു ദുബായ് രാജ്യാന്തര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്നലെ വൈകിട്ട് നടന്ന സാംസ്കാരികോത്സവത്തില്‍ രാഹുല്‍ മുഖ്യാതിഥിയായിരുന്നു. പതിനായിരക്കണക്കിനാളുകള്‍ രാഹുല്‍ഗാന്ധിയുടെ ചിത്രങ്ങളേന്തിയ പ്ളക്കാര്‍ഡുകളുമായി പങ്കെടുത്തു. പ്രവാസി ഇന്ത്യന്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പരിപാടിയില്‍ ചെയര്‍മാന്‍ സാം പിട്രോഡ അദ്ധ്യക്ഷത വഹിച്ചു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി, മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി എന്നിവരും പങ്കെടുത്തു.
ഇന്ന് രാഹുല്‍ അബുദാബി ഗ്രാന്‍ഡ് മോസ്‌ക് സന്ദര്‍ശിക്കും. ദുബായിലെയും അബുദാബിയിലെയും ഇന്ത്യന്‍ ബിസിനസ് കൂട്ടായ്മകളുമായി ചര്‍ച്ച നടത്തും. കോണ്‍ഗ്രസ് അദ്ധ്യക്ഷനായ ശേഷം ആദ്യമായാണു രാഹുല്‍ ഗാന്ധി യു.എ.ഇയില്‍ എത്തുന്നത്. സന്ദര്‍ശനം വിജയകരമാക്കാന്‍ കോണ്‍ഗ്രസിനൊപ്പം മുസ്‌ലിം ലീഗും സജീവമാണ്.
രാഹുലിനെ കാണാന്‍ സ്ത്രീകളും കുട്ടികളും അടക്കം വന്‍ ജനാവലി എത്തിയിരുന്നു. രാഹുലിന് പൂച്ചെണ്ട് നല്‍കാനും ഒപ്പം നിന്ന് സെല്‍ഫി എടുക്കാനും വന്‍ തിരക്കായിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: