മാരക ലഹരി മരുന്നുമായി 19 കാരി കണ്ണൂര്‍ സ്വദേശിനി അടക്കം മൂന്ന് പേർ ആലപ്പുഴയിൽ പോലീസ് പിടിയിൽ

മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി 19കാരി കണ്ണൂര്‍ സ്വദേശിനി അടക്കം മൂന്ന് പേരെ ആലപ്പുഴ ബൈപ്പാസില്‍നിന്നു പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ കൊളവല്ലൂര്‍ കുണ്ടന്‍ ചാലില്‍ കുന്നേത്ത് പറമ്ബില്‍ ഹൃത്യാ (19), ഇടുക്കി കഞ്ഞിക്കുഴി ചുങ്കനാനില്‍ വീട്ടില്‍ ആല്ബിന് (21), കോതമംഗലം കാട്ടാപ്പുഴ ഇഞ്ചത്തൊട്ടി വട്ടത്തുണ്ടില്‍ നിഖില്‍(20) എന്നിവരാണു പിടിയിലായത്.
ഇന്നലെ പുലര്‍ച്ചെ ആലപ്പുഴ ഭാഗത്തേയ്ക്ക് മയക്കുമരുന്നുമായി കാറില്‍ പെണ്‍ക്കുട്ടിയും കുറച്ച് ചെറുപ്പക്കാരും വരുന്നുണ്ടെന്ന് അറിഞ്ഞ് ആലപ്പുഴ സൗത്ത് സി.ഐ യും പാര്‍ട്ടിയും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, അമ്ബലപ്പുഴ ഡിവൈ.എസ്.പി സ്ക്വാഡും ചേര്‍ന്ന് വാഹന പരിശോധന നടത്തിയാണ് ഇവരെ പിടികൂടിയത്.
ഇവര്‍ സഞ്ചരിച്ച കാര്‍ കൈ കാണിച്ചിട്ടും പോലീസിന് നേരെ പാഞ്ഞു. ഒടുവില്‍ ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചാണു വാഹനം നിന്നത്. ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ ബലപ്രയോഗത്തിലുടെ കീഴ്പ്പെടുത്തി വാഹനത്തില്‍ ഒളിപ്പിച്ച് വെച്ചിരുന്ന മയക്ക് മരുന്ന് പോലിസ് കണ്ടെടുത്തു. മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി ആലപ്പുഴ നഗരത്തിലും പരിസര പ്രദേശങ്ങളിലും സ്കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും വില്‍പ്പനക്കായി എത്തിച്ച 11 ഗ്രാം എം.ഡി.എം.എ ആണ് ഇവരില്‍നിന്നും പോലീസ് പിടികൂടിയത്.
ഇവര്‍ സഞ്ചരിച്ച നിസാന്‍ മൈക്ര കാറും കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ സ്വദേശിനി എറണാകുളത്ത് താമസിച്ച് വന്‍ തോതില്‍ എം.ഡി.എം.എ യാണ് ആലപ്പുഴ ജില്ലയില്‍ രാത്രികാലങ്ങളില്‍ കൊണ്ടുവന്ന് വില്‍പ്പന നടത്തിയിരുന്നത്. ഒരു ഗ്രാമിന് 5000 രൂപ വരെയാണ് ഇവര്‍ ഈടാക്കുന്നത്.