ഒറ്റത്തവണ ഉപയോഗത്തിലുള്ള 240 കിലോ പ്ലാസ്റ്റിക് വസ്തുക്കൾ പിടിച്ചെടുത്തു 62400 രൂപ പിഴ ഈടാക്കി

കണ്ണൂർ: ഒറ്റത്തവണ ഉപയോഗത്തിലുള്ള പ്ലാസ്റ്റിക് വസ്തുക്കൾ കണ്ടെത്താനായി ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകളിലായി നടത്തിയ പരിശോധനയിൽ 240.905 കിലോ ഗ്രാം സാധനങ്ങൾ പിടിച്ചെടുത്തു. 62400 രൂപ പിഴ ഈടാക്കി.
75 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. നോട്ടീസ് നൽകിയ ആകെ തുക 5.07 ലക്ഷം രൂപ. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടറുടെ നിർദേശ പ്രകാരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരുടെ നേതൃത്വത്തിലുള്ള 73 ടീമുകളാണ് ഈ മാസം പരിശോധന നടത്തിയത്. 1945 സ്ഥാപനങ്ങളിൽ പരിശേധന നടത്തി.
മുമ്പ് ചട്ടലംഘനം നടത്തിയതിന് പിഴ ഈടാക്കിയ സ്ഥാപനങ്ങൾക്ക് തന്നെ വീണ്ടും പിഴ ഈടാക്കേണ്ട സാഹചര്യം നിലവിലുണ്ടെന്നും വ്യാപാരികളും പൊതുജനങ്ങളും ഒറ്റത്തവണ ഉപയോഗത്തിലുള്ള പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനവുമായി സഹകരിക്കണമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിൻറ് ഡയറക്ടർ ടി ജെ അരുൺ പറഞ്ഞു.

ഏറ്റവും കൂടുതൽ പ്ലാസ്റ്റിക്ക് പിടിച്ചെടുത്തത് ചെമ്പിലോട് പഞ്ചായത്തിൽ നിന്നാണ്. ഇവിടെ 33 സ്ഥാപനങ്ങളിൽ നിന്നായി 48 കിലോ പിടിച്ചെടുത്ത് 4000 രൂപ പിഴ ഈടാക്കി.
വേങ്ങാട് ഗ്രാമപഞ്ചായത്ത് 58 സ്ഥാപനങ്ങളിൽ നിന്നായി 13.7 കിലോ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു. 10,000 രൂപ പിഴ ഈടാക്കാൻ നോട്ടീസ് നൽകി.

ഏറ്റവും കൂടുതൽ പിഴയിടാക്കിയത് ചപ്പാരപ്പടവ് പഞ്ചായത്തിലാണ് 56 സ്ഥാപനങ്ങളിൽ നിന്ന് 13,000 രൂപ പിഴയും ഒരു സ്ഥാപനത്തിന് 25000 രൂപ പിഴ അടക്കാനുള്ള നോട്ടീസും നൽകി.
മാട്ടൂലിൽ ആറ് സ്ഥാപനങ്ങളിൽ ചട്ടലംഘനം നടന്നതായി കണ്ടെത്തി 60,000 രൂപ അടക്കാനുള്ള നോട്ടീസ് നൽകി.
ആലക്കോട്, ചെങ്ങളായി, ചിറ്റാരിപ്പറമ്പ്, ചൊക്ലി, ധർമ്മടം, എരമം-കുറ്റൂർ, എരഞ്ഞോളി, എരുവേശ്ശി, കണിച്ചാർ, കണ്ണപുരം, കരിവെള്ളൂർ-പെരളം, കീഴല്ലൂർ, കൊളച്ചേരി, കോളയാട്, കോട്ടയം, കൊട്ടിയൂർ, കുഞ്ഞിമംഗലം, കുറ്റിയാട്ടൂർ, മാടായി, മലപ്പട്ടം, മൊകേരി, മുഴക്കുന്ന്, മുഴപ്പിലങ്ങാട്, പടിയൂർ, പന്ന്യന്നൂർ, പാപ്പിനിശ്ശേരി, പരിയാരം, പാട്യം, പട്ടുവം, തില്ലങ്കേരി, ഉദയഗിരി പഞ്ചായത്തുകളിൽ ചട്ടലംഘനം കണ്ടെത്തിയില്ല.
തദ്ദേശ സ്ഥാപന സെക്രട്ടറി, അസി. സെക്രട്ടറി, ഹെൽത്ത് ഇൻസ്പെക്ടർ തുടങ്ങിയവരുടെ പ്രത്യേക സംഘമാണ് എല്ലാ മാസവും പരിശോധന പരിശോധന നടത്തുക.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: