മാക്കൂട്ടം ചുരം പാതയിലെ നിയന്ത്രണങ്ങൾ നീക്കാൻ നടപടി ഉടൻ

ഇരിട്ടി : രണ്ടാം കൊവിഡ് തരംഗത്തോടെ ഏർപ്പെടുത്തിയ മാക്കൂട്ടം ചുരം
പാതയിലേതടക്കമുള്ള കർണാടകത്തിന്റെ അതിർത്തികളിലെ നിയന്ത്രണങ്ങൾ എത്രയും പെട്ടെന്ന് നീക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കുടക് എം.എൽ.എ കെ.ജി. ബാപ്പയ്യയും കുടക് അസി. കമ്മീഷണർ ഡോ. ബി.സി. സതീഷും അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് നിവേദനം നൽകാനെത്തിയ ബി ജെ പി കണ്ണൂർ ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ്, ഉത്തരമേഖലാ ഉപാദ്ധ്യക്ഷൻ വി.വി. ചന്ദ്രൻ, പേരാവൂർ മണ്ഡലം പ്രസിഡന്റ് എം. ആർ. സുരേഷ് എന്നിവരോട് പ്രതികരിക്കുകയായിരുന്നു ഇവർ.

കർണ്ണാടകത്തിൽ കൊവിഡ് ടി പി ആർ നിരക്ക് ഒരു ശതമാനത്തിൽ താഴെയാണ്. എന്നാൽ കേരളത്തിൽ ഇപ്പോഴും 10 ശതമാനത്തിലേറെ ഉയർന്നു നിൽക്കുകയും ചെയ്യുന്നു. ഇതാണ് ഇപ്പോഴും കേരളത്തിൽ നിന്നുമുള്ളവർക്ക് കർണ്ണാടകത്തിലേക്ക് കടന്നുവരുന്നതിൽ നിയന്ത്രണമേർപ്പെടുത്തിയതിന് കാരണമെന്നും ജനങ്ങളുടെ ബുദ്ധിമുട്ട് മനസ്സിലാക്കുന്നുണ്ടെന്നും ഉടൻ പരിഹാരിക്കുമെന്നും എം എൽ എ ബോപ്പയ്യ പറഞ്ഞു.

ബസ്സുകൾ പോലുള്ള യാത്രാവാഹനങ്ങൾക്ക് തത്കാലം നിയന്ത്രണം തുടർന്നാലും മറ്റുള്ള യാത്രാവാഹനങ്ങൾക്കുള്ള നിയന്ത്രണം നീക്കാൻ നടപടിയുണ്ടാകും. ഇതിലെ യാത്രികർക്ക് 72 മണിക്കൂർ മുന്പെടുത്ത ആർ ടി പി സി ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന നീക്കും. രണ്ട് ഡോസ് വാക്സിനെടുത്ത സർട്ടിഫിക്കറ്റ് മതി എന്ന നിബന്ധന വെക്കും. അല്ലാത്തവർക്ക് ചെക്ക് പോസ്റ്റിൽ തന്നെ ആന്റിജൻ ടെസ്റ്റ് നടത്തി കടത്തിവിടാനുള്ള സൗകര്യവും ഒരുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എം എൽ എ പറഞ്ഞു.

നിയന്ത്രണങ്ങൾ പെട്ടെന്ന് നീക്കാനാവശ്യമായ നടപടികൾ ഉണ്ടാകുമെന്നു കുടക് ഡി സി യും അറിയിച്ചു. കേരളത്തിൽ ഉയർന്നു നിൽക്കുന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കാണ് ഇപ്പോൾ തടസ്സമാകുന്നത്. ഇതിനായി കേരളാ മുഖ്യമന്ത്രിയും ആരോഗ്യ വകുപ്പ് മന്ത്രിയും എത്രയും പെട്ടെന്ന് കർണ്ണാടക മുഖ്യമന്ത്രിയുമായും ആരോഗ്യ വകുപ്പ് മന്ത്രിയുമായും പരസ്പരം ബന്ധപ്പെടണമെന്നും ഡി സി ഡോ . ബി.സി. സതീഷ് ആവശ്യപ്പെട്ടു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: