വയോധികയുടെ പെൻഷൻതുക അനുവാദമില്ലാതെ കാർഷിക വായ്പയിൽ വകയിരുത്തി, ബാങ്ക് മാനേജരുടെ പേരിൽ കേസ്

കേളകം: വയോധികയുടെ പെൻഷൻതുക അനുവാദമില്ലാതെ കുടിശ്ശികയായ കാർഷികലോണിൽ വകയിരുത്തിയ സംഭവത്തിൽ ബാങ്ക് മാനേജരുടെ പേരിൽ പോലീസ് കേസെടുത്തു. ഗ്രാമീൺ ബാങ്ക് കേളകം ശാഖാ മാനേജർ സുധലതയുടെ പേരിലാണ് കോടതിയുടെ നിർദേശപ്രകാരം കേളകം പോലീസ് കേസെടുത്തത്. ഓഗസ്റ്റ് 11-ന് കേളകം സ്വദേശിനി മുളക്കക്കുടി രത്നമ്മയ്ക്ക് വാർധക്യപെൻഷൻ ലഭിച്ച വകയിൽ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്ന തുകയിൽനിന്ന് കാർഷികലോണിന്റെ കുടിശ്ശികയായി അടയ്ക്കാനുള്ള 17000 രൂപ അവരുടെ സമ്മതമോ അറിവോ ഇല്ലാതെ മാനേജർ ബാങ്ക് ലോണിൽ വരവുവെച്ചെന്നാണ് പരാതി. സംഭവത്തിൽ രത്നമ്മ കേളകം പോലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, തുടർനടപടികളുണ്ടാകാത്തതിനാൽ കൂത്തുപറമ്പ് ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പരാതി നൽകുകയായിരുന്നു. പരാതി പരിഗണിച്ച കോടതി കേളകം പോലീസിനോട് കേസെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. ലോൺ രേഖകളും നിയമങ്ങളും പരിശോധിച്ച് തുടർനടപടി സ്വീകരിക്കുമെന്ന് കേളകം പോലീസ് പറഞ്ഞു

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: