ശാന്തവും സുഗമവുമായ തെരഞ്ഞെടുപ്പ് സാധ്യമാക്കണം:  കണ്ണൂർ ജില്ലാ കലക്ടര്‍

രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു

തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. ജില്ലയില്‍ സമാധാനപരവും സുഗമവുമായ തെരഞ്ഞെടുപ്പ് നടത്തിപ്പ് സാധ്യമാക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് ഓണ്‍ലൈനായി നടന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ അഭ്യര്‍ഥിച്ചു. ഇക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ പിന്തുണ വാഗ്ദാനം ചെയ്തു.
എല്ലാ ഘട്ടങ്ങളിലും തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണ്. ഹരിത പെരുമാറ്റച്ചട്ടങ്ങള്‍ക്കൊപ്പം കൊവിഡ് പ്രോട്ടോകോളും പാലിച്ചാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് നടക്കുന്നതെന്ന സവിശേഷത കൂടിയുണ്ടെന്ന് ജില്ലാ കലക്ടര്‍ പറഞ്ഞു. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പണം മുതല്‍ ഫലപ്രഖ്യാപനവും വിജയാഹ്ലാദവും വരെയുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രവര്‍ത്തനങ്ങളും കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ടായിരിക്കണം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ സുഗമമായ നടത്തിപ്പിന് 16 നോഡല്‍ ഓഫീസര്‍മാരെ ഇതിനകം നിയമിച്ചിട്ടുണ്ടെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. 
ജില്ലാ പഞ്ചായത്തിലേക്കുള്ള നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കുന്നതിന് വരണാധികാരിയായ ജില്ലാ കലക്ടറുടെയും ഉപവരണാധികാരിയായ എഡിഎമ്മിന്റെയും നേതൃത്വത്തില്‍ കലക്ടറേറ്റില്‍ രണ്ടിടങ്ങളിലായി സൗകര്യമൊരുക്കും. കൊവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ പാലിക്കേണ്ടതുള്ളതിനാലും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് പത്രിക സമര്‍പ്പിക്കാനെത്തുന്നവരുടെ സൗകര്യം പരിഗണിച്ചും സ്ഥാനാര്‍ഥികള്‍ക്ക് സമയക്രമം നിര്‍ണയിച്ച് നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും ജില്ലാ കലക്ടര്‍ വ്യക്തമാക്കി. 
ജില്ലയില്‍ തെരഞ്ഞെടുപ്പ് സുതാര്യവും സമാധാനപരവുമാക്കുന്നതിന്റെ ഭാഗമായി പ്രശ്‌നബാധിത ബൂത്തുകളില്‍ സാധ്യമായ ഇടങ്ങളില്‍ വെബ് കാസ്റ്റിംഗും അല്ലാത്ത സ്ഥലങ്ങളില്‍ വീഡിയോ കവറേജും ഏര്‍പ്പെടുത്തും. ഇതിനു പുറമെ, ഏതെങ്കിലും ബൂത്തില്‍ വീഡിയോ കവറേജ് വേണമെന്ന് ആവശ്യപ്പെടുന്ന സ്ഥാനാര്‍ഥികള്‍ക്ക് സ്വന്തം ചെലവില്‍ അത് ഏര്‍പ്പാടാക്കുന്നതിനുള്ള സൗകര്യം ഇത്തവണ ഒരുക്കും. 
പത്രിക സമര്‍പ്പണ വേളയില്‍ സ്ഥാനാര്‍ഥികള്‍ കെട്ടിവയ്ക്കുന്ന തുക പരമാവധി ട്രഷറി വഴി നല്‍കാന്‍ ശ്രമിക്കണമെന്നും പണം നേരിട്ട് നല്‍കുന്നത് ഒഴിവാക്കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കു പുറമെ, കൊവിഡ് പോസിറ്റീവായവര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും പോസ്റ്റല്‍ വോട്ടിന് സൗകര്യം ഒരുക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
യോഗത്തില്‍ എഡിഎം പി മേഴ്‌സി, ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ എം കെ അബ്ദുള്‍ നാസര്‍, നോഡല്‍ ഓഫീസര്‍മാര്‍, അഡീഷണല്‍ എസ്പി പ്രജീഷ് തോട്ടത്തില്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എം വി ജയരാജന്‍ (സിപിഐഎം), കെ സി മുഹമ്മദ് ഫൈസല്‍ (ഐഎന്‍സി), അബ്ദുല്‍ കരീം ചേലേരി (ഐയുഎംഎല്‍), പി സന്തോഷ് കുമാര്‍ (സിപിഐ), പി ആര്‍ രാജന്‍ (ബിജെപി),  പി താജുദ്ദീന്‍ (ഐഎന്‍എല്‍), വി മോഹനന്‍ (ആര്‍എസ്പി), ദിവാകരന്‍ (ജെഡിഎസ്), സജി കുറ്റിയാനിമറ്റം (കേരള കോണ്‍ഗ്രസ്എം), കെ പി മുനീര്‍ (വെല്‍ഫയര്‍ പാര്‍ട്ടി), സി ബഷീര്‍ (എസ്ഡിപിഐ) തുടങ്ങിയവര്‍ സംബന്ധിച്ചു. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: