ഹണി ട്രാപ്പ് ഒരാൾ കൂടി അറസ്റ്റിൽ

ചന്തേര: നീലേശ്വരത്തെ യുവാവിനെ ഹണി ട്രാപ്പിൽ കുടുക്കി കാറില്‍ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച് കാറും പണവും മൊബൈല്‍ഫോണും കവര്‍ച്ചചെയ്ത സംഘത്തിലെ ഒരാൾ കൂടി പിടിയിൽ.കാഞ്ഞങ്ങാട് ബേളൂർ അഞ്ചാം വയൽ സ്വദേശി ദാമോദരനെ (48)യാണ് ചന്തേര പോലീസ് ഇൻസ്പെക്ടർ പി.നാരായണനും സംഘവും പിടികൂടിയത്.ഇന്ന് പുലർച്ചെ അഞ്ചാം വയലിലെ വീട് വളഞ്ഞാണ് പ്രതിയെ പോലീസ് പിടികൂടിയത്.സംഭവ ശേഷം ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു.
ഇക്കഴിഞ്ഞ ജൂലായ് മാസത്തിലാണ്
നീലേശ്വരം തെരുവിലെ കളത്തില്‍ അമ്പാടിയുടെ മകന് കളത്തില്‍ ശൈലേഷിനെ (42) സംഘം തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചത്. സംഭവത്തില്‍ ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട അമ്പലത്തറ നെല്ലിത്തറയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍ മുകേഷിനെ പോലീസ് അറസ്റ്റുചെയ്തിരുന്നു. രക്ഷപ്പെട്ട മൂന്ന് പ്രതികളിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് ദാമോദരൻ പിടിയിലായത്. നേരത്തെ ക്വട്ടേഷന്‍, കൊലപാതകം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ദാമോദരന്‍, തൈക്കടപ്പുറം അഴിത്തലയിലെ ഹരീഷ്, തൈക്കടപ്പുറത്തെ ശ്രീജിത്ത് എന്നിവരെയാണ് കേസിൽ ഇനി പിടികൂടാനുള്ളത്.
കഴിഞ്ഞ നവംബറില്‍ കാഞ്ഞങ്ങാട് ദുര്‍ഗ സ്കൂള്‍ റോഡില്‍ ഗണേഷ് മന്ദിരത്തിന് സമീപത്തെ എച്ച്.ആര് ദേവദാസിനേയും ഭാര്യ ലളിതയെയും വീടുകയറി അക്രമിച്ച് കൊള്ളയടിച്ച ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട മുകേഷും ദാമോദരനും ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇക്കഴിഞ്ഞ ജൂലായിയില്‍ യുവതിയെ ഉപയോഗിച്ച് ശൈലേഷിനെ കാറിൽ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച് പണവും മൊബൈല്‍ഫോണും ഉള്‍പ്പെടെ കൈക്കലാക്കിയശേഷം സ്വത്തുക്കള്‍ എഴുതിനല്‍കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്താന്‍ തുടങ്ങിയത്. ഭീഷണി സഹിക്കാന്‍ കഴിയാതെയാണ് ശൈലേഷ് കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് പരാതി നല്‍കുകയും തുടർന്ന് ചന്തേര പോലീസ് കേസെടുക്കുകയും ചെയ്ത് പ്രതികളെ പിടികൂടിയത്.