കൂടത്തായി കേസില്‍ ഇന്ന് തെളിവെടുപ്പ്,​ ജോളിയെ ആദ്യം കൊണ്ടുപോകുക പൊന്നാമറ്റം വീട്ടിലേക്ക്

കൂടത്തായി കൊലപാതക പരമ്ബരയില്‍ പൊലീസ് കസ്റ്റഡിയില്‍ വിട്ട പ്രതികളെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോകും. താമരശേരി മജിസ്ട്രേട്ട് കോടതി ആറു ദിവസത്തെ കസ്റ്റഡിയില്‍ വിട്ട ജോളി, മറ്റു പ്രതികളായ ജൂവലറി ജീവനക്കാരന്‍ മാത്യു, സ്വര്‍ണപ്പണിക്കാരന്‍ പ്രജുകുമാര്‍ എന്നിവരെയാണ് തെളിവെടുപ്പിന് കൊണ്ടുപോകുക.

മുഖ്യപ്രതി ജോളിയെ ആദ്യം പൊന്നാമറ്റം വീട്ടിലാണ് തെളിവെടുപ്പിനായി കൊണ്ടുപോകുക. കൊലയ്ക്ക് ഉപയോഗിച്ച സയനൈഡിന്റെ ബാക്കിഭാഗം കണ്ടെത്തുകയെന്നതാണ് പ്രധാനമായും അന്വേഷണ സംഘം ലക്ഷ്യമിടുന്നത്. കോഴിക്കോട് എന്‍.ഐ.ടി ക്യാമ്ബസിലും തെളിവെടുപ്പിനായി ജോളിയെ കൊണ്ടുപോകുമെന്നാണ് സൂചന.

കൂടാതെ മറ്റ് പ്രതികളെ വിവിധ കേന്ദ്രങ്ങളില്‍ തെളിവെടുപ്പിന് കൊണ്ടുപോകും. ജനക്കൂട്ടത്തിന്റെ പ്രതിഷേധം കണക്കിലെടുത്ത് വന്‍ സുരക്ഷയാണ് പ്രദേശത്ത് ഒരുക്കിയിരിക്കുന്നത്. ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ മരണത്തില്‍ മാത്രമായിരുന്നു ഇതുവരെ കേസ്. എന്നാല്‍ ജോളിയുടെ ഇപ്പോഴത്തെ ഭര്‍ത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ മരണത്തിലും താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

ജോളിക്കു വേണ്ടി വക്കാലത്ത് ഏറ്റെടുത്തത് കൊടുംകുറ്റവാളികളുടെ കേസ് ഏറ്റെടുക്കുന്നതിലൂടെ വിവാദ പുരുഷനായ അഡ്വ. ബി.എ ആളൂര്‍ ആണ്. കേസ് കെട്ടിച്ചമച്ചതാണെന്നും കുറ്റകൃത്യങ്ങള്‍ നടത്തിയ വേളയിലെ ജോളിയുടെ മാനസിക നില പരിശോധിക്കണമെന്നും പ്രതിഭാഗം വാദിച്ചു. അത്യപൂര്‍വവും അതിസങ്കീര്‍ണവുമായ കേസ് ആയതിനാല്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും, 15 ദിവസത്തെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും കോടതി ആറു ദിവസത്തെ കസ്റ്റഡിയേ അനുവദിച്ചുള്ളൂ.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: