സോളാർ കേസ്; ഉമ്മൻ ചാണ്ടിക്കെതിരെ വിജിലൻസ് അന്വേഷണം

തിരുവനന്തപുരം: സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലെ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ ക്രിമിനല്‍ കേസെടുക്കും. ഊര്‍ജ്ജ മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദ്, തമ്പാനൂര്‍ രവി, ബെന്നി ബഹനാന്‍ എന്നിവര്‍ക്കെതിരെ അന്വേഷണം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഉമ്മന്‍ചാണ്ടി നേരിട്ടും മറ്റുള്ളവര്‍ മുഖേനയും കൈക്കൂലി വാങ്ങി. ജനങ്ങളെ കബളിപ്പിക്കുന്നതിന് യുഡിഎഫ് സര്‍ക്കാര്‍ കൂട്ടുനിന്നു. സോളാര്‍ കേസില്‍ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും പ്രധാന ഉത്തരവാദികളാണ്. ഉമ്മന്‍ ചാണ്ടിയും അദ്ദേഹം മുഖേന ടെന്നി ജോപ്പന്‍, ജിക്കു, സലിംരാജ്, കുരുവിള എന്നിവര്‍ സോളാര്‍ കമ്പനിയെയും സരിതയെയും വഴിവിട്ട് സഹായിച്ചു. പ്രതികള്‍ വലിയ തുകകള്‍ കൈക്കൂലിയായി സരിതയില്‍നിന്നും വാങ്ങിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രത്യേക അന്വേഷണ സംഘം ഉമ്മന്‍ചാണ്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പ്രധാനപ്പെട്ട രേഖകള്‍ പരിശോധിച്ചിട്ടില്ല. അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കും.

അന്വേഷണത്തിന്റെ ടേംസ് ഓഫ് റഫറന്‍സ് യുഡിഎഫ് സര്‍ക്കാര്‍ ഏകപക്ഷീയമായി പ്രഖ്യാപിക്കുകയായിരുന്നു. മുന്‍ സര്‍ക്കാര്‍ അന്വേഷണ പരിധിയില്‍ കൊണ്ടുവരാതെ മുഖ്യമന്ത്രിയെ രക്ഷിക്കാനായിരുന്നു അന്നത്തെ സര്‍ക്കാര്‍ ശ്രമിച്ചതെന്നും പിണറായി വിജയന്‍ പറഞ്ഞു.

ഉമ്മന്‍ചാണ്ടി നേരിട്ടും മറ്റുള്ളവര്‍ മുഖേനയും കൈക്കൂലി വാങ്ങിയതായി വ്യക്തമായിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയെയും മറ്റുള്ളവരെയും ക്രിമനല്‍ നടപടികള്‍ ഒഴിവാക്കാന്‍ രക്ഷിക്കാന്‍ ആഭ്യന്തര മന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പോലിസ് ഉദ്യോഗസ്ഥരെ കുറ്റകരമായി സ്വാധീനിച്ചതായി കണ്ടെത്തിയിട്ടുണ്ട്. നിയമവിരുദ്ധമായി ടീം സോളാറിനെ സഹായിച്ചത് ഊര്‍ജ്ജ മന്ത്രിയായിരുന്ന ആര്യാടന്‍ മുഹമ്മദും അഴിമതിക്ക് കൂട്ടുനിന്നതായി വ്യക്തമായിട്ടുണ്ട്. ഉമ്മന്‍ചാണ്ടിക്കും തിരുവഞ്ചൂരിനുമെതിരെ പ്രത്യേക അന്വേഷണ സംഘമായിരിക്കും അന്വേഷിക്കുക.

ഉമ്മന്‍ചാണ്ടിയെ രക്ഷപ്പെടുത്താനും തെളിവ് നശിപ്പിക്കാനും ശ്രമിച്ചതിന് തമ്പാനൂര്‍ രവി. ബന്നി ബഹന്നാന്‍ എന്നിവര്‍ക്കെതിരെയും കേസെടുത്ത് അന്വേഷിക്കും. സരിത എസ് നായരെ ഉപയോഗിച്ച് ലൈംഗികമായി ഉപയോഗിച്ചതും കൈക്കൂലി നിരോധന നിയമത്തിന്റെ പരിധിയില്‍പെടുത്തി അന്വേഷണം നടത്താന്‍ കമ്മീഷന്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ട്.

സരിതാനായരെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതിയുണ്ടായിരുന്നെങ്കിലും ഇക്കാര്യത്തില്‍ അന്നത്തെ അന്വേഷണ സംഘം അന്വേഷണം നടത്തിയിട്ടില്ലെന്ന് കമ്മീഷന്‍ കണ്ടെത്തി. അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയ പദ്മകുമാര്‍ ഐപിഎസ്, ഡിവൈഎസ്പി ഹരികൃഷ്ണന്‍ എന്നിവര്‍ക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കാനും കമ്മീഷന്‍ ശുപാര്‍ശ നല്‍കിയിട്ടുണ്ട്.  പോലീസ് അസോ സെക്രട്ടറി ജി. ആര്‍ അജിത്തിനെതിരെ 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണത്തില്‍ വകുപ്പുതല നടപടിയെടുക്കാനും ക്രിമനല്‍ കേസെടുത്ത് വിജിലന്‍സ് അന്വേഷണം നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: