ധര്‍മ്മടം ഇനി തരിശ് രഹിത മണ്ഡലം: പ്രഖ്യാപനം 14 ന് മുഖ്യമന്ത്രി നിര്‍വഹിക്കും

3 / 100 SEO Score


ധര്‍മ്മടം മണ്ഡലത്തിന്റെ തരിശ് രഹിത പ്രഖ്യാപനവും ശുചിത്വ പ്രഖ്യാപനവും സെപ്തംബര്‍ 14 തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ഉച്ചയ്ക്ക് 12 മണിക്ക് വേങ്ങാട് പഞ്ചായത്ത് ഹാളില്‍ ഓണ്‍ലൈനായി നടക്കുന്ന ചടങ്ങില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാര്‍ അധ്യക്ഷനാകും. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ മുഖ്യാതിഥിയാകും.
ധര്‍മ്മടം മണ്ഡലത്തെ തരിശ് രഹിതമാക്കി പ്രഖ്യാപിക്കുന്നതിനു മുന്നോടിയായി ഓരോ പഞ്ചായത്തിലും നിരവധി പദ്ധതികളാണ് ആവിഷ്‌ക്കരിച്ച് നടപ്പാക്കിയത്. എല്ലാ പഞ്ചായത്തുകളിലും തരിശ് ഭൂമി കണ്ടെത്തുകയും അവ കൃഷിയോഗ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കലുമായിരുന്നു ആദ്യപടി.  കൃഷി വകുപ്പിന്റെ ആര്‍ കെ വി വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയും സുഭിക്ഷ കേരളം-തദ്ദേശ സ്വയംഭരണ പദ്ധതികളുടെ ഭാഗമായും ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തില്‍ നടത്തിവരുന്നത്.
ചെമ്പിലോട് പഞ്ചായത്തില്‍ നിന്നും വാര്‍ഡ് അടിസ്ഥാനത്തില്‍ കണ്ടെത്തിയ 11 ഹെക്ടര്‍ തരിശ് ഭൂമി കൃഷി യോഗ്യമാക്കുകയും ചെയ്തു. പെരളശേരി പഞ്ചായത്തില്‍ കണ്ടെത്തിയ തരിശ് നിലത്ത് പയര്‍, നെല്ല്, കരനെല്ല്, പച്ചക്കറി, ഇഞ്ചി, മഞ്ഞള്‍ തുടങ്ങിവയും മുഴപ്പിലങ്ങാട് പഞ്ചായത്തില്‍ കണ്ടെത്തിയ തരിശ് നിലത്ത് പച്ചക്കറി, വാഴ, പൂകൃഷി, കരനെല്‍ തുടങ്ങിയവയുമാണ് കൃഷി ചെയ്യുന്നത്. വേങ്ങാട് പഞ്ചായത്തിലെ 69.85 ഹെക്ടര്‍ സ്ഥലവും പിണറായി പഞ്ചായത്തിലെ 26 ഹെക്ടര്‍ സ്ഥലവും കടമ്പൂര്‍ പഞ്ചായത്തിലെ 11 ഹെക്ടര്‍ സ്ഥലവും  പദ്ധതിയുടെ ഭാഗമായി കൃഷിയോഗ്യമാക്കി. അഞ്ചരക്കണ്ടി പഞ്ചായത്തിലെ ഏഴ് ഹെക്ടര്‍ തരിശ് ഭൂമിയിലും ധര്‍മ്മടം പഞ്ചായത്തില 4.96 ഹെക്ടര്‍ തരിശ് ഭൂമിയിലും കൃഷി ആരംഭിച്ചിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി മണ്ഡലത്തില്‍ ആകെ 114.47 ഹെക്ടര്‍ സ്ഥലത്താണ് പുതുതായി നെല്‍ കൃഷി ചെയ്യുന്നത്. 36.89 ഹെക്ടര്‍ സ്ഥലത്ത് മറ്റ് വിളകളും കൃഷി ചെയ്യുന്നുണ്ട്.
ചടങ്ങില്‍ മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി ബാലന്‍, ഹരിത കേരളം മിഷന്‍ എക്സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്സണ്‍ ടി എന്‍ സീമ, തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്മാര്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: