സ്ഫോടകവസ്തുശേഖരം പിടിച്ചെടുത്ത സംഭവം: ക്വാറി ഉടമ അറസ്റ്റില്‍
തളിപ്പറമ്പ്: ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ചേപ്പറമ്പലിലെ കരിങ്കല്‍ക്വാറിയില്‍ നിന്നു ഡിറ്റനേറ്ററും ജലാറ്റിന്‍ സ്റ്റിക്കുമെുള്പ്പെടെ വന്‍ സ്ഫോടകവസ്തുശേഖരം പിടിച്ചെടുത്ത സംഭവത്തില്‍ ക്വാറിഉടമ അറസ്റ്റില്‍. പയറ്റിയാലിലെ കണ്ണൂര്‍ സ്റ്റോണ്‍ ക്രഷറിന്റേയും ചേപ്പറമ്പ് പാലോറകുന്നിലെ കരിങ്കല്ക്വാറിയുടെയും ഉടമകളിലൊരാളായ കൊളച്ചേരി കമ്പിലെ പി.പി അബ്ദുള്‍നാസറിനെ (50) യാണു ഡിവൈഎസ്പി കെ.വി. വേണുഗോപാല്‍ അറസ്റ്റ് ചെയ്തത്.
തളിപ്പറമ്പ് ജെഎഫ്സിഎം കോടതിയില്‍ ഹാജരാക്കിയ അബ്ദുള്‍നാസറിനെ 23 വരെ റിമാന്‍ഡ് ചെയ്തു. ക്രഷറിന്റെ പാര്‍ട്ണര്‍മാരിലൊരാളായ മയ്യിലിലെ ജാബിദ് ഒളിവിലാണ്. പാലോറ കുന്നിനുതാഴെ വാഹനങ്ങള്‍ നിര്‍ത്തി വെള്ളിയാഴ്ച പകല്‍ മൂന്നോടെ വേഷപ്രച്ഛന്നരായി എത്തിയാണു ഡിവൈഎസ്പിയും സംഘവും കുന്നിന്മുകളിലെ ക്വാറിയില്‍ റെയ്ഡ് നടത്തിയത്. റെയ്ഡില്‍ 380 ജലാറ്റിന്‍ സ്റ്റിക്ക്, 405 ഡിറ്റനേറ്റര്‍, 732 മീറ്റര്‍ ഫ്യൂസ് വയര്‍, ഡിറ്റനേറ്ററും ഫ്യൂസ് വയറുമായി ഘടിപ്പിച്ചു തയാറാക്കിയ 19 സ്ഫോടകവസ്തുക്കള്‍, രണ്ട് ജെസിബി ഹിറ്റാച്ചികള്‍, കംപ്രസര്‍ ട്രാക്ടറുകള്‍, പ്ലാസ്റ്റിക്ക് ബാരലുകള്‍ എന്നിവ പോലീസ് പിടിച്ചെടുത്തിരുന്നു.