കാട്ടാന ശല്യം തടയാൻ ആറളം ഫാമിനകത്തെ കാടുകൾ വെട്ടിത്തെളിയിക്കണം ; എ .പി. അബ്ദുള്ളക്കുട്ടി

ഇരിട്ടി : ആറളം കാർഷിക ഫാമിലേയും ആദിവാസി പുനരധിവാസ മേഖലയിലെയും കാടുകൾ മുഴുവൻ വെട്ടിത്തെളിച്ച് കാട്ടാന ശല്യത്തിന് പരിഹാരം കാണണമെന്ന് ബി ജെ പി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു. മുഴക്കുന്ന് പഞ്ചായത്തിലെ വിവിധ മേഖലകളിൽ അനുഭവപ്പെടുന്ന കാട്ടാന ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ബി ജെ പി മുഴക്കുന്ന് പഞ്ചായത്തു കമ്മിറ്റി ഫാം ഓഫീസിനു മുന്നിൽ നടത്തിയ ധർണ്ണ ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അബ്ദുള്ളക്കുട്ടി. ആറളം ഫാമിലും ഇവിടെ നിന്നും കടന്നു വരുന്ന കാട്ടാനകളുമാണ് മുഴക്കുന്ന് പഞ്ചായത്തിലെ വിവിധ മേഖലകളിൽ വ്യാപകമായി കൃഷിനാശം വരുത്തുന്നത്. കാടിനേക്കാൾ ഭയാനകമാണ് ഫാമിനകത്തെ ഇന്നത്തെ അവസ്ഥ. കേന്ദ്ര ഗവർമെന്റിന്റെ കയ്യിലായിരുന്ന കാലത്ത് വർഷത്തിൽ മൂന്ന് തവണ കാടുകൾ വെട്ടി നശിപ്പിച്ചിരുന്നു. അന്നില്ലാത്ത ശല്യമാണ് കേരളാ ഗവർമെന്റിന്റെ കയ്യിൽ ഫാം എത്തിയപ്പോൾ ഉണ്ടാകുന്നത് . ഇവിടുത്തെ കാട്ടിനുള്ളിൽ തമ്പടിക്കുന്ന കാട്ടാനക്കൂട്ടങ്ങളാണ് നാട്ടിലിറങ്ങി നാശം വിതക്കുന്നതെന്നും ഇതിനു അടിയന്തിര പരിഹാരം കാണണമെന്നും അബ്ദുള്ളക്കുട്ടി ആവശ്യപ്പെട്ടു.
സജി വിളക്കോട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിഅംഗങ്ങളായ ആർ.പി. പത്മനാഭൻ, രാംദാസ് എടക്കാനം , പി. കൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് എം.ആർ. സുരേഷ് നേതാക്കളായ എൻ.വി. ഗിരീഷ്, ശകുന്തള , കെ. ഉമേശൻ, എം. ഹരിദാസ് , കെ. മുകുന്ദൻ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: