ആറളം വീർപ്പാട് വാർഡിൽ ഉപതിരഞ്ഞെടുപ്പ് ഇന്ന് – ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ

ഇരിട്ടി : ആറളം പഞ്ചായത്തിലെ വീർപ്പാട് പത്താം വാർഡിലെ ഉപതിരഞ്ഞെടുപ്പ് ഇന്ന് നടക്കും. വാർഡിൽ നിന്നും വിജയിച്ച സി പി എമ്മിലെ ബേബി ജോൺ പൈനാപ്പള്ളി കോവിഡ് ബാധിച്ച് മരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.
പഞ്ചായത്ത് ഭരണ സമിതിയിൽ നിലവിൽ ഇരു കക്ഷികൾക്കും തുല്യമായ സീറ്റാണ് ഉള്ളത്. 17 അംഗ ഭരണ സമിതിയിൽ ഒഴിവു വന്ന വാർഡ് ഒഴിച്ച് എൽ ഡി എഫിനും യു ഡി എഫിനും എട്ടു വീതം അംഗങ്ങളുടെ പിൻതുണയാണ് ഉള്ളത്. നറുക്കെടുപ്പിലൂടെ എൽ ഡി എഫാണ് ഇപ്പോൾ ഭരണം നടത്തുന്നത്. വർഷങ്ങളായി യു ഡി എഫ് ഭരിച്ചുകൊണ്ടിരുന്ന പഞ്ചായത്താണ് ആറളം. അന്തരിച്ച വാർഡ്അംഗം ബേബിജോൺ പൈനാപ്പള്ളി 7 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചിരുന്നത് . പഞ്ചായത്ത് ഭരണം ഈ വാർഡ് അംഗത്തിന്റെ വിജയത്തിനൊപ്പം മാറി മറിയും എന്നിരിക്കേ ഇരുമുന്നണികൾക്കും തിരഞ്ഞെടുപ്പ് ഫലം നിർണ്ണായകമാണ്. അതുകൊണ്ട് തന്നെ കടുത്ത മത്സരം വാർഡിൽ നടക്കുമെന്നും ഉറപ്പാണ് .
എൽ ഡി എഫ് സ്ഥാനാർത്ഥിയായി യു.കെ. സുധാകരൻ , യു ഡി എഫ് സ്ഥാനാർത്ഥിയായി സുരേന്ദ്രൻ പാറക്കത്താഴത്ത് , ബി ജെ പി സ്ഥാനാർത്ഥിയായി എ.കെ. അജയകുമാർ എന്നിവരാണ് പ്രധാനമായി മത്സര രംഗത്തുള്ളത്.
സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് സുരക്ഷാ ക്രമീകണങ്ങൾ എസ് പി നവനീത് ശർമ്മ നേരിട്ട് പോളിംങ്ങ് സ്‌റ്റേഷനിലെത്തി വിലയിരുത്തി. ഡോക്‌സ്വാഡും ബോംബ് സ്‌ക്വാഡും പ്രദേശത്ത് പരിശോധന നടത്തി. ഇരിട്ടി ഡി വൈ എസ് പി പ്രിൻസ് അബ്രഹാമിന്റെ നേതൃത്വത്തിൽ അഞ്ചു സി ഐ മാർക്കാണ് ബൂത്തിനകത്തേയും പുറത്തേയും സുരക്ഷാ ചുമതല നൽകിയിരിക്കുന്നത്. രണ്ട് യൂണിറ്റ് സ്ട്രക്കിംങ്ങ് ഫോഴ്‌സ്,്പട്രോളിംങ്ങ് യൂണിറ്റ് എന്നിവയും ഉണ്ടാകും. വോട്ടർമാരെ തടയാനോ തിരിച്ചറിയൽ കാർഡ് തട്ടിയെടുക്കാനോ ശ്രമം ഉണ്ടായാൽ അറസ്റ്റുചെയ്യാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. പ്രദേശത്തെ വോട്ടർമാർ അല്ലാത്തവരെ കണ്ടെത്തിയാൽ അവരെ പ്രത്യേകം നിരീക്ഷിക്കാനും സമീപത്തെ വീടുകളിലൊന്നും പുറത്തു നിന്നുള്ളവരെ താമസിപ്പിക്കരുതെന്നും പോലീസ് നിർദ്ദേശം നൽകി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: