വാഹനങ്ങള്‍ വിട്ടു നല്‍കിയില്ല: സര്‍ക്കാര്‍ ഓഫീസ് മേധാവികള്‍ക്ക് എതിരെ നടപടി

കോഴിക്കോട്: നിരവധി തവണ ആവശ്യപ്പെട്ടിട്ടും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി വാഹനങ്ങള്‍ വിട്ടു നല്‍കാത്ത കോഴിക്കോട് ജില്ലയിലെ 14 സര്‍ക്കാര്‍ ഓഫീസ് മേധാവികള്‍ക്കെതിരെ ദുരന്തനിവാരണ വകുപ്പ് പ്രകാരം നടപടി.
വാഹനങ്ങള്‍ ഹാജരാക്കുന്നതിന് തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും, മാധ്യമങ്ങളിലൂടെ അറിയിപ്പ് നല്‍കിയിട്ടും വാഹനങ്ങള്‍ ഹാജരാക്കാത്തതിനാലാണ് നടപടിയെടുക്കാന്‍ ജില്ലാ കലക്ടര്‍ സാംബശിവറാവു തീരുമാനിച്ചത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ടാം ശനിയാഴ്ച പ്രവൃത്തി ദിനമായി സര്‍ക്കാര്‍തലത്തില്‍ തീരുമാനം ഉണ്ടായിട്ടുപോലും ഈ ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നില്ല.

ഇവയില്‍ പലതും സിവില്‍സ്റ്റേഷനിലാണ് സ്ഥിതി ചെയ്യുന്നത്. മൃഗസംരക്ഷണം, ആര്‍ക്കൈവ്‌സ്, കേരഫെഡ്, ഉപ വിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, സിവില്‍ സ്റ്റേഷനിലെ സൂപ്പര്‍ ചെക്ക് സെല്‍, ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ റീജിയണല്‍ ഓഫീസ്, ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ്, ഗ്രൗണ്ട് വാട്ടര്‍, ഹാര്‍ബര്‍ എന്‍ജിനീയറിങ്, ഡിഎംഒ (ഹോമിയോ), ജില്ലാ വ്യവസായ കേന്ദ്രം, കുടുംബശ്രീ, ഡിടിപിസി, ഡെപ്യൂട്ടി കമ്മീഷണര്‍ (ടാക്‌സസ്) എന്നീ കാര്യാലയങ്ങളുടെ മേധാവികള്‍ക്ക് എതിരെയാണ് ദുരന്തനിവാരണ വകുപ്പ് പ്രകാരം നടപടി എടുക്കുന്നത്. നടപടി എടുക്കാതിരിക്കാന്‍ എന്തെങ്കിലും കാരണം ഉണ്ടെങ്കില്‍ നാളെ (ഓഗസ്റ്റ് 11) രാവിലെ 10ന് മുമ്ബ് ജില്ലാ കലക്ടറുടെ ചേമ്ബറില്‍ ഹാജരായി കാരണം ബോധിപ്പിക്കണം എന്നാണ് നിര്‍ദേശം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: