“വിജയം” വീടിൻ്റെ താക്കോൽദാനം മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ നിർവഹിച്ചു

മുഴപ്പിലങ്ങാട്:
ജീവിതത്തിൽ പ്രതിസന്ധി നേരിടുന്നവരെ സഹായിക്കാൻ കരുണ വറ്റാത്ത പൊതുസമൂഹമുണ്ടെന്ന് തെളിയിക്കുകയാണ് ഈ നാട്ടിലെ കൂട്ടായ്മയെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ. അറത്തിൽ റോഷിൻ കുടുംബ സഹായ കമ്മിറ്റി നിർമ്മിച്ച “വിജയം” വീടിൻ്റെ താക്കോൽദാനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. റോഷനും, ഭാര്യ സൽനയും, മക്കളായ റിഹാരികയും, അനുനന്ദയും വീടിൻ്റെ താക്കോൽ ഏറ്റുവാങ്ങി.

കുളം ബസാറിൽ ഓട്ടോ ഓടിച്ച് കുടുംബം നോക്കിയിരുന്ന അറത്തിൽ റോഷിൻ കാൻസർ ബാധിതനും, അഞ്ച് വയസ്സുള്ള മകൾ നിഹാരിക ജന്മനാ സെറിബ്രൽ പാൾസി ബാധിതയാണെന്നുമറിഞ്ഞ് നാട്ടുകാർ രൂപീകരിച്ച ജനകീയ കമ്മിറ്റി വാടക വീട്ടിൽ കഴിയുന്ന കുടുംബത്തിന് കൂടൊരുക്കിയത് വേറിട്ട അനുഭവമാണെന്നും മന്ത്രി പറഞ്ഞു. കൂറുമ്പ ക്ഷേത്രം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി.സജിത അദ്ധ്യക്ഷത വഹിച്ചു. സാഹിത്യകാരൻ ടി.കെ. ഡി.മുഴപ്പിലങ്ങാട് പുതിയ വീടിൻ്റെ പറമ്പിൽ ഫലവൃക്ഷ തൈകൾ നടീൽ കർമ്മം നിർവ്വഹിച്ചു. വീടു നിർമ്മാണത്തിന് മേൽനോട്ടം വഹിച്ച കുന്നുമ്പ്രത്ത് മനോഹരൻ, എൻ.സി.രമേശൻ, വിവിധ ക്ലബ്ബുകളേയും, സംഘടനകളേയും കേരള ഗോൾകീപ്പർ വി.മിഥുൻ ആദരിച്ചു. ടി.പി.ശ്രീനേഷ് റിപ്പോർട്ട് അവതരിപ്പിച്ചു.

ജില്ല പഞ്ചായത്ത് അംഗം കെ.വി.ബിജു, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.വിജേഷ്, ബ്ലോക്ക് അംഗം റോജ, കെ.ലക്ഷ്മി, റോഷൻ കുടുംബ സഹായ കമ്മിറ്റി ചെയർമാൻ എ.പ്രേമൻ, കെ.വി.പത്മനാഭൻ, സത്യൻ വണ്ടിച്ചാൽ, എൻ.പി.താഹിർ, എം.ബാലൻ, ആർ.ഷാജിത്ത്, വി.പ്രഭാകരൻ, എ.ദിനേശൻ, സുജിത്ത് ആലക്കൽ എന്നിവർ സംസാരിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: