കൊവിഡിനെതിരെ ഓരോരുത്തരും സ്വയം പ്രതിരോധം തീര്‍ക്കണം: മന്ത്രി ഇ പി ജയരാജന്‍

കൊവിഡ് 19 വ്യാപനം ശക്തമാകുന്ന കാലത്ത് ഓരോ വ്യക്തിയും സ്വയം പ്രതിരോധ ശക്തികളായി ഉയര്‍ന്നു വരണമെന്ന്  വ്യവസായ കായിക വകുപ്പ് മന്ത്രി പി ജയരാജന്‍. ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഭവന രഹിതരായ പട്ടികജാതി കുടുംബങ്ങള്‍ക്കായി ജില്ലാ പഞ്ചായത്ത് ഏഴോത്ത് നിര്‍മ്മിക്കുന്ന പാര്‍പ്പിട സമുച്ചയത്തിന്റെ നിര്‍മ്മാണ പ്രവൃത്തി  ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
ലോകത്തെയാകെ ഒരു മഹാമാരി ഭീകരമായി വേട്ടയാടിക്കൊണ്ടിരിക്കുന്ന കാലത്താണ് നാമിപ്പോള്‍. ജീവന്‍ രക്ഷിക്കലാണ് ഇപ്പോള്‍ പ്രധാനം. അതുകൊണ്ടാണ് കര്‍ശന നിയന്ത്രണങ്ങളുമായി സര്‍ക്കാര്‍ ജാഗരൂകരാകുന്നത്. ഓരോ വ്യക്തിയും കുടുംബവും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണം. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ടു മാത്രമേ വികസന പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ സാധിക്കുകയുള്ളൂ. തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ആരും ശ്രമിക്കരുതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ഏഴോം പഞ്ചായത്തില്‍ പട്ടികജാതി വികസന വകുപ്പിന്റെ അധീനതയിലുള്ള സ്ഥലത്താണ് ജില്ലാ പഞ്ചായത്തിന്റെ തനതുപദ്ധതിയില്‍ ഉള്‍പ്പെടുത്തി 3.88 കോടി രൂപ ചെലവില്‍ ഭവന സമുച്ചയം നിര്‍മ്മിക്കുന്നത്. 41 ചതുരശ്ര മീറ്റര്‍ വീതം വിസ്തീര്‍ണ്ണമുള്ള 24 ഭവന യൂണിറ്റുകളാണ് ആദ്യഘട്ടത്തില്‍ നിര്‍മ്മിക്കുന്നത്. കിടപ്പുമുറി, ഹാള്‍, സിറ്റൗട്ട്, അടുക്കള എന്നീ സൗകര്യങ്ങളോടുകൂടിയതാണ് പാര്‍പ്പിടങ്ങള്‍. കേരള സ്റ്റേറ്റ് ഹൗസിംഗ് ബോര്‍ഡിനാണ് പദ്ധതിയുടെ നിര്‍മ്മാണ ചുമതല. നിര്‍മ്മാണ പ്രവൃത്തികള്‍ ദ്രുതഗതിയില്‍ പൂര്‍ത്തീകരിച്ച് ഭവന രഹിതരായ 24 പട്ടികജാതി കുടുംബങ്ങള്‍ക്ക് കൈമാറും. ലൈഫ് മിഷന്‍ തയ്യാറാക്കിയ മുന്‍ഗണനാ ലിസ്റ്റില്‍ നിന്നാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുക. പാര്‍പ്പിട സമുച്ചയത്തിനൊപ്പം അനുബന്ധ സൗകര്യങ്ങളും ഒരുക്കും.
കൊവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് നടന്ന ചടങ്ങില്‍ ടി വി രാജേഷ് എംഎല്‍എ അധ്യക്ഷനായി. ജില്ല പട്ടികജാതി വികസന ഓഫീസര്‍ കെ കെ ഷാജു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, വൈസ് പ്രസിഡണ്ട് പി പി ദിവ്യ, സ്ഥിരം സമിതി അധ്യക്ഷ ടി ടി റംല, അംഗം അജിത്ത് മാട്ടൂല്‍, ഏഴോം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഡി വിമല, ജില്ല പഞ്ചായത്ത് സെക്രട്ടറി വി ചന്ദ്രന്‍, മുന്‍ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് വി നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: