എറണാകുളം നെട്ടൂരില്‍ യുവാവിനെ കൊന്ന് ചതുപ്പില്‍ താഴ്ത്തി

യുവാവിനെ കൊലപ്പെടുത്തി ചതുപ്പില്‍ താഴ്ത്തിയ നിലയില്‍ കണ്ടെത്തി. കൊല്ലപ്പെട്ടത് കുമ്ബളം സ്വദേശി അര്‍ജുന്‍ എന്ന് സൂചന.സംഭവവുമായി ബന്ധപ്പെട്ട് നാലു പേര്‍ പോലിസ് കസ്റ്റഡിയില്‍.നെട്ടൂരില്‍ റെയില്‍വേ ക്വാര്‍ട്ടേഴ്സിന് പടിഞ്ഞാറുവശം കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ ചതുപ്പിലാണ് യുവാവിനെ കൊന്ന് ചവിട്ടി താഴ്ത്തിയ ശേഷം കോണ്‍ക്രീറ്റ് കല്ല് പുറത്തുവച്ച നിലയില്‍ കണ്ടെത്തിയത്. കമിഴ്ന്ന് കിടക്കുന്ന നിലയിലുള്ള മൃതദേഹം ചതുപ്പില്‍ നിന്ന് പുറത്തെടുക്കാത്തതിനാല്‍ ആളെ തിരിച്ചറിഞ്ഞിട്ടില്ല. റെയില്‍വേ ട്രാക്കിന് പടിഞ്ഞാറുവശത്ത് ഇവിടെ ഏക്കറുകണക്കിന് സ്ഥലമാണ് കുറ്റിച്ചെടികളും കണ്ടല്‍ക്കാടും നിറഞ്ഞ് കിടക്കുന്നത്. ഈ ഭാഗം മുട്ടോളം ചെളി നിറഞ്ഞ് ആരും കടന്നുചെല്ലാത്ത സ്ഥലമായതിനാല്‍ ഇന്ന് ഈ ഭാഗത്തേക്ക് വഴിതെളിച്ച ശേഷം മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നാണ് പനങ്ങാട് പോലിസ് അറിയിച്ചത്. അതേ സമയം കുമ്ബളത്ത് നിന്ന് കഴിഞ്ഞ രണ്ടാം തീയതി മുതല്‍ അര്‍ജുന്‍ എന്ന യുവാവിനെ കാണാതായതയിരുന്നു. പോലീസിന്റെ പിടിയിലായ നാലുപേര്‍ നല്‍കിയ സൂചനകള്‍ പ്രകാരം മൃതദേഹം അര്‍ജുന്റേതാകാമെന്നാണ് പോലീസ് നല്‍കുന്ന സൂചനകള്‍.കാണാതായ ദിവസം അര്‍ജുനെ വീട്ടില്‍നിന്ന് വിളിച്ചുകൊണ്ടുപോയവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് വിവരം ലഭിച്ചത്. തുടര്‍ന്ന് പ്രതികളോടൊപ്പം ചതുപ്പില്‍ പരിശോധന നടത്തിയപ്പോഴാണ് യുവാവിന്റെ ദുര്‍ഗന്ധം വമിക്കുന്ന നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ കഴിയാത്തതിനാലും, വീട്ടുകാര്‍ മൃതദേഹം കണ്ട് തിരിച്ചറിയേണ്ടതുണ്ടെന്നതിനാലും പോലിസ് സ്ഥിരീകരിച്ചിട്ടില്ല. പോലിസ് കസ്റ്റഡിയിലുള്ള ഒരളുടെ സഹോദരന്‍ കഴിഞ്ഞ വര്‍ഷം അര്‍ജുനൊപ്പം ഇരുചക്രവാഹനത്തില്‍ പോകവേ കളമശേരിയില്‍വച്ചുണ്ടായ അപകടത്തില്‍ മരിക്കുകയും, പിന്നിലിരുന്ന അര്‍ജുന് സാരമായ പരുക്കേല്‍ക്കുകയുമുണ്ടായി. ഇതിനുശേഷം തന്റെ സഹോദരനെ അര്‍ജുന്‍ കൊണ്ടുപോയി കൊന്നതാണെന്ന തരത്തില്‍ മരിച്ചയാളുടെ സഹോദരന്‍ കൂട്ടുകാരോട് പറഞ്ഞിരുന്നുവത്രെ. ഇയാള്‍ക്ക് സഹോദരന്റെ മരണത്തില്‍ അര്‍ജുനോടുണ്ടായ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് കസ്റ്റഡിയില്‍ ഉള്ളവര്‍ പോലീസിനോട് പറഞ്ഞതായും വിവരമുണ്ട്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: