അര്‍ജുന്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി; ബാലഭാസ്‌കറിന്റെ മരണത്തില്‍ വീണ്ടും ദുരൂഹത

തിരുവനന്തപുരം: പ്രശസ്ത വയലനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ വീണ്ടും ഞെട്ടിപ്പിക്കുന്ന വഴിത്തിരിവ്. അപകടസമയത്ത് ബാലഭാസ്‌കറിന്റെ വാഹനം ഓടിച്ച ഡ്രൈവര്‍ അര്‍ജുന്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി. എടിഎം കൊള്ളയടിച്ച കേസ് മുതല്‍ നാഗമാണിക്യം കയ്യിലുണ്ടെന്നു പ്രചരിപ്പിച്ച്‌ പണം തട്ടാന്‍ ശ്രമിച്ച കേസില്‍ വരെ അര്‍ജുന്‍ പങ്കാളിയാണ്. പല കേസിലും അര്‍ജുന്‍ പൊലീസ് പിടിയിലായിട്ടുണ്ടെന്നാണ് വിവരം.
മൂന്ന് വര്‍ഷം മുന്‍പ് പാലക്കാട്, തൃശൂര്‍ ജില്ലകളിലെ 2 എടിഎം കൗണ്ടറുകള്‍ തകര്‍ത്ത് പണം കവരാന്‍ ശ്രമിച്ച കേസില്‍ പൊലീസിന്റെ പിടിയിലായപ്പോഴാണ് അര്‍ജുന്റെ ക്രിമിനല്‍ പശ്ചാത്തലം പുറത്തുവരുന്നത്. ആ സമയത്ത് എന്‍ജിനീയറിങ്ങിന് വിദ്യാര്‍ത്ഥിയായിരുന്നു അര്‍ജുന്‍.

ഒട്ടേറെ സംഗീത വിഡിയോ ആല്‍ബങ്ങളില്‍ നായകനായി അഭിനയിച്ച ആറ്റൂര്‍ സ്വദേശി ഫസിലിനൊപ്പം പാഞ്ഞാളിലും ലക്കിടിയിലുമാണ് അര്‍ജുന്‍ എടിഎം കൊള്ളയ്ക്കു ശ്രമിച്ചത്. 2016 ജനുവരി 11ന് ലക്കിടിയില്‍ ആയിരുന്നു ആദ്യ കവര്‍ച്ചാ ശ്രമം. ബാങ്ക് ഓഫ് ബറോഡ എടിഎം തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഫെബ്രുവരി 25നായിരുന്നു അടുത്ത ശ്രമം. പാഞ്ഞാളിലെ എസ്ബിഐ എടിഎമ്മായിരുന്നു ലക്ഷ്യം വെച്ചത്. ഇരു സംഭവങ്ങളിലെയും സമാനതകള്‍ അര്‍ജുനെ കുടുക്കി.
ഇതു കൂടാതെ ഗള്‍ഫില്‍ നിന്നു നികുതി വെട്ടിച്ചു കടത്തുന്ന കള്ളസ്വര്‍ണം വിപണി വിലയേക്കാള്‍ കുറവില്‍ വില്‍ക്കാനുണ്ടെന്നുകാട്ടി വ്യവസായികളെ തട്ടിച്ചതില്‍ നിന്നാണ് അര്‍ജുന്‍ ഉള്‍പ്പെട്ട യുവാക്കളുടെ സംഘത്തിന്റെ വളര്‍ച്ചയുടെ തുടക്കം. തട്ടിക്കപ്പെട്ട വ്യവസായികള്‍ പരാതി നല്‍കാന്‍ വിമുഖത കാട്ടിയതു മൂലം ഇവര്‍ കേസുകളില്‍പ്പെട്ടില്ല. ഒടുവില്‍ സ്വര്‍ണം വാങ്ങാന്‍ താല്‍പര്യമുള്ള ആളെന്നു തെറ്റിദ്ധരിപ്പിച്ച്‌ സമീപിച്ചാണ് പൊലീസ് അര്‍ജുനെ പിടികൂടിയത്.
നിധി ഒളിഞ്ഞു കിടക്കുന്ന സ്ഥലം അറിയാമെന്നും ഇതു കണ്ടെടുത്തു നല്‍കാന്‍ സഹായിക്കാമെന്നും വാഗ്ദാനം ചെയ്ത് അര്‍ജുനും സംഘവും പലരില്‍ നിന്നും പണം തട്ടാന്‍ ശ്രമിച്ചിട്ടുണ്ട്. മോഹന വാഗ്ധാനങ്ങള്‍ നല്‍കി തട്ടിപ്പ് നടത്തുകയാണ് അര്‍ജുന്റെ പ്രധാന രീതി.
അര്‍ജുന്റെ ക്രിമിനല്‍ പശ്ചാത്തലം വെളിപ്പെട്ടതോടെ ബാലഭാസ്‌കറിന്റെ മരണത്തില്‍ വീണ്ടും ദുരൂഹത വര്‍ധിക്കുകയാണ്. അപകടത്തില്‍ ഏറ്റവും കുറവ് പരിക്കേറ്റതും അര്‍ജുനിന് ആണ്. കൂടാതെ അപകടസമയത്ത് വണ്ടിയോടിച്ചത് താനാണെന്ന് സമ്മതിച്ച അര്‍ജുന്‍ പൊലീസിന് മുന്നില്‍ മൊഴിമാറ്റി ബാലഭാസ്‌കറാണ് വണ്ടി ഓടിച്ചതെന്ന് പറഞ്ഞതും. അര്‍ജുന്റെയും ലക്ഷ്മിയുടെയും മൊഴികള്‍ തമ്മില്‍ വൈരുദ്ധ്യമുണ്ടായതും ഏറെ ദുരൂഹമാണ്. ഇപ്പോള്‍ പൊലീസ് കണ്ണുവെട്ടിച്ച്‌ അര്‍ജുന്‍ അസാമില്‍ ഒളിവില്‍ കഴിയുകയാണെന്നാണ് വിവരം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: