അനാവശ്യമായി പുറത്തിറങ്ങുന്നവർ ജാഗ്രതൈ” !!  ‘കഴുത കളിക്കാൻ അനുവദിക്കണം’, ഇ–പാസിന് അപേക്ഷ; കയ്യോടെ പൊക്കാൻ കമ്മിഷണറുടെ നിർദേശം, തളിപ്പറമ്പ പട്ടുവം സ്വദേശി കസ്റ്റഡിയിൽ

കണ്ണൂർ: പൊലീസിന്റെ ഇ പാസ് സംവിധാനത്തെ ലാഘവത്തോടെ കാണുന്നവരുണ്ട്. അവശ്യ കാര്യങ്ങൾക്കു മാത്രം അനുമതി നൽകാൻ ഏർപ്പെടുത്തിയ സംവിധാനത്തെ കുട്ടിക്കളിയായി കാണുന്നവർക്കെതിരെ കുറച്ചു കടുപ്പത്തിൽ മറുപടി നൽകാനാണ് പൊലീസിന്റെ തീരുമാനം. ചിലപ്പോൾ ചിരിയുണർത്തുമെങ്കിലും കോവിഡ് വ്യാപനത്തിന്റെ സാഹചര്യം മനസ്സിലാക്കി പെമാറണമെന്നാണ് അധികൃതരുടെ അഭ്യർഥന. രണ്ടാം ലോക്ഡൗൺ കാലത്ത് പൊലീസിനുണ്ടായ അനുഭവങ്ങൾ തുടരുകയാണ്.

കഴുത കളിക്കാൻ അനുവദിക്കണം

കഴുത കളിക്കാനും പൊലീസിന്റെ ഇ പാസിന് അപേക്ഷ. തളിപ്പറമ്പിന് സമീപം പട്ടുവം സ്വദേശിയായ യുവാവാണ് അത്യാവശ്യമായി കഴുത കളിക്കാൻ(റമ്മി) പോകാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് പൊലീസിന്റെ വെബ് സൈറ്റിലൂടെ ഇ പാസിന് അപേക്ഷ നൽകിയത്. പൊലീസ് ജില്ലാ കമ്മിഷണർ ഓഫിസിൽ കഴിഞ്ഞ ദിവസം അപേക്ഷകൾ പരിശോധിച്ചപ്പോഴാണ് തളിപ്പറമ്പിനു സമീപം പട്ടുവം സ്വദേശിയായ യുവാവ് നൽകിയ വിചിത്രമായ അപേക്ഷ ശ്രദ്ധയിൽപ്പെട്ടത്.

കണ്ണൂരിലുള്ള സുഹൃത്തിന്റെ വീട്ടിൽ കഴുത കളിക്കാൻ പോകാൻ അനുമതി നൽകണമെന്നായിരുന്നു അപേക്ഷ. അത്യാവശ്യ കാര്യങ്ങൾക്ക് പുറത്ത് പോകാനുള്ള അപേക്ഷകൾ പരിശോധിച്ച് പാസ് അനുവദിക്കുന്നതിനിടയിൽ ഇത്തരത്തിലുള്ള അപേക്ഷ കണ്ട് ഞെട്ടിയ പൊലീസുകാർ വിവരം പൊലീസ് കമ്മിഷണർക്ക് കൈമാറി. കക്ഷിയെ കയ്യോടെ പൊക്കാൻ കമ്മിഷണർ തളിപ്പറമ്പ് പൊലീസിന് നിർദേശവും നൽകി.

വിവരം ലഭിച്ച് ഉടൻ തന്നെ കക്ഷി തളിപ്പറമ്പ് പൊലീസിന്റെ കസ്റ്റഡിയിലാവുകയും ചെയ്തു. കഴുത കളിക്കാരന് മനസ്സിലാകുന്ന ഭാഷയിൽ നല്ലത് പോലെ താക്കീത് ചെയ്ത ശേഷം വിട്ടയച്ചാൽ മതിയെന്നാണ് കമ്മിഷണർ നിർദേശം നൽകിയത്.

ജ്യോതിഷാലയം തുറന്നത് രാഹുകാലത്തിൽ

അത്യാവശ്യ സർവീസുകൾ മാത്രം തുറക്കാനുള്ള അനുമതിക്കിടയിൽ ജ്യോതിഷാലയം തുറന്ന ജോത്സ്യനും പൊലീസിന്റെ പിടിയിലായി. ആന്തൂർ നഗരസഭയിലെ ജ്യോത്സ്യനെയാണ് തളിപ്പറമ്പ് പൊലീസ് പിടികൂടിയത്. വിവാഹ നിശ്ചയം കഴിഞ്ഞ ഒരു പെൺകുട്ടിക്ക് മാനസിക വിഭ്രാന്തിയുണ്ടായത് പരിശോധിക്കാൻ അവർ വിളിച്ചപ്പോൾ വന്നതാണെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. ഇത്തരത്തിൽ അവസ്ഥയുണ്ടായാൽ ഡോക്ടറെയല്ലേ കാണേണ്ടത് എന്ന് പൊലീസ് അവിടെയുണ്ടായിരുന്ന പെൺകുട്ടിയുടെ രക്ഷിതാക്കളോട് ചോദിച്ചപ്പോൾ അതിന് മറുപടിയുണ്ടായിരുന്നില്ല. ജ്യോതിഷാലയം അടപ്പിച്ച പൊലീസ് ജ്യോത്സനെതിരെ പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം കേസെടുക്കുകയും ചെയ്തു.

ലോക്കാകും മുൻപ് കല്യാണം ഉറപ്പിക്കണം

ലോക‍്ഡൗൺ ആരംഭിച്ച ആദ്യ ദിവസം തന്നെ പെണ്ണുകാണാൻ കാറിൽ പോയ കുട്ടികളും സ്ത്രീകളും അടങ്ങുന്ന കുടുംബം പാനൂർ പൊലീസിന്റെ പിടിയിലായി. മുൻകൂട്ടി നിശ്ചയിച്ച വിവാഹത്തിനു മാത്രമാണ് പൊലീസ് അനുമതി നൽകിയിരുന്നത്. വാഹനത്തിൽ അനുവദിച്ചതിൽ അധികം യാത്രക്കാരും ഉണ്ടായിരുന്നു. ലോക്ഡൗൺ നീണ്ടു പോകുമോ എന്ന ആശങ്കയാണ് റിസ്ക്കെടുക്കാൻ കുടുംബാംഗങ്ങളെ പ്രേരിപ്പിച്ചത്. യാത്രക്കാരെ വീട്ടിലെത്തിച്ചതിനു ശേഷം വാഹനം കസ്റ്റഡിയിലെടുത്തു. പൊലീസ് കേസെടുത്തു,

ബർഗർ വാങ്ങാനിറങ്ങി; ബൈക്ക് ലോക്കായി

പാനൂരിൽ ബർഗർ വാങ്ങിക്കാൻ മാത്രം ബൈക്കുമായി കടയിലെത്തിയ 25 കാരനായ യുവാവും പൊലീസ് വലയിലായി. ബർഗർ മോഹം യുവാവിനെ പുറത്തിറങ്ങാൻ പ്രേരിപ്പിച്ചു. പിടിയിലായ വ്യക്തിയുടെ അമ്മ വിദേശത്താണ്. യുവാവിനെ പൊലീസ് തിരികെ വീട്ടിലെത്തിച്ചു. ബൈക്ക് കസ്റ്റഡിയിലെടുത്തു. ലോക‍്‍‍ഡൗൺ വരെ ബൈക്ക് സ്റ്റേഷനിൽ കിടക്കും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: