ഡൽഹിയിൽ നിന്നുള്ള തീവണ്ടിക്ക് കേരളത്തിൽ 9 സ്റ്റോപ്പുകൾ; 13 മുതൽ സർവീസ്, കണ്ണൂരിലും നിർത്തും

ന്യൂഡൽഹി: ഡൽഹിയിൽ നിന്ന് നാളെ മുതൽ ട്രെയിൻ സർവീസുകൾ തുടങ്ങുന്നു. 13 ന് ഡൽഹിയിൽ നിന്ന് കേരളത്തിലേക്ക് തിരിക്കുന്ന ട്രെയിന് കേരളത്തിൽ 9 സ്റ്റോപ്പുകൾ. തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,എറണാകുളം ജംഗ്ഷൻ, തൃശ്ശൂർ,ഷൊർണൂർ,കോഴിക്കോട്,കണ്ണൂർ,കാസർഗോഡ് ഇവയാകും സ്റ്റോപ്പുകൾ. എല്ലാ സ്പെഷൽ ട്രെയിനുകളും ന്യൂഡൽഹി സ്റ്റേഷനിൽ നിന്നാകും പുറപ്പെടുക. ന്യൂഡൽഹി–തിരുവനന്തപുരം സ്പെഷൽ ട്രെയിൻ ചൊവ്വ, ബുധൻ, ഞായർ ദിവസങ്ങളിലും തിരുവനന്തപുരം–ന്യൂഡൽഹി  ചൊവ്വ, വ്യാഴം, വെളളി ദിവസങ്ങളിലും സർവീസ് നടത്താനാണ് ആലോചന. ഡൽഹിയിൽ നിന്നുളള ആദ്യ ട്രെയിൻ 13നും തിരുവനന്തപുരത്തു നിന്നുളള ആദ്യ ട്രെയിൻ 15നും സർവീസ് നടത്തുമെന്നാണ് സൂചന. 

യാത്രക്കാരുടെ ആരോഗ്യ പരിശോധനയ്ക്കുളള സൗകര്യത്തിനായി സ്റ്റോപ്പുകളും ഗണ്യമായി കുറയ്ക്കും. തിരുവനന്തപുരം–ന്യൂഡൽഹി സർവീസിന് കോട്ട, വഡോദര, പൻവേൽ, മഡ്ഗാവ്, മംഗളൂരു, കോഴിക്കോട്, എറണാകുളം എന്നിവടങ്ങളിൽ മാത്രമാകും സ്റ്റോപ്പുണ്ടാകുക. ഹൗറ, രാജേന്ദ്രനഗർ, ദിബ്രുഗഡ്, ജമ്മുതാവി, ബിലാസ്പുർ, റാഞ്ചി, മുംബൈ, അഹമ്മദാബാദ്, അഗർത്തല, ഭുവനേശ്വർ, മഡ്ഗാവ്, സെക്കന്തരബാദ് എന്നിവടങ്ങളിൽ നിന്നും ഡൽഹിയിലേക്കും തിരിച്ചു സ്പെഷൽ ട്രെയിനുകളുണ്ട്. ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളിൽ കുടുങ്ങിയിട്ടുളളവർക്ക് ഈ ട്രെയിനുകളിൽ ഡൽഹിയിലെത്തി അവിടെ നിന്ന് കേരളത്തിലേക്കു യാത്ര ചെയ്യാൻ കഴിയും.

രാജധാനി നിരക്കായിരിക്കും സ്പെഷൽ ട്രെയിനിൽ ഈടാക്കുക. തത്കാൽ, പ്രീമിയം തത്കാൽ, കറന്റ് റിസർവേഷൻ സൗകര്യങ്ങൾ ഉണ്ടായിരിക്കുന്നതല്ല. ഐആർസിടിസി  വെബ്സൈറ്റ് വഴി മാത്രമാണു ബുക്കിങ്. ഏജന്റുമാർ വഴിയും കൗണ്ടറുകളും വഴിയും വിൽപനയുണ്ടാകില്ല. സ്റ്റേഷനുകളിലെ പരിശോധനയിൽ കോവിഡ് ലക്ഷണങ്ങളില്ലാത്തവരെ മാത്രമേ യാത്ര ചെയ്യാൻ അനുവദിക്കൂ. കൺഫേം ടിക്കറ്റില്ലാത്തവരെ സ്റ്റേഷനിൽ പ്രവേശിപ്പിക്കില്ല. മാസ്കും നിർബന്ധമാണ്. 

എസി കോച്ചുകളാണെങ്കിലും തണുപ്പ് കുറയ്ക്കുന്നതിനാൽ‍ സ്പെഷൽ ട്രെയിനുകളിൽ ബ്ലാങ്കറ്റും പുതപ്പും വിതരണം ചെയ്യില്ല. ട്രെയിനുകളുടെ അന്തിമ സമയക്രമം വൈകാതെ പുറത്തുവിടുമെന്നു റെയിൽവേ അറിയിച്ചു. ഐആർസിടിസി സൈറ്റിൽ ബുക്കിങ് ഇന്ന് വൈകിട്ട് 4ന് ആരംഭിക്കും. സംസ്ഥാനങ്ങളുടെ ആവശ്യപ്രകാരം നോൺ സ്റ്റോപ്പ് സ്പെഷലുകളോടിക്കുന്നതും തുടരും.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

error: Content is protected !!
%d bloggers like this: