കോവിഡ് ബാധിച്ചു മരിച്ച മാഹി സ്വദേശിയുടെ മൃതദേഹം കബറടക്കി
കോവിഡ്.ബാധിച്ച് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരിച്ച മാഹി സ്വദേശി മെഹറൂഫിന്റെ മൃതദേഹം കബറടക്കി. ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശമനുസരിച്ച് പരിയാരം കോരന്‍പീടിക ജുമ മസ്ജിദിലായിരുന്നു സംസ്ക്കാരം. ചെറുകല്ലായിയില്‍ താമസക്കാരനായ എഴുപത്തിയൊന്ന് വയസുള്ള പി.മെഹ്റൂഫ് ഇന്ന് രാവിലെയാണ് മരിച്ചത്. ഗുരുതരമായ മറ്റു രോഗങ്ങള്‍ കൂടിയുണ്ടായിരുന്ന ഇദ്ദേഹത്തിന് എവിടെ നിന്നാണ് കോവിഡ് പകര്‍ന്നതെന്ന് മനസിലാക്കാന്‍ സാധിച്ചിട്ടില്ല
സ്വദേശമായ ചെറുകല്ലായിയിലേയ്ക്ക് മൃതദേഹം കൊണ്ടുപോകാന്‍ ബന്ധുക്കള്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും,ദൂരക്കൂടുതല്‍ ചൂണ്ടിക്കാട്ടി മെഡിക്കല്‍ കോളേജിന് സമീപത്തുള്ള ജുമ മസ്ജിദില്‍ സംസ്ക്കരിക്കാന്‍ ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുകയായിരുന്നു. ഈ നിര്‍ദ്ദേശം ബന്ധുക്കള്‍ അംഗീകരിച്ചതോടെ വൈകീട്ട് അഞ്ചരയോടെ ലോകാരോഗ്യ സംഘടനയുടെ മര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ച് മെഹ്റൂഫിന്റെ മൃതദേഹം കബറടക്കി.