മയക്കുമരുന്ന് വേട്ട ശക്തമാക്കി; എം.ഡി.എം.എ.യും കഞ്ചാവുമായി നിരവധി പേർ പിടിയിൽ.

ഇരിക്കൂർ. ലഹരി മാഫിയക്കെതിരെ ഇരിക്കൂർ പോലീസ് നടത്തിയ റെയ്ഡിൽ മാരക ലഹരിമരുന്നായ എം.ഡി.എം.എ.യും കഞ്ചാവു പൊതിയുമായി യുവാക്കൾ പിടിയിലായി. ലഹരിവില്പന നടത്തുന്നതിനിടെ മാരക ലഹരിമരുന്നായ എം.ഡി.എം.എ.യുമായി ഇരിക്കൂർ ബൈത്തുൽ റഹ്മ മൻസിലിലെ എം.റിയാസിനെയാണ് ഇൻസ്പെക്ടർ സിബീഷ് എസ്.ഐ.എം.വി.ഷിജു സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ.കെ.പ്രസാദ് എന്നിവരുടെ നേതൃത്വത്തിലുള്ള ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്. ഷാഡോ പോലീസിൻ്റെ സഹായത്തോടെ കുറച്ചുദിവസങ്ങൾക്കിടയിൽ ലഹരി വേട്ട ഊർജിതമാക്കിയതോടെ കഞ്ചാവുമായി ബ്ലാത്തൂരിലെ കിണാക്കൂൽ എം പി.മുഹമ്മദ് റാഷിദ്, ഇരിക്കൂർ സിദ്ധിഖ് നഗറിലെ പി പി നവാസ് , എന്നിവർക്കെതിരെ കഞ്ചാവ് ഉപയോഗവുമായി ബദ്ധപ്പെട്ട് ഇരിക്കൂർ പോലീസ് അഞ്ചോളംകേസ്സെടുത്തു. രാത്രിയുടെ മറവിലാണ് ലഹരി മാഫിയ യുവാക്കളെ തേടിയെത്തുന്നത്. രാത്രി സമയത്ത് കുട്ടികളെ ടൗണിലും മറ്റും കറങ്ങാൻ വിടുന്നത് രക്ഷിതാക്കൾ നിയന്ത്രിച്ചാൽ ലഹരി മാഫിയയുടെ പിടിയിൽ നിന്നും ഒരു പരിധി വരെ രക്ഷപ്പെടുത്തുവാൻ കഴിയുമെന്ന് പോലീസ് പറയുന്നു. ജനങ്ങൾ കൂടുതൽ ജാഗ്രത പാലിച്ച് ഇത്തരം സാമൂഹ്യ ദ്രോഹികളെ സമൂഹത്തിൽ ഒറ്റപ്പെടുത്തണം
ലഹരി മാഫിയക്കെതിരെ കൂടുതൽ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുവാനാണ് ഇരിക്കൂർ പോലീസിന്റെ തീരുമാനം. ഷാഡോ പോലീസുൾപ്പെടെ ലഹരി വിരുദ്ധ സ്ക്വാഡ് ഇരിക്കൂറിൽ കേന്ദ്രീകരിച്ച് പ്രവർത്തനം സജീവമാക്കിയിട്ടുണ്ട്.