പ്രതിയാക്കിയവര്‍ക്ക് കാലം മറുപടി നല്‍കും’; കമറുദ്ദീന് എംഎല്‍എയുടെ മോചനം മൂന്ന് മാസത്തെ തടവിന് ശേഷം

കണ്ണൂർ: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന മുസ്ലിം ലീഗ് നേതാവ് എം.സി കമറുദ്ദീൻ എം.എൽ.എ ജയിൽ മോചിതനായി. 42 വർഷം കറപുരളാത്ത കരങ്ങളുമായി രാഷ്ട്രീയ പ്രവർത്തനം നടത്തിയ തന്നെ ഒരു തട്ടിപ്പ് കേസിൽ പ്രതിയാക്കിയവർക്ക് കാലവും ചരിത്രവും മാപ്പു നൽകില്ലെന്നും അവർ അതിന് കനത്ത വില നൽകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പുറത്തു വന്ന ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് നടന്ന ഗൂഡാലോചനയുടെ ഇരയാണ് താനെന്നും മഞ്ചേശ്വരത്തെ ഭൂരിപക്ഷം വർധിപ്പിച്ചതുമുതൽ തുടങ്ങിയ ഗൂഡാലോചനയാണെന്നും അദ്ദേഹം പറഞ്ഞു. ഒരു പത്രക്കാരനും ഗൂഡാേലാചനയുടെ ഭാഗമായിട്ടുണ്ടെന്നും കൂടുതൽ വിശദാംശങ്ങൾ പിന്നീട് പറയാമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുമോ എന്ന ചോദ്യത്തിന് പാർട്ടി തീരുമാനിക്കുമെന്നായിരുന്നു മറുപടി. പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും മാറി നിൽക്കാൻ ആവശ്യപ്പെട്ടാൽ മാറി നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.