ആയുര്‍വേദ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന് 22ന് മുഖ്യമന്ത്രി തറക്കല്ലിടും ഭൂമി ഏറ്റെടുക്കല്‍ ജൂണ്‍ മാസത്തോടെ പൂര്‍ത്തിയാക്കും: ആരോഗ്യമന്ത്രി

പടിയൂര്‍ കല്ല്യാട് ഗ്രാമപഞ്ചായത്തിലെ കല്ല്യാട് തട്ടില്‍ സ്ഥാപിക്കുന്ന അന്താരാഷ്ട്ര ആയുര്‍വേദ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ശിലാസ്ഥാപനം ഫെബ്രുവരി 22ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ശിലാസ്ഥാപനത്തിന് മുന്നോടിയായി നടന്ന സംഘാടക സമിതി രൂപീകരണ യോഗം ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്യ്തു. രാജ്യത്ത് തന്നെ ആദ്യമായാണ് അന്താരാഷട്ര നിലവാരത്തിലുള്ള ചികിത്സ സൗകര്യത്തോടുകൂടിയ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 

നിലവില്‍ 300 ഏക്കര്‍ സ്ഥലമാണ് പദ്ധതിക്കായി ലഭ്യമായിട്ടുള്ളത്. ബാക്കിയുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ജൂണ്‍ മാസത്തോടെ പൂര്‍ത്തീകരിക്കും. ഇത്രയും വലിയൊരു സ്ഥലം കണ്ടെത്തുക എന്നുള്ളത് പ്രയാസകരമായ കാര്യമാണ്. എന്നാല്‍ ഇത് നല്ല രീതിയില്‍ നടപ്പാക്കാന്‍ ജില്ലാ ഭരണകൂടത്തിന് കഴിഞ്ഞു. മുഖ്യമന്ത്രി മുന്‍കൈയെടുത്താണ് ജില്ലയില്‍ സ്ഥലം കണ്ടെത്തിയത്. വിമാനത്താവളത്തിന്റെ അടുത്ത പ്രദേശം എന്നതിനാല്‍ വളരെയേറെ സാധ്യതകള്‍ ഇവിടെയുണ്ട്. കുടിയൊഴിപ്പിക്കാനുള്ള കുടുംബങ്ങളുടെ എണ്ണം വളരെ കുറവാണ് എന്നുള്ളതും ജല ലഭ്യതയുമാണ് ഈ സ്ഥലത്തിന്റെ പ്രത്യേകതയെന്നും മന്ത്രി പറഞ്ഞു. നിരവധി ചര്‍ച്ചകള്‍ക്കും ശില്‍പശാലകള്‍ക്കും ശേഷമാണ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എന്തൊക്കെ സൗകര്യങ്ങള്‍ വേണമെന്ന് തീരുമാനിച്ചത്. 

300 കോടി രൂപ ചെലവില്‍ പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കാനാണ് തീരുമാനം. അത്യാധുനിക സൗകര്യങ്ങളുള്ള റിസര്‍ച്ച് സെന്ററും 100 കിടക്കകളുള്ള ആശുപത്രിയുമാണ് ഒന്നാം ഘട്ടത്തില്‍ നിര്‍മിക്കുക. ഔഷധങ്ങളുടെ കാലവറയായിരുന്നു നമ്മുടെ നാട്. എന്നാല്‍ ഇന്ന് അത് നഷ്ടപെട്ടുകൊണ്ടിരിക്കുകയാണ്. അവയുടെ ഔഷധ ഗുണങ്ങള്‍ പരീക്ഷണത്തിലൂടെ തെളിയിച്ച് അവയ്ക്ക് പേറ്റന്റ് നേടാന്‍ കഴിയണം. അതിനുള്ള വലിയ ഗവേഷണ ശാലയാണ് ഇവിടെ നിര്‍മ്മിക്കുന്നതെന്നും മന്ത്രി അറിയിച്ചു. 

വയോജനങ്ങളെ ബാധിക്കുന്ന അസുഖങ്ങള്‍, കാന്‍സര്‍ എന്നിവയില്‍ ഗവേഷണം ആരംഭിക്കാനാണ് ആദ്യഘട്ടത്തില്‍ ഉദ്ദേശിക്കുന്നത്. ഇന്നോളമുള്ള ആയുര്‍വേദ അറിവുകളും ലോകമെമ്പാടുമുള്ള പാരമ്പര്യ ചികിത്സാ രീതികളും പ്രദര്‍ശിപ്പിക്കുന്ന അന്താരാഷ്ട്ര ആയുര്‍വേദ മ്യൂസിയം, താളിയോലകളിലെ അറിവുകള്‍ ഡിജിറ്റൈസ് ചെയ്ത് സൂക്ഷിക്കുന്ന അത്യന്താധുനിക മാനുസ്‌ക്രിപ്റ്റ് റീഡിങ് സെന്റര്‍, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക്, ശാസ്ത്രജ്ഞന്മാര്‍ക്കുള്ള ക്വാര്‍ട്ടേഴ്സ്, ഫാക്കല്‍റ്റികള്‍ക്കും വിദ്യാര്‍ഥികള്‍ക്കമുള്ള ഹൗസിംഗ് സംവിധാനം എന്നിവ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. 

നിര്‍മാണങ്ങളെല്ലാം പ്രകൃതിസൗഹൃദമായി ചെയ്യാന്‍ കഴിയണം. സെന്ററിന്റെ ചുറ്റുമതില്‍ പോലും മുളപോലുള്ള സസ്യങ്ങളാല്‍ നിര്‍മിതമായിരിക്കും. ഈ മഴക്കാലത്ത് തന്നെ സസ്യങ്ങള്‍ വച്ചുപിടിപ്പിക്കുന്ന പ്രവര്‍ത്തങ്ങള്‍ ആരംഭിക്കണം. പഴമയും പുതുമയും ചേര്‍ന്ന് അത്യാധുനിക സംവിധാനങ്ങളോടെയാവും സെന്ററിന്റെ നിര്‍മാണം. വലിയൊരു ഹെര്‍ബല്‍ ഗാര്‍ഡന്‍ ഉണ്ടാക്കാനും പദ്ധതിയുണ്ട്. രണ്ടാം ഘട്ടത്തില്‍ ആയുര്‍വേദ സസ്യകൃഷി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

പദ്ധതിയുടെ ഭാഗമായി രണ്ട് കുടുംബങ്ങള്‍ക്ക് മാത്രമാണ് വീട് നഷ്ടപ്പെടുന്നത്. ഇവരെ ഈ പ്രദേശത്ത് തന്നെ പുനരധിവസിപ്പിക്കുമെന്നും  തുടര്‍ച്ചയായ മൂന്ന് മാസത്തെ പ്രവര്‍ത്തനത്തിലൂടെയാണ്  സര്‍വ്വേ നടപടികള്‍ പൂര്‍ത്തിയാക്കിയതെന്നും ജില്ലാ  കളക്ടര്‍ മീര്‍ മുഹമ്മദ് അലി പറഞ്ഞു. 

വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ ചെയര്‍മാനും ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി കണ്‍വീനറുമായാണ് സംഘാടക സമിതി രൂപീകരിച്ചത്. ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍, തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, പി കെ ശ്രീമതി ടീച്ചര്‍ എംപി, എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി, കെ വി ഗോവിന്ദന്‍, ഇ കുഞ്ഞിരാമന്‍ എന്നിവര്‍ രക്ഷാധികാരികളാണ്.

കല്യാട്ട് നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് അധ്യക്ഷനായി. ഇരിക്കൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വസന്തകുമാരി, വൈസ് പ്രസിഡന്റ് എം അനില്‍ കുമാര്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ ശ്രീജ (പടിയൂര്‍ കല്ല്യാട്), കെ ടി അനസ് (ഇരിക്കൂര്‍), പടിയൂര്‍ കല്ല്യാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം എം മോഹനന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം സി രാജീവന്‍, ഡിപിഎം ഡോ.  അജിത്, ഡിഎംഒ (ആയുര്‍വേദം) ഡോ. എസ് ആര്‍ ബിന്ദു, ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. 

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: