പ്രചാരണ കൊട്ടിക്കലാശം ഒഴിവാക്കണം; പ്രധാന ടൗണുകളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടുള്ള പ്രചാരണം അനുവദിക്കില്ല


കൊവിഡ് രോഗവ്യാപന സാധ്യത ഒഴിവാക്കാന്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയില്‍ പ്രചാരണത്തിന്റെ കലാശക്കൊട്ട് ഒഴിവാക്കാന്‍ തീരുമാനം. ഇതുസംബന്ധിച്ച് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും ജില്ലാ നേതാക്കള്‍ക്ക് കത്ത് അയക്കും. തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള ക്രമസമാധാന വിഷയങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ഈ തീരുമാനം. തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ ജെ ദേവപ്രസാദിന്റെ സാന്നിധ്യത്തിലായിരുന്നു യോഗം. നേരത്തെ നടന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ജില്ലാ നേതാക്കളുടെ യോഗത്തില്‍ പ്രചാരണ കൊട്ടിക്കലാശം ഒഴിവാക്കാന്‍ ധാരണ ആയിരുന്നു.
വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികള്‍ക്ക് പ്രചാരണത്തിനായി അനുമതി നല്‍കിയിട്ടുള്ള വാഹനങ്ങള്‍ വാര്‍ഡ് പരിധിയില്‍ മാത്രമേ സഞ്ചരിക്കാന്‍ പാടുള്ളൂ. പ്രധാന ടൗണുകളില്‍ വാഹനങ്ങള്‍ നിര്‍ത്തിയിട്ടുള്ള പ്രചാരണം അനുവദിക്കില്ല. പ്രചാരണത്തിന്റെ അവസാന സമയങ്ങളില്‍ എല്ലാ വാഹനങ്ങളും പ്രധാന കേന്ദ്രങ്ങളില്‍ ഒന്നിച്ച് എത്തുന്നതും പ്രവര്‍ത്തകര്‍ കൂട്ടംകൂടുന്നതും ഒഴിവാക്കണമെന്നും കൊവിഡ് സാഹചര്യത്തില്‍ കൊട്ടിക്കലാശം ഒഴിവാക്കണമെന്നും അഭ്യര്‍ഥിച്ചാണ് ജില്ലാ കലക്ടര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കത്ത് നല്‍കുക. ഇക്കാര്യത്തില്‍ പ്രാദേശിക തലത്തില്‍ രാഷ്ട്രീയപാര്‍ട്ടി നേതാക്കളുമായും സ്ഥാനാര്‍ഥികളുമായും ആശയവിനിമയം നടത്തി ആവശ്യമായ ക്രമീകരണങ്ങളും തീരുമാനങ്ങളും കൈക്കൊള്ളാന്‍ പൊലീസിന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.
ജില്ലയില്‍ പ്രശ്‌ന സാധ്യത ബൂത്തുകള്‍ ഉള്‍പ്പെടെയുള്ള ബൂത്തുകളുടെ സുരക്ഷാ ക്രമീകരണങ്ങള്‍, വോട്ടെടുപ്പ് ദിവസത്തെ പൊലീസ് വിന്യാസം, പോളിങ്ങ് സാമഗ്രികളുടെ വിതരണ കേന്ദ്രങ്ങളുടെയും വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെയും സുരക്ഷാ സജ്ജീകരണങ്ങള്‍ എന്നീ വിഷയങ്ങള്‍ യോഗം വിലയിരുത്തി. പോളിങ്ങ് സാമഗ്രികളുടെ വിതരണ കേന്ദ്രത്തില്‍ സുരക്ഷയും കൊവിഡ് പ്രോട്ടോക്കോളും ഉറപ്പാക്കാനാവശ്യമായ പൊലീസ് സംവിധാനം ഒരുക്കിയതായി ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര യോഗത്തില്‍ അറിയിച്ചു. 20 കേന്ദ്രങ്ങളിലും ഒരു എസ്‌ഐയും മൂന്ന് പൊലീസുകാരും അടങ്ങിയ സംഘമാണ് സുരക്ഷക്കായി ഉണ്ടാവുക. പോളിങ്ങ് കഴിഞ്ഞ് ഇവിഎം എത്തുന്നതോടെ 21 പേരടങ്ങിയ പൊലീസ് സംഘം സുരക്ഷാ ചുമതല ഏറ്റെടുക്കും.
മാവോയിസ്റ്റ് സാന്നിധ്യമുള്ള ബൂത്തുകളില്‍ പോളിങ്ങ് ദിവസം തണ്ടര്‍ബോള്‍ട്ട് സംഘം ഉള്‍പ്പെടെയുള്ള പൊലീസ് സേനയെ വിന്യസിക്കും. നാല് പേരടങ്ങിയ സായുധ പൊലീസ് ഇത്തരം ഓരോ ബൂത്തുമുള്ള കെട്ടിടത്തില്‍ ഉണ്ടാകും. ഇതിനു പുറമെ തണ്ടര്‍ബോള്‍ട്ട് സംഘവും പെട്രോളിങ്ങ് സംഘവും റോന്ത് ചുറ്റുകയും ചെയ്യും.
പോളിങ്ങ് സാമഗ്രികള്‍ വിതരണം ചെയ്യുന്ന കേന്ദ്രത്തില്‍ തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക സമയക്രമം അനുസരിച്ചുള്ള ക്രമീകരണം ചെയ്തതായി ജില്ലാ കലക്ടര്‍ പറഞ്ഞു. വിതരണ കേന്ദ്രങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഓരോ തഹസില്‍ദാര്‍മാര്‍ക്ക് ചുമതലയും നല്‍കിയിട്ടുണ്ട്. പോളിങ്ങ് സാമഗ്രികള്‍ ഒരു കിറ്റായി ഓരോ ടീമിന്റെയും വാഹനത്തില്‍ എത്തിച്ച് നല്‍കും. ഇവിഎം ഏറ്റുവാങ്ങുന്നതിനായി ഓരോ ടീമില്‍ നിന്ന് രണ്ട് പേര്‍ മാത്രം വിതരണ കൗണ്ടറില്‍ ചെന്നാല്‍ മതിയെന്നും മറ്റുള്ളവര്‍ വാഹനങ്ങളില്‍ തന്നെ ഇരുന്നാല്‍ മതിയെന്നും കലക്ടര്‍ അറിയിച്ചു.
യോഗത്തില്‍ ജില്ലാ പൊലീസ് മേധാവി യതീഷ്ചന്ദ്ര, എഡിഎം ഇ പി മേഴ്‌സി, സബ് കലക്ടര്‍ അനുകുമാരി, അസിസ്റ്റന്റ് കലക്ടര്‍ ആര്‍ ശ്രീലക്ഷ്മി, ഡെപ്യൂട്ടി കലക്ടര്‍ ( ഇലക്ഷന്‍) കെ എം അബ്ദുള്‍ നാസര്‍, ഡിവൈഎസ്പിമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും സംബന്ധിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: