വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് തുടങ്ങി

തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ സ്ഥാനാര്‍ഥികളുടെ പേര് സെറ്റ് ചെയ്യുന്ന കമ്മീഷനിംഗ് പ്രവൃത്തി ജില്ലയില്‍ ആരംഭിച്ചു. ജില്ലയില്‍ 20 കേന്ദ്രങ്ങളിലെ ഗ്രാമപഞ്ചായത്തുകള്‍, കണ്ണൂര്‍ കോര്‍പ്പറേഷന്‍, 11 ബ്ലോക്ക് പഞ്ചായത്തുകള്‍, എട്ട് നഗരസഭകള്‍ എന്നിവിടങ്ങളിലേക്കുള്ള വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് ആണ് നടക്കുന്നത്.
വിവിധ പഞ്ചായത്തുകളിലായി 2385, നഗരസഭകളില്‍ 410, കോര്‍പ്പറേഷനില്‍ 190  എന്നിങ്ങനെ 2985 വോട്ടിംഗ് യന്ത്രങ്ങളാണ് വിതരണം ചെയ്യുന്നത്. കോര്‍പ്പറേഷനിലും നഗരസഭകളിലും വോട്ടിംഗ് യന്ത്രങ്ങളുടെ 25 ശതമാനവും പഞ്ചായത്തുകളില്‍ രണ്ട് ശതമാനവും റിസര്‍വായി നല്‍കുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ ഉള്‍പ്പെടെയാണിത്.
ജില്ലയില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് സ്റ്റേഷനുകള്‍ ഉള്ള തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തിലേക്ക് (270 പോളിംഗ് സ്റ്റേഷനുകളാണ് ഇവിടെയുള്ളത്) നല്‍കുന്നത് 320  കണ്‍ട്രോള്‍ യൂണിറ്റുകളും 960 ബാലറ്റ് യൂണിറ്റുകളുമാണ്. 50 കണ്‍ട്രോള്‍ യൂണിറ്റുകള്‍ റിസര്‍വായി സൂക്ഷിക്കും. ഏറ്റവും കുറവ് പോളിംഗ് ബൂത്തുകള്‍ ഉള്ള പാനൂര്‍ ബ്ലോക്കിലെ 118 ബൂത്തുകളിലേക്കായി റിസര്‍വടക്കം 140 കണ്‍ട്രോള്‍ യൂണിറ്റുകളാണ് സജ്ജമാക്കിയിട്ടുള്ളത്.  കണ്ണൂര്‍ കോര്‍പ്പറേഷനിലേക്ക് 190 യന്ത്രങ്ങള്‍ ആണ് നല്‍കുക.
ഹൈദരാബാദിലെ ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയിലെ എഞ്ചിനീയര്‍മാര്‍ യന്ത്രങ്ങളുടെ പരിശോധന പൂര്‍ത്തിയാക്കിയ ശേഷമാണ് കമ്മീഷന്‍ ചെയ്തത്. ഡിസംബര്‍ 11 ന് വെള്ളിയാഴ്ച കമ്മീഷനിംഗ് പൂര്‍ത്തിയാകും. നിലവില്‍  വോട്ടിംഗ് യന്ത്രങ്ങള്‍ ബ്ലോക്ക് തല വിതരണ കേന്ദ്രങ്ങളിലെ സ്‌ട്രോംഗ് റൂമിലാണ് സൂക്ഷിച്ചിരിക്കുന്നത്.  13ന് രാവിലെ എട്ട് മണി മുതല്‍ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഉള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് സാമഗ്രികള്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക്  വിതരണം ചെയ്യും.
വോട്ടിംഗ് യന്ത്രങ്ങള്‍ ലിങ്ക് എറര്‍ പോലുള്ള തകരാറുകള്‍ ഉണ്ടായാല്‍ പരിഹരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഹാന്റ് ബുക്കില്‍ നല്‍കിയിട്ടുണ്ട്.  അതിനു പുറമെ വരുന്ന സാങ്കേതിക തകരാറുകള്‍ പരിശോധിക്കാന്‍  പ്രത്യേക സംഘത്തെയും തയ്യാറാക്കിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് സാമഗ്രികളുടെയും വോട്ടിംഗ് യന്ത്രങ്ങളുടെയും ചുമതലയുള്ള നോഡല്‍ ഓഫീസര്‍ കൂടിയായ പഞ്ചായത്ത്  ഡെപ്യൂട്ടി ഡയറക്ടര്‍ ടി ജെ അരുണ്‍ അറിയിച്ചു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: