‘ഞങ്ങൾ വിദേശത്താണ്’: വോട്ട് അനുവദിക്കരുത് പ്രവാസികളുടെ ഹർജി

തളിപ്പറമ്പ്:പട്ടുവം പഞ്ചായത്തില്‍ പ്രവാസികളുടെ കള്ളവോട്ടുകള്‍ ചെയ്യുന്നത് തടയണണമെന്ന് ആവശ്യപ്പെട്ട്  വോട്ടര്‍പട്ടികയില്‍ പേരുള്ള  പ്രവാസികള്‍ ഹൈക്കോടതിയെ സമീപിച്ചു. വോട്ടുചെയ്യാന്‍ നാട്ടിലെത്താന്‍ കഴിയാത്ത 116 വോട്ടര്‍മാരാണ് കോടതിയെ സമീപിച്ചത്. അഡ്വ.എം മുഹമ്മദ് ഷാഫി മുഖേനയാണ് ഹരജി നല്‍കിയത്.
പട്ടുവം പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ട 10പ്രവാസികളും രണ്ടാം വാര്‍ഡിലെ 30 പ്രവാസികളും ഏഴാം വാര്‍ഡിലെ 27 പേരും പത്താം വാര്‍ഡിലെ 22 പേരും വാര്‍ഡ് 11ലെ 12 പേരും 12ാം വാര്‍ഡിലെ 11 പേരും 13ാം വാര്‍ഡിലെ നാലുപേരുമാണ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ തങ്ങളുടെ വോട്ടുകള്‍ ആള്‍മാറാട്ടത്തിലൂടെ ചെയ്തിട്ടുണ്ടെന്നും ഇത്തവണ ഇതിന് അനുവദിക്കരുതെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു. ജിസിസി പട്ടുവം പഞ്ചായത്ത് കെഎംസിസിയുടെയും വ്യത്യസ്ത വാട്‌സ്ആപ്പ് കൂട്ടായ്മയുടെ  നേതൃത്വത്തിലാണ്  ഹരജി നല്‍കിയത്. ഇതിനായി ഒന്നരമാസം മുമ്പേ നടപടികള്‍ തുടങ്ങിയിരുന്നു.യുഎഇ,കുവൈറ്റ്, സഊദി അറേബ്യ എന്നിവിടങ്ങളിലുള്ള പ്രവാസികളാണ് ഹരജി നല്‍കിയത്. ഇതിനായി വക്കാലത്ത് എംബസി അസ്റ്റസ്റ്റേഷന്‍ നടപടികളും പൂര്‍ത്തിയാക്കിയിരുന്നു.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പട്ടുവത്തെ വിവിധ ബൂത്തുകളില്‍ സംഘര്‍ഷമുണ്ടായിരുന്നു. പ്രവാസികളുടെ വോട്ടുകള്‍ ഉള്‍പ്പെടെ ചെയ്തതായി വിവരാവകാശ രേഖകള്‍ പ്രകാരം കണ്ടെത്തിയിരുന്നു. ഇതിന്റെ പകര്‍പ്പുകളും ഹരജിക്കാര്‍ ഹൈകോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.തങ്ങള്‍ വേട്ടു ചെയ്യാന്‍ എത്തില്ലെന്നുള്ള പ്രത്യേക സത്യവാങ്ങ്മൂലവും ഇതോടൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്. വോട്ടുകള്‍ രേഖപ്പെടുത്തിയാല്‍ ഇത്തരക്കാര്‍ക്കെതിരെയും ഇതിനു സൗകര്യം ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെയും നിയമ നടപടി സ്വീകരിക്കുമെന്നും കെഎംസിസി നേതാക്കള്‍ അറിയിച്ചു. ഇതിനു പുറമെ ഒന്ന് രണ്ട് വാര്‍ഡുകളിലെ  വോട്ടു ചെയ്യാന്‍ കഴിയാത്ത 16 രോഗികളും വൃദ്ധരും  വോട്ട് മറ്റുള്ളവര്‍ ചെയ്യുന്നത് തടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.  പഞ്ചായത്തിലെ മൂന്ന് ബൂത്തുകളില്‍ പ്രത്യേക സംരക്ഷണം ആവശ്യപ്പെട്ട് യുഡിഎഫ് കമ്മിറ്റിയും ഹൈക്കോടതിയെ സമീപിച്ചിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: