കണ്ണൂർ ഏരുവേശ്ശി പഞ്ചായത്തിലെ മുഴുവൻ വോട്ടർമാർക്കും സംരക്ഷണം ഏർപ്പെടുത്തണമെന്ന് ഹൈക്കോടതി

ശ്രീകണ്ഠപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ഏരുവേശ്ശി പഞ്ചായത്തിലെ മുഴുവൻ വോട്ടർമാർക്കും സ്ഥാനാർഥികൾക്കും ബൂത്ത് ഏജൻറുമാർക്കും സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. 14 വാർഡുകളിലെ മുഴുവൻ ബൂത്തുകളിലും സുരക്ഷ ഏർപ്പെടുത്തണമെന്നും നിർദേശിച്ചിട്ടുണ്ട്.
ബ്ലോക്ക് പഞ്ചായത്ത് സ്ഥാനാർഥിയുടെ ഏജന്റുമാരായ പരത്തനാൽ ജോസ്, വെട്ടിക്കൽ ജോയി എന്നിവർ അഡ്വ. വി.എ. സതീശൻ മുഖേന നൽകിയ ഹർജിയിലാണ് ജസ്റ്റിസ് രാജാ വിജയരാഘവൻ ഉത്തരവിട്ടത്. സംസ്ഥാന്ന തിരഞ്ഞെടുപ്പ് കമ്മിഷൻ, കളക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവർക്കാണ് ഉത്തരവ് നൽകിയിട്ടുള്ളത്. വീഴ്ച വരുത്തിയാൽ കോടതി വിധി ലംഘിച്ചതിന് കേസ് വരും. വീട്ടിൽ നിന്നിറങ്ങി വോട്ട് ചെയ്ത് തിരികെ വീട്ടിലെത്തുന്നതുവരെ പോലീസ് സുരക്ഷയൊരുക്കണം.
ഏരുവേശ്ശി പഞ്ചായത്തുമായി ബന്ധപ്പെട്ട് കള്ളവോട്ട് വിവാദത്തിൽ നേരത്തെ സുപ്രധാന വിധിയുണ്ടായിട്ടുണ്ട്. 2014-ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 58 പേർ കള്ളവോട്ട് ചെയ്തുവെന്ന് കണ്ടെത്തി കോൺഗ്രസ് നേതാവ് ജോസഫ് കൊട്ടുകാപ്പള്ളി നിയമയുദ്ധം നടത്തിയിരുന്നു. അതിൽ കള്ളവോട്ടിന് കൂട്ടുനിന്ന അഞ്ച് ഉദ്യോഗസ്ഥർക്കെതിരേ കേസെടുത്തിരുന്നു. എന്നാൽ കള്ളവോട്ട് ചെയ്തവർക്കെതിരെ കേസെടുക്കാത്തതിനെത്തുടർന്ന് ജോസഫ് കൊട്ടുകാപ്പള്ളി തളിപ്പറമ്പ് കോടതിയിൽ സമർപ്പിച്ച ഹർജിയിൽ അവരെ കണ്ടെത്തി കേസെടുക്കാൻ കോടതി ഉത്തരവിട്ടിരുന്നു. പട്ടാളക്കാർ ഉൾപ്പെടെ സ്ഥലത്തില്ലാതിരുന്നവരുടെ വോട്ടാണ് അന്ന് ചെയ്തത്. ഇവരിൽനിന്ന് മൊഴിയെടുത്ത് ആരൊക്കെയാണ് വോട്ട് ചെയ്തതെന്ന് കണ്ടെത്തണമെന്നായിരുന്നു കോടതി ഉത്തരവ്. കഴിഞ്ഞ മാസമാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഈ വിധി നിലനിൽക്കെയാണ് തദേശസ്വയംഭരണ തിരഞ്ഞെടുപ്പിൽ കള്ളവോട്ട് തടയാൻവേണ്ടി കോൺഗ്രസ് വീണ്ടും കോടതിയെ സമീപിച്ചത്. നേരത്തെ കള്ളവോട്ടിനെതിരേ നടത്തിയ നിയമയുദ്ധത്തിന്റെ തുടർച്ചയായ വിജയമാണ് പുതിയ വിധിയെന്ന് യു.ഡി.എഫ്. നേതാക്കളായ ജോസഫ് കൊട്ടുകാപ്പള്ളി, ജോസ് പരത്തനാൽ, ജോയി കുഴിവേലിപ്പുറം എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.