കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് ദമാമിലേക്കും ജിദ്ദയിലേക്കുമുള്ള വിമാന സര്‍വ്വീസുകള്‍ ഉടന്‍ ; മുഖ്യമന്ത്രി

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ദമാമിലേക്കും ജിദ്ദയിലേക്കുമുള്ള വിമാന സര്‍വ്വീസുകള്‍ ഉടന്‍ ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

ദമാമിലേക്കുള്ള ഗോ എയര്‍ സര്‍വ്വീസ് ഡിസംബര്‍ 19ന് ആരംഭിക്കും. ജിദ്ദയിലേക്ക് സര്‍വ്വീസ് നടത്താന്‍ എയര്‍ ഇന്ത്യ തയ്യാറാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിലവില്‍ എമിറേറ്റ്‌സ്, ഇത്തിഹാദ് തുടങ്ങിയ വലിയ വിദേശ വിമാനങ്ങള്‍ കണ്ണൂരിലേക്ക് സര്‍വ്വീസ് നടത്താന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വിദേശ വിമാനകമ്പനികള്‍ക്ക് അനുമതി നല്കണമെന്ന് സംസ്ഥാന സര്‍ക്കാരും കിയാലും കേന്ദ്ര വ്യോമയാന മന്ത്രാലയത്തോട് നിരവധി തവണ ആവശ്യപ്പെട്ടെങ്കിലും അനുമതി ലഭിച്ചിട്ടില്ലെന്നും കേന്ദ്രത്തില്‍ നിന്നുള്ള അനുമതി ലഭിക്കുമെന്ന് ഉറച്ച പ്രതീക്ഷയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലും സമീപപ്രദേശങ്ങളിലും നിക്ഷേപം നടത്താന്‍ നാട്ടുകാരും വിദേശ മലയാളികളും പ്രവാസി സംഘടനകളും മുന്നോട്ടുവരണമെന്നും ജനങ്ങളുടെ പിന്തുണ ആവശ്യമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: