മറുപടി നൽകുന്നതിൽ പൊതുവിവരാവകാശ  ഓഫീസർമാർ ജാഗ്രത കാണിക്കണം-കമീഷൻ

വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷകൾക്ക് മറുപടി നൽകുന്നതിൽ ബന്ധപ്പെട്ട പൊതുവിവരാവകാശ ഓഫീസർമാർ കൂടുതൽ ഉത്തരവാദിത്ത ബോധവും ജാഗ്രതയും കാണിക്കണമെന്ന് സംസ്ഥാന വിവരാവകാശ കമീഷനംഗം കെ.വി. സുധാകരൻ കണ്ണൂർ കലക്ടറേറ്റിൽ നടത്തിയ സിറ്റിംഗിൽ പറഞ്ഞു. യഥാസമയം മറുപടി കൊടുക്കാതിരിക്കുന്നത് പോലെ തന്നെ കുറ്റകരമാണ് അവ്യക്തവും തെറ്റിദ്ധാരണാജനകവുമായ മറുപടി നൽകുന്നതും. അപേക്ഷകരുടെ അറിയാനുള്ള അവകാശം ദുർബ്ബലമായ ന്യായവാദങ്ങൾ നിരത്തി നിഷേധിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

പല പൊതുവിവരാവകാശ ഓഫീസർമാരും ഒന്നാം അപ്പീൽ അധികാരിയായ അവരുടെ മേലുദ്യോഗസ്ഥന്റെ നിർദേശമോ തീരുമാനമോ പോലും അനുസരിക്കാതിരിക്കുന്നത് ഗുരുതരമായ കൃത്യവിലോപമാണ്. അത് നടപടികൾ ആവശ്യപ്പെടുന്ന അച്ചടക്ക ലംഘനവുമാണ്. കമീഷൻ പരിഗണിച്ച അപ്പീലുകളിൽ പൊതു വിവരാവകാശ ഓഫീസർമാരായ ഏതാനും പഞ്ചായത്ത് സെക്രട്ടറിമാർ അപ്പീൽ അധികാരിയായ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ തീരുമാനങ്ങളും നിർദേശങ്ങളും അനുസരിച്ച് പ്രവർത്തിച്ചില്ലെന്ന് കമീഷന് ബോധ്യപ്പെട്ടു. ഇതിന് വേങ്ങാട്, എരമം-കുറ്റൂർ, ആലക്കോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരോട് വിശദീകരണം തേടും.

ഒരു കേസിൽ അപ്പീൽ അധികാരിയായ കണ്ണൂർ സർവകലാശാല രജിസ്ട്രാർ നിയമം അനുശാസിക്കുന്ന മട്ടിൽ അപ്പീൽ തീർപ്പാക്കാതിരുന്നത് ഗുരുതര കൃത്യവിലോപമാണെന്ന് കമീഷൻ നിരീക്ഷിച്ചു. ഇക്കാര്യത്തിൽ രജിസട്രാർ വിശദീകരണം നൽകാൻ കമീഷൻ ആവശ്യപ്പെടും.

വനം വകുപ്പ് ഡി.എഫ്.ഒ ഓഫീസിൽ വിവരാവകാശ നിയമപ്രകാരം നൽകിയ പരാതിയിൽ സഭ്യമല്ലാത്ത പ്രയോഗങ്ങൾ നടത്തിയതിനാൽ കെ.പി പ്രഭാകരൻ നൽകിയ അപ്പീൽ പരിഗണിക്കാൻ കഴിയില്ലെന്ന് കമീഷൻ വ്യക്തമാക്കി. അപേക്ഷകർ അപേക്ഷ നൽകുമ്പോൾ ന്യായയുക്തമായ ഭാഷ ഉപയോഗിക്കാൻ ശ്രദ്ധിക്കണമെന്ന് കമീഷൻ വ്യക്തമാക്കി. 20 കേസുകളാണ് കമീഷൻ പരിഗണിച്ചത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: