ജില്ലാ സ്‌കൂൾ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു

നവംബർ 22 മുതൽ 26 വരെ കണ്ണൂരിൽ നടക്കുന്ന റവന്യു ജില്ലാ സ്‌കൂൾ കലോത്സവത്തിന്റെ ലോഗോ കലക്ടർ എസ് ചന്ദ്രശേഖർ ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ വി എ ശശീന്ദ്രവ്യാസിന് നൽകി പ്രകാശനം ചെയ്തു. നഗരത്തിലെ 16 വേദികളിലായാണ് കലോത്സവം നടക്കുക. 15 ഉപജില്ലകളിൽ നിന്നുള്ള 13,000 കുട്ടികൾ പങ്കെടുക്കും. കാണികളും രക്ഷിതാക്കളും ഉൾപ്പടെ 25000 പേരെയാണ് പ്രതീക്ഷിക്കുന്നത്. ദിവസവും 5000 പേർക്കുള്ള ഭക്ഷണം ഒരുക്കും. പൂർണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ചായിരിക്കും കലോത്സവം നടക്കുക. കലക്ടറുടെ ചേമ്പറിൽ നടന്ന പ്രകാശന ചടങ്ങിൽ എസ് എസ് കെ ജില്ലാ കോ-ഓർഡിനേറ്റർ ഇ സി വിനോദ്, ഹയർസെക്കണ്ടറി ജില്ലാ കോ-ഓർഡിനേറ്റർ ടി വി വിനോദ്, ഡയറ്റ് പ്രിൻസിപ്പൽ ഡോ. കെ വിനോദ്കുമാർ, ഡി ഡി ഇ ഓഫീസ് സൂപ്രണ്ട് സി ബീന, പ്രോഗ്രാം കമ്മിറ്റി വൈസ് ചെയർമാൻ കെ രമേശൻ മാസ്റ്റർ, പബ്ലിസിറ്റി കൺവീനർ വി വി രതീഷ് എന്നിവർ പങ്കെടുത്തു. കാസർകോട് ഉദുമ സ്വദേശി മനോജ് മേഘയാണ് ലോഗോ രൂപകൽപന ചെയ്തത്.