10 വിക്കറ്റ് പരാജയവുമായി ഇന്ത്യ ഫൈനല്‍ കാണാതെ പുറത്ത്

അഡ്ലെയ്ഡ്: ദയനീയം… ഇംഗ്ലണ്ടിനോട് പത്തുവിക്കറ്റിന് തോറ്റ് ഇന്ത്യ ഐ.സി.സി. ട്വന്റി 20 ലോകകപ്പ് ഫൈനല്‍ കാണാതെ പുറത്ത്. സെമി ഫൈനലില്‍ ഇന്ത്യയെ ഇംഗ്ലണ്ട് നാണം കെടുത്തി. ഇന്ത്യ ഉയര്‍ത്തിയ 169 റണ്‍സ് വിജയലക്ഷ്യം ഇംഗ്ലണ്ട് വെറും 17 ഓവറില്‍ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ മറികടന്നു. സ്കോര്‍: ഇന്ത്യ 20 ഓവറില്‍ ആറിന് 168, ഇംഗ്ലണ്ട് 16 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ 170.
ഓപ്പണര്‍മാരായ ജോസ് ബട്ലറും അലക്സ് ഹെയ്ല്‍സുമാണ് ഇംഗ്ലണ്ടിന് കൂറ്റന്‍ വിജയം സമ്മാനിച്ചത്. ആദ്യ വിക്കറ്റില്‍ ഇരുവരും 170 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. ഹെയ്ല്‍സ് 86 റണ്‍സെടുത്തും ബട്ലര് 80 റണ്‍സ് നേടിയും പുറത്താവാതെ നിന്നു. ഈ വിജയത്തോടെ ഇംഗ്ലണ്ട് ഫൈനലിലെത്തി. കലാശപ്പോരില്‍ പാകിസ്താനാണ് ഇംഗ്ലണ്ടിന്റെ എതിരാളി.
169 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് വേണ്ടി തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ അലക്സ് ഹെയ്ല്‍സും ജോസ് ബട്ലറും ചേര്‍ന്ന് നല്‍കിയത്. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച ഇരുവരും ഇന്ത്യന്‍ ബൗളര്‍മാരെ അനായാസം നേരിട്ടു. ആദ്യ അഞ്ചോവറില്‍ തന്നെ 52 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. പവര്‍പ്ലേ അവസാനിക്കുമ്പോള്‍ ഇംഗ്ലണ്ട് വിക്കറ്റ് നഷ്ടമില്ലാതെ 63 റണ്‍സെടുത്തു. ഇന്ത്യയാകട്ടെ പവര്‍പ്ലേയില്‍ വെറും 38 റണ്‍സ് മാത്രമായിരുന്നു നേടിയത്.
അലക്സ് ഹെയ്ല്‍സായിരുന്നു കൂടുതല്‍ അപകടകാരി. വെറും 28 പന്തുകളില്‍ നിന്ന് താരം അര്‍ധസെഞ്ചുറി നേടി. 10.2 ഓവറില്‍ ഹെയ്ല്‍സും ബട്ലറും സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഇന്ത്യന്‍ ബൗളര്‍മാരെയെല്ലാം ഇരുവരും ചേര്‍ന്ന് അടിച്ചൊതുക്കി. പിന്നാലെ ബട്ലറും അര്‍ധസെഞ്ചുറി നേടി. 36 പന്തുകളില്‍ നിന്നാണ് ഇംഗ്ലീഷ് നായകന് അര്‍ധശതകം കുറിച്ചത്. പിന്നാലെ ഇംഗ്ലണ്ട് സ്കോര്‍ 150 കടക്കുകയും ചെയ്തു.
13-ാം ഓവറിലെ അവസാന പന്തില്‍ ബട്ലറെ ക്യാച്ചെടുത്ത് പുറത്താക്കാനുള്ള അവസരം സൂര്യകുമാര്‍ യാദവ് പാഴാക്കി. പിന്നാലെ ഇംഗ്ലണ്ട് അനായാസ വിജയം സ്വന്തമാക്കി ഫൈനലിലേക്ക് ടിക്കറ്റെടുത്തു. ഹെയ്ല്‍സ് 47 പന്തുകളില്‍ നിന്ന് നാല് ഫോറിന്റെയും ഏഴ് സിക്സിന്റെയും സഹായത്തോടെ 86 റണ്‍സെടുത്തപ്പോള്‍ ബട്ലര് 49 പന്തുകളില്‍ നിന്ന് ഒന്‍പത് ഫോറിന്റെയും മൂന്ന് സിക്സിന്റെയും അകമ്പടിയോടെ 80 റണ്‍സ് നേടി.
40 പന്തുകള്‍ നേടിയ കോലി ഒരു സിക്സും നാല് ഫോറുമടക്കം 50 റണ്‍സടുത്തു.
ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് രണ്ടാം ഓവറില്‍ തന്നെ ഓപ്പണര്‍ കെ.എല്‍ രാഹുലിനെ (5) നഷ്ടമായി. ക്രിസ് വോക്സിനായിരുന്നു വിക്കറ്റ്. പിന്നാലെ രോഹിത്തും കോലിയും ചേര്‍ന്ന് സ്കോര്‍ 56 വരെയെത്തിച്ചെങ്കിലും സ്കോറിങ് വേഗം കുറവായിരുന്നു. പവര്‍പ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 38 റണ്‍സ് മാത്രമാണ് ഇന്ത്യയ്ക്ക് നേടാനായത്.
28 പന്തില്‍ നിന്ന് 27 റണ്‍സെടുത്ത രോഹിത്തിനെ ഒമ്പതാം ഓവറില്‍ ക്രിസ് ജോര്‍ദാന്‍ പുറത്താക്കി. പിന്നീടെത്തിയ ഇന്ത്യയുടെ വിശ്വസ്തനായ താരം സൂര്യകുമാര്‍ യാദവ് 14 റണ്‍സ് മാത്രമെടുത്ത് പുറത്തായതോടെ ഇന്ത്യ പതറി.
പിന്നാലെ നാലാം വിക്കറ്റില്‍ കോലിക്കൊപ്പം ഹാര്‍ദിക് പാണ്ഡ്യയെത്തിയതോടെയാണ് ഇന്ത്യന്‍ സ്കോര്‍ അല്പം വേഗത്തിലായത്. ഇരുവരും കൂട്ടിച്ചേര്‍ത്ത 61 റണ്‍സാണ് ഇന്ത്യന്‍ ഇന്നിങ്സ് ട്രാക്കിലാക്കിയത്. 18-ാം ഓവറില്‍ കോലി മടങ്ങിയതിനു പിന്നാലെ തകര്‍ത്തടിച്ച പാണ്ഡ്യയാണ് സ്കോര്‍ 111-ല്‍ എത്തിച്ചത്. ഋഷഭ് പന്ത് ആറ് റണ്‍സെടുത്ത് പുറത്തായി.
ഈ ടീമിനെ വെച്ചു ഇത്ര എത്തിയത് തന്നെ ഭാഗ്യം