പയ്യന്നൂരിൽ കഞ്ചാവ് വേട്ട ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

പയ്യന്നൂർ: വിൽപനക്കായി കൊണ്ടുവന്ന കഞ്ചാവു ശേഖരവുമായി ഇതര സംസ്ഥാന തൊഴിലാളിപിടിയിൽ.
പശ്ചിമ ബംഗാൾ മുർഷീദാബാദ് സ്വദേശി എസ്.കെ.നാജിറുളിനെ(35)യാണ് 1.310 കിലോകഞ്ചാവുമായി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എൻ.വൈശാഖിൻ്റെ നേതൃത്വത്തിൽ എക്സൈസ് സംഘം പിടികൂടിയത്.
ഇന്നലെ രാത്രി 9.30 മണിയോടെ പയ്യന്നൂർ -കോറോം റോഡിൽ വെച്ചാണ് പ്രതി പിടിയിലായത്. പയ്യന്നൂരിൽ വിൽപനക്കായി കഞ്ചാവ് മൊത്ത വിതരണക്കാരൻ കൈമാറിയ കഞ്ചാവ് ശേഖരവുമായി ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലത്തേക്ക് നടന്നു പോകുന്നതിനിടെ സംശയം തോന്നിയ എക്സൈസ് സംഘം പരിശോധിച്ചപ്പോഴാണ് 1.310 കിലോ കഞ്ചാവ് കണ്ടെത്തിയത്.
പയ്യന്നൂർ പ്രദേശത്തെ യുവാക്കൾക്കും വിദ്യാർത്ഥികൾക്കും കഞ്ചാവ് എത്തിച്ചു കൊടുക്കുന്ന പ്രധാന കണ്ണിയാണ് പിടിയിലായത്. ദിവസങ്ങളോളം നടത്തിയ നിരീക്ഷത്തിലാണ് പ്രതിയെ എക്സൈസ് സംഘം പിടികൂടിയത്.
റെയ്ഡിൽ പ്രിവന്റീവ് ഓഫീസർമാരായ പ്രകാശൻ ആലക്കൽ,സജിത്ത് കുമാർ പിഎംകെ, സിവിൽ എക്സൈസ് ഓഫീസർമാരായവിനോദ്, സനേഷ്,ഡ്രൈവർ പ്രദീപൻ എന്നിവരും ഉണ്ടായിരുന്നു