അഞ്ചരക്കണ്ടി കൊവിഡ് സെന്റര്‍ മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റിന് വ്യവസ്ഥകളോടെ കൈമാറി

 ദുരന്തനിവാരണ നിയമപ്രകാരം ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഏറ്റെടുത്ത് കൊവിഡ് ട്രീറ്റ്‌മെന്റ് സെന്ററാക്കി മാറ്റിയ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ്  മാനേജ്‌മെന്റിന് തിരിച്ച് കൈമാറി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് ഉത്തരവായി.  ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് നടപടി. മെഡിക്കല്‍ പി ജി വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജിയെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം.    കൊവിഡ് രോഗികള്‍ ഉള്‍പ്പെടെ ആശുപത്രിയുടെ പൂര്‍ണമായ നിയന്ത്രണം കോളേജ് അധികൃതര്‍ക്ക് കൈമാറാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തയ്യാറാണെന്ന് ജില്ലാ കലക്ടര്‍ കോടതിയെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇതിനാവശ്യമായ ഉത്തരവ് പുറപ്പെടുവിക്കാന്‍ ഹൈക്കോടതി ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്നാണ് വ്യക്തമായ മാര്‍ഗ നിര്‍ദേശങ്ങളോടെ ജില്ലാ കലക്ടര്‍ ഉത്തരവിറക്കിയത്.  കോളേജ് അധികാരികള്‍ ആശുപത്രി പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കുന്നതും കൊവിഡ് ചികിത്സയും സംബന്ധിച്ച് വിശദമായ കര്‍മ പദ്ധതി തയ്യാറാക്കി  ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് നല്‍കേണ്ടതാണ്.   

ആശുപത്രി മാനേജ്‌മെന്റിന്റെ നേതൃത്വത്തില്‍ കുറഞ്ഞത് 200 കൊവിഡ് രോഗികള്‍ക്ക് ചികിത്സ നല്‍കണമെന്നും 15 ഐസിയു കിടക്കകളും അഞ്ച് വെന്റിലേറ്ററുകളും  കൊവിഡ് രോഗികള്‍ക്കായി മാറ്റിവെക്കണമെന്നും നിര്‍ദേശമുണ്ട്. ആശുപത്രി പ്രവര്‍ത്തനം സ്വന്തം ജീവനക്കാരെ ഉപയോഗിച്ച് നടത്തേണ്ടതാണ്.  ആശുപത്രി ജീവനക്കാര്‍ക്ക് കൊവിഡ് ചികിത്സയ്ക്കാവശ്യമായ പരിശീലനം നല്‍കേണ്ടതാണ്. ഇത് പൂര്‍ത്തിയാകുന്ന മുറക്ക് നിലവില്‍ കൊവിഡ് ചികിത്സയ്ക്ക് നിയോഗിച്ചിട്ടുള്ള ജീവനക്കാരെ പിന്‍വലിക്കാം. നിലവില്‍ ചികിത്സയിലുള്ള കൊവിഡ് രോഗികളെ മെഡിക്കല്‍ കോളേജ് സൗജന്യമായി തന്നെ തുടര്‍ന്നും ചികിത്സിക്കേണ്ടതാണ്. കൈമാറ്റത്തിന് ശേഷം പ്രവേശിപ്പിക്കപ്പെടുന്ന രോഗികളില്‍ നിന്ന് കാസ്പ് നിരക്ക് മാത്രമേ ഈടാക്കാവൂ.  ആശുപത്രിയെ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കെഎഎസ്പി)യില്‍ എംപാനല്‍ ചെയ്യും. ജില്ലാ ആരോഗ്യ വകുപ്പ് ഇവിടെ സ്ഥാപിച്ചിട്ടുള്ള  ഉപകരണങ്ങള്‍ തിരിച്ചെടുക്കുമെന്നും ഉത്തരവില്‍ പറയുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: