ബിഹാറില്‍ പോരാട്ടം കനക്കുന്നു; മഹാസഖ്യവും എന്‍ഡിഎയും ഒപ്പത്തിനൊപ്പം

പട്ന: ഫലം മാറിമറിയുന്ന ബിഹാർ ആര് ഭരിക്കുമെന്നത് സസ്പെൻസിലേക്ക്. തുടക്കം മുതൽ മഹാസഖ്യവും എൻഡിഎയും ഒപ്പത്തിനൊപ്പം മുന്നേറുന്ന കാഴ്ചയാണ് വോട്ടെണ്ണലിൽ കണ്ടത്. കേവല ഭൂരിപക്ഷത്തിന് വേണ്ട 122 സീറ്റ് എന്ന മാന്ത്രിക സംഖ്യ ആര് നേടും എന്ന് ഉറപ്പ് പറയാനാകാത്ത നിലയിലാണ് ഇരു മുന്നണികളും മുന്നേറുന്നത്. തൂക്കുസഭയാണ് സംജാതമാകുന്നതെങ്കിൽ ബിജെപിയുടെ രാഷ്ട്രീയ നീക്കങ്ങൾ കർണാടകത്തിലും മധ്യപ്രദേശിലും കണ്ടതുപോലെ വിജയം കാണാനാണ് എല്ലാ സാധ്യതയും

തിരഞ്ഞെടുപ്പിന് മുമ്പ് നടന്ന സർവേകളിൽ ബിജെപിക്കും എൻഡിഎയ്ക്കും അനായാസ വിജയം പ്രവചിച്ച പല സർവെകളും എക്സിറ്റ് പോളുകളിൽ തിരുത്തുന്ന കാഴ്ച കണ്ടു. ചില ഏജൻസികൾ മഹാസഖ്യത്തിന് മഹാവിജയം പ്രഖ്യാപിച്ചപ്പോൾ മറ്റ് ഏജൻസുകളും മുൻതൂക്കം നൽകിയത് മഹാസഖ്യത്തിനായിരുന്നു. ആർക്കും ഭൂരിപക്ഷമില്ലാത്ത സഭയിൽ ചിരാഗ് പാസ്വാൻ നിർണായകമാകും. ഒരുപക്ഷേ അദ്ദേഹം കിങ്മേക്കറാവുകയാണെങ്കിൽ നിതീഷിന്റെ ഭാവി എന്താകും അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയാൽ പിന്തുണക്കുമോ എന്നെല്ലാമുള്ള ചോദ്യങ്ങൾ നിൽക്കുന്നു

അതേ സമയം തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 125 സീറ്റുകളിലെ ഫലമാണ് നിലവിൽ ലഭ്യമായത്. ഇതിൽ 56 സീറ്റുകളിലാണ് മഹാസഖ്യം മുന്നേറുന്നത്. ആർജെഡി 36, കോൺഗ്രസ് 13, സിപിഐ (എം.എൽ) 6, സിപിഎം ഒന്ന് എന്നിങ്ങനെയാണ് ലീഡ് ചെയ്യുന്നത്. എൻഡിഎ 63 സീറ്റുകളിൽ മുന്നേറുന്നുണ്ട്. ബിജെപി 33, ജെഡിയു 25 , വിഐപി 5 എന്നിങ്ങനെയാണ് ലീഡ് ചെയ്യുന്നത്.

അസദുദ്ദീൻ ഒവൈസിയുടെ ആൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലിമീൻ ഒരു സീറ്റിലും ബിഎസ്പി രണ്ടിടത്തും ചിരാഗ് പാസ്വാന്റെ എൽജെപി മൂന്നിടത്തും ലീഡ് ചെയ്യുന്നുണ്ട്.

കനത്ത സുരക്ഷയിൽ രാവിലെ എട്ടുമുതലാണ് വോട്ടെണ്ണൽ ആരംഭിച്ചത്.എക്സിറ്റ് പോളുകളിലേറെയും മഹാസഖ്യത്തിന് മുൻതൂക്കം പ്രവചിച്ചെങ്കിലും അന്തിമ വിധിയെക്കുറിച്ച് ആകാംക്ഷബാക്കിയാണ്. 

55 കേന്ദ്രങ്ങളിൽ 414 ഹാളുകൾ വോട്ടെണ്ണൽ പുരോഗമിക്കുന്നത്. കേന്ദ്രസായുധ സേന, ബിഹാർ മിലിട്ടറി പോലീസ്, ബിഹാർ പോലീസ് എന്നിവരാണ് വോട്ടെണ്ണൽ കേന്ദ്രങ്ങൾക്കും പ്രശ്നസാധ്യതാ പ്രദേശങ്ങൾക്കും വലയം തീർത്തിരിക്കുന്നത്. വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ 19 കമ്പനി സായുധ സേനയെയും ക്രമസമാധാന പാലനത്തിനായി 59 കമ്പനി സായുധ സേനയെയും ബിഹാറിൽ വിന്യസിച്ചിട്ടുണ്ട്.

ബിഹാറിനൊപ്പം 11 സംസ്ഥാനങ്ങളിലെ 58 സീറ്റുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും പുരോഗമിക്കുകയാണ്. 28 സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശാണ് ഉപതിരഞ്ഞെടുപ്പിൽ ശ്രദ്ധാകേന്ദ്രം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: