മുക്കാൽ ക്വിന്റൽ ഹാൻസുമായി രണ്ടുപേർ പിടിയിൽ

കേളകം: മൊത്തവില്പനക്കായി ഹാൻസ് കടത്തുന്നതിനിടെ രണ്ടുപേർ എക്സൈസിന്റെ പിടിയിൽ. അടയ്ക്കാത്തോട് പയ്യംപള്ളിൽ ജോർജുകുട്ടി (55), മകൻ പി.വി.അമൽ (24) എന്നിവരാണ് ഹാൻസ് കടത്തുന്നതിനിടെ പേരാവൂർ എക്സൈസിന്റെ പിടിയിലായത്. ഇവരുടെ പക്കൽനിന്ന് 74 കിലോഗ്രാം നിരോധിത പുകയില ഉത്‌പന്നങ്ങൾ (5600 ചെറിയ പായ്ക്കറ്റ് ഹാൻസ്) പിടികൂടി. തിങ്കളാഴ്ച രാവിലെ ആറിന് അടയ്ക്കാത്തോട്ടിൽ സ്കൂട്ടിയിൽ കടത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്. തുടർന്ന് നടത്തിയ പരിശോധനയിൽ വീടിനുസമീപം രണ്ട് പ്ലാസ്റ്റിക് ബാരലുകളിലായി മണ്ണിൽ കുഴിച്ചിട്ടനിലയിൽ കൂടുതൽ പായ്ക്കറ്റുകൾ കണ്ടെടുക്കുകയായിരുന്നു. 

കർണാടകത്തിലെ വാഴ കൃഷിയുടെയും അടയ്ക്കാത്തോട്ടിലെ കോഴിവളർത്തലിന്റെയും മറവിലാണ് ഇവർ ഹാൻസ് കടത്തുന്നതെന്ന് എക്സൈസ് പറഞ്ഞു. പ്രിവന്റീവ് ഓഫീസർ എം.പി.സജീവന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ സിവിൽ എക്സൈസ് ഓഫീസർമാരായ സി.എം.ജയിംസ്, കെ.എ.മജീദ്, പി.എസ്.ശിവദാസൻ, എൻ.സി.വിഷ്ണു എന്നിവർ പങ്കെടുത്തു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: