ഷഹൻ സഞ്ചാരത്തിൽ പുതിയ വഴികൾ വെട്ടിതെളിച്ച പ്രതിഭയാണ്: സന്തോഷ് ജോർജ്ജ് കുളങ്ങര

കണ്ണൂർ: ഇന്ത്യയാകെ കഴിഞ്ഞ 8 വർഷം കൊണ്ട് സഞ്ചരിച്ച് 5 ലക്ഷത്തിലധികം മികച്ച ഫ്രെയിമുകളിൽ ഫോട്ടോകൾ പകർത്തിയ ഷഹൻ എല്ലാ അർത്ഥത്തിലും സഞ്ചാരത്തിലും ഒപ്പം ഫോട്ടോഗ്രാഫിയിലും വിശ്വോത്തര പ്രതിഭയാണെന്ന് ലോകസഞ്ചരിയും സഫാരി ടിവി സ്ഥാപകനായ സന്തോഷ് ജോർജ്ജ് കുളങ്ങര അഭിപ്രായപ്പെട്ടു. ഷഹന്റെ കഠിന പ്രയത്നവും, യാത്രയോടും ഫോട്ടോഗ്രാഫിയോടുമുള്ള ആഭിമുഖ്യമാണ് ഇത്തരത്തിൽ സാഹസികമായ ഒരു നീണ്ടകാലം സഞ്ചരിക്കാനും സാംസ്കാരിക വൈവിധ്യങ്ങളെ ഒപ്പിയെടുക്കാനും സാധിച്ചതെന്നും ഇനിയും പുതിയ ഉയരങ്ങൾ കീഴടക്കാൻ ഷഹന് സാധിക്കട്ടെ എന്നും, ഉടൻ തന്നെ കണ്ണൂരിൽ ഷഹൻ ആരംഭിക്കുന്ന ട്രാവൽ കഫെ സന്ദർശിക്കാനും കണ്ണൂരിലെ സാംസ്കാരിക പൈതൃകങ്ങളും നേരിൽ കാണാനെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണൂർ കാപിറ്റോൾ മാളിൽ ഇന്നലെ വൈകിട്ട് ആരംഭിച്ച ഇന്ത്യയുടെ നാനാ വൈജാത്യങ്ങളും ഉൾക്കൊള്ളുന്ന ഷഹൻ അബ്ദു സമദിന്റെ കണ്ണൂർ നഗരത്തിലെ ആദ്യ ട്രാവൽ ഫോട്ടോഗ്രാഫി പ്രദർശന വീഡിയോ കോണ്ഫറന്സിലൂടെ ഉദ്‌ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഷഹന്റെ യാത്രകൾക്ക് സർവ്വ പിന്തുണയും നൽകി കൂടെ നിന്ന താണയിലെ വനിതാ സാമൂഹിക പ്രവർത്തകയും, ഉമ്മാമ്മയുമായ “സുലൈഖ” പൊതു ജനങ്ങൾക്ക് പ്രദർശനം തുറന്ന് കൊടുത്തു. അറക്കൽ രാജ കുടുംബത്തിന്റെ പ്രതിനിഥി ആദിരാജ റാഫി, ഒൻലൈൻ ബിസിനസ് രംഗത്തെ യുവ സംരംഭകൻ ടി എൻ എം ജവാദ്, പ്രമുഖ സാമൂഹിക പ്രവർത്തകനും വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജന: സെക്രട്ടറിയുമായ പുനത്തിൽ ബസിത്ത്, ഐ പി എച്ച് ജനറൽ മാനേജർ സിറാജുദ്ധീൻ , പ്രമുഖ സഞ്ചാരി പി ബി എം ഫർമീസ്, പ്രമുഖ യുവ വ്യാപാരി റാഷിദ് എം ആർ, പ്രദർശനത്തിന്റെ സ്പോണ്സർ ചിക്കാഗോ ഫർണിച്ചർ ഉടമ നാസി, ബത്തൂത്ത ട്രാവൽ കഫെ ഡയറക്ടർ മുഹമ്മദ് ശിഹാദ്, ഷഹനിന്റെ മാതാപിതാക്കൾ, കുടുംബക്കാർ, സഹപാഠികൾ, നാട്ടുകാർ, തുടങ്ങി നൂറുകണക്കിന് ആളുകളാണ് ഉദ്‌ഘാടനവേളയിൽ പങ്കെടുത്തത്. പ്രദർശനം ഞായറാഴ്ച രാത്രിവരെ തുടരും. ശനിയാഴ്ച കണ്ണൂർ ജില്ലാ കലക്ടർ മീർ മുഹമ്മദ് ഐ എ എസ് കണ്ണൂരിലെ പൗരവലിക്ക് വേണ്ടി ഷഹൻ അബ്ദു സമദിനെ ആദരിക്കും. വരും ദിവസങ്ങളിൽ നാട്ടിലെ വിവിധ യുവജന ക്ലബുകളും, കൂട്ടായ്മകളും ഷഹൻ എന്ന കണ്ണൂരിലെ സഞ്ചാരത്തിലെയും ഫോട്ടോഗ്രാഫിയിലെയും സാഹസിക പ്രതിഭക്കുള്ള സ്വീകരണ പരിപാടികൾ ഒരുക്കുന്ന തിരക്കിലാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: