തോമസ് ചാണ്ടിയുടെ ഭാവി ഞായറാഴ്ച അറിയാം എജിയുടെ നിയമോപദേശം ലഭിച്ചു,
തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചു. ആലപ്പുഴ ജില്ലാ കളക്ടര്‍ ടിവി അനുപമ നല്കിയ റിപ്പോര്ട്ടിന്മേല് അഡ്വക്കേറ്റ് ജനറലാണ് സംസ്ഥാന സര്‍ക്കാരിന് നിയമോപദേശം നല്‍കിയത്. എന്നാല്‍ എജിയുടെ നിയമോപദേശത്തില്‍ എന്താണ് പറയുന്നതെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. എജി നല്കിയ നിയമോപദേശം മുഖ്യമന്ത്രിയും കണ്ടിട്ടില്ല.
അതേസമയം, മന്ത്രി തോമസ് ചാണ്ടിയുടെ വിഷയം ചര്‍ത്ത ചെയ്യാന്‍ ഇടതുമുന്നണി അടിയന്തര യോഗം വിളിച്ചു ചേര്‍ത്തു. എജി നിയമോപദേശം നല്കിയ സാഹചര്യത്തിലാണ് നവംബര്‍ 12 ഞായറാഴ്ച ഇടതുമുന്നണിയുടെ അടിയന്തരയോഗം ചേരുന്നത്.
കലക്ടർ ടി.വി.അനുപമയുടെ റിപ്പോർട്ടാണ് ചാണ്ടിക്ക് വലിയ തിരിച്ചടിയായത്. തോമസ് ചാണ്ടി കുട്ടനാട്ടിൽ നടത്തിയ ഭൂമിയിടപാടുകൾ ഭൂപരിഷ്കരണ നിയമത്തിന്റെ ലക്ഷ്യം അട്ടിമറിച്ചെന്നും ഭൂസംരക്ഷണ നിയമവും നെൽവയൽ നിയമവും ലംഘിച്ചെന്നും ചൂണ്ടിക്കാട്ടിയ കലക്ടർ, അഞ്ചുവർഷം വരെ തടവും രണ്ടു ലക്ഷം രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റം അദ്ദേഹം ചെയ്തതായും കണ്ടെത്തി. മാർത്താണ്ഡം കായലിലെ ഭൂമി കയ്യേറ്റവും ലേക്ക് പാലസ് റിസോർട്ടിനു മുന്നിലെ നിലംനികത്തലും സ്ഥിരീകരിച്ച റിപ്പോർട്ട്, ചാണ്ടി ഡയറക്ടറായ വാട്ടർ വേൾഡ് ടൂറിസം കമ്പനി ആലപ്പുഴ ജില്ലയിലാകെ നടത്തിയ ഭൂമി ഇടപാട് അന്വേഷിക്കണമെന്നും ശുപാർശ ചെയ്തിരുന്നു.