അഞ്ച് വര്‍ഷത്തിനിടെ ക്ഷേത്രങ്ങള്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 458 കോടി: മന്ത്രി കെ രാധാകൃഷ്ണന്‍

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലത്തിനിടെ സംസ്ഥാന ഖജനാവില്‍നിന്ന് 458 കോടിയോളം രൂപ ക്ഷേത്രങ്ങള്‍ക്കും ദേവസ്വങ്ങള്‍ക്കും വേണ്ടി ചെലവഴിച്ചതായി പട്ടികജാതി-പട്ടികവര്‍ഗക്ഷേമ-ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. ക്ഷേത്രകലാ അക്കാദമിയുടെ 2021ലെ പുരസ്‌കാര വിതരണവും ക്ഷേത്രകലാസംഗമവും പഴയങ്ങാടി മണ്ടൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ ക്ഷേത്ര കലകളെയും ക്ഷേത്രങ്ങളുടെ ഭൗതിക സാഹചര്യങ്ങളുമെല്ലാം കൂടുതല്‍ മെച്ചപ്പെടുത്താന്‍ വേണ്ടിയുളള ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നത്. ദേവസ്വം ബോര്‍ഡിന്റെ സംരക്ഷണത്തിനും ജീവനക്കാരുടെ താല്‍പര്യ സംരക്ഷണത്തിനും എല്ലാ കാര്യങ്ങളും ചെയ്യുന്നത് സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണ്. ക്ഷേത്രങ്ങളില്‍നിന്ന് ഇങ്ങോട്ട് പണം എടുക്കുകയെന്നത് സര്‍ക്കാറിന്റെ നയമല്ലെന്നും മന്ത്രി പറഞ്ഞു.
എല്ലാ ക്ലാസിക് കലകളും സംഗീതവുമുണ്ടായത് മനുഷ്യന്റെ അധ്വാനത്തില്‍ നിന്നാണെന്ന് മന്ത്രി പറഞ്ഞു. മനുഷ്യന്റെ ഇച്ഛാശക്തിയാണ് കലയെയും സംഗീതത്തെയും വളര്‍ത്തിയത്. ക്ഷേത്രങ്ങള്‍ പോലും ഇന്ന് കാണുന്ന അവസ്ഥയിലേക്കെത്തിയത് മനുഷ്യന്റെ ഇച്ഛാശക്തി കൊണ്ടാണ്. കലകള്‍ ക്ഷേത്രത്തിന്റെ മതിലുകള്‍ക്കുള്ളില്‍ കുടുങ്ങിയിരുന്നുവെങ്കില്‍ അവ വളരില്ലായിരുന്നു. ഏത് കലയും ജനകീയവത്കരിക്കുമ്പോഴേ നിലനില്‍പുണ്ടാവൂ. ഗുരുവായൂര്‍ ക്ഷേത്രം ഇന്ന് അറിയപ്പെടാന്‍ കാരണം എല്ലാവര്‍ക്കും വേണ്ടി തുറന്നുകൊടുത്തതുകൊണ്ടാണ്. പാവപ്പെട്ടവരുടെ ക്ഷേത്രപ്രവേശനത്തിന് പിന്നില്‍ നടന്ന സമരങ്ങളുടെ ഓര്‍മകള്‍ നമുക്കുണ്ടാവണം. എല്ലാവര്‍ക്കും പ്രവേശനം ഇല്ലായിരുന്നുവെങ്കില്‍ നമ്മുടെ ക്ഷേത്രങ്ങളെല്ലാം അസ്തമിച്ചുപോവുമായിരുന്നു.
ക്ഷേത്രകലാ അക്കാദമിക്ക് ആസ്ഥാന മന്ദിരത്തിന് 50 സെന്റ് സ്ഥലം അനുവദിച്ചുനല്‍കാന്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു. അവിടെ ക്ഷേത്രകലാക്കാദമിയുടെ ആസ്ഥാനം പടുത്തുയര്‍ത്താന്‍ കഴിയുമെന്നും മന്ത്രി പറഞ്ഞു.
2021ലെ ക്ഷേത്രകലാശ്രീ പുരസ്‌കാരം വാദ്യകലാകാരന്‍ പെരുവനം കുട്ടന്‍ മാരാര്‍ക്കും ക്ഷേത്രകലാ ഫെലോഷിപ്പ് നാട്യാചാര്യ ഗുരു എന്‍ വി കൃഷ്ണനും മന്ത്രി സമ്മാനിച്ചു. സംസ്ഥാനത്തെ 23 കലാകാരന്‍മാര്‍ക്ക് ക്ഷേത്രകലാ പുരസ്‌കാരങ്ങളും ഏഴ് പേര്‍ക്ക് ഗുരുപൂജ പുരസ്‌കാരങ്ങളും നാല് പേര്‍ക്ക് യുവപ്രതിഭാ പുരസ്‌കാരങ്ങളും മന്ത്രി വിതരണം ചെയ്തു. ക്ഷേത്രകലാശ്രീ പുരസ്‌കാരത്തിന് 25,001 രൂപയും ക്ഷേത്രകലാ ഫെലോഷിപ്പിന് 15,001 രൂപയും മറ്റ് പുരസ്‌കാരങ്ങള്‍ക്ക് 7500 രൂപയുമാണ് സമ്മാനത്തുക. പ്രശസ്തി പത്രവും ശില്‍പവും സമ്മാനിച്ചു.
എം വിജിന്‍ എംഎല്‍എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, മുന്‍ എംഎല്‍എ ടി വി രാജേഷ് എന്നിവര്‍ മുഖ്യാതിഥികളായി. കല്ല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി പി ഷാജിര്‍, മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ കെ പി മനോജ് കുമാര്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. ക്ഷേത്രകലാ അക്കാദമി ചെയര്‍മാന്‍ കെ എച്ച് സുബ്രഹ്മണ്യന്‍, സെക്രട്ടറി കൃഷ്ണന്‍ നടുവിലത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എം ശ്രീധരന്‍, പി ഗോവിന്ദന്‍, ടി സുലജ, എ പ്രാര്‍ഥന, ജില്ലാ പഞ്ചായത്തംഗം സി പി ഷിജു, ബ്ലോക്ക് പഞ്ചായത്തംഗം കെ എം ശോഭ, വാര്‍ഡ് മെംബര്‍മാാരായ യു രാധ, എം ടി സബിത, മലബാര്‍ ദേവസ്വം ബോര്‍ഡ് അംഗം എം വി ജനാര്‍ദനന്‍, ബോര്‍ഡ് തലശ്ശേരി ഏരിയ ചെയര്‍മാന്‍ ടി കെ സുധി, കേരള ഫോക്ലോര്‍ അക്കാദമി സെക്രട്ടറി എ വി അജയകുമാര്‍, കെ പത്മനാഭന്‍, സിഎം വേണുഗോപാലന്‍, എ ബൈജു. പി പി ദാമോദരന്‍, എം വി രവി, എന്‍ വി ബൈജു, ഗോവിന്ദന്‍ കണ്ണപുരം, ചെറുതാഴം ചന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. രാവിലെ സോപാന സംഗീതത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമായി. തുടര്‍ന്ന് വിവിധ ക്ഷേത്രകലകളുടെ സംഗമവും അരങ്ങേറി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: