വേണം, ശാസ്‌ത്രീയ നടപടി: എം വി ജയരാജൻ

കണ്ണൂർ : മനുഷ്യജീവനെയും കാർഷിക വിളകളെയും വന്യജീവികളിൽനിന്ന്‌ രക്ഷിക്കാൻ അടിയന്തര നടപടികളുണ്ടാകണമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ പറഞ്ഞു. വന്യജീവികൾ മനുഷ്യരെ കൊലപ്പെടുത്തുകയും കൃഷി നശിപ്പിക്കുകയും ചെയ്യുന്ന സംഭവങ്ങൾ വർധിച്ചുവരികയാണ്‌. ഫലപ്രദവും ശാസ്‌ത്രീയവുമായ നടപടികളാണ്‌ സർക്കാർ സ്വീകരിക്കേണ്ടത്‌.
സർക്കാരിന്റെ ഉത്തരവാദിത്വമാണത്‌. വനത്തിൽ കഴിയേണ്ട വന്യജീവികൾ ജനവാസമേഖലകളിലേക്ക്‌ വരുന്നതെന്തുകൊണ്ട്‌ എന്നതിൽ ശാസ്‌ത്രീയ പഠനം നടത്തേണ്ടതുണ്ട്‌. ഇവർക്ക്‌ കാട്ടിൽ ഭക്ഷണവും വെള്ളവും ലഭ്യമാകാത്തതാണോ കാരണമെന്നും പഠിക്കേണ്ടതുണ്ട്‌. അങ്ങനെയാണെങ്കിൽ അതിന്‌ പരിഹാരം കാണാൻ വനംവകുപ്പ്‌ പദ്ധതികൾ ആവിഷ്‌കരിക്കണം.
സർക്കാർ പുനരധിവസിപ്പിച്ച ആദിവാസികൾക്കാണ്‌ വന്യജീവികളുടെ ആക്രമണം നേരിടേണ്ടിവരുന്നത്‌. അവരുടെ സംരക്ഷണം സർക്കാരിന്റെ ഉത്തരവാദിത്വമാണ്‌. ആനമതിൽ നിർമിച്ച സ്ഥലങ്ങളിൽ കാട്ടാനയാക്രമണം കാര്യമായി ഇല്ലെന്നതാണ്‌ അനുഭവം. അത്‌ കണക്കിലെടുത്ത്‌ ആനമതിൽ പൂർത്തിയാക്കാൻ നടപടിയുണ്ടാകണമെന്നും എം വി ജയരാജൻ പറഞ്ഞു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: