ദേശീയപാത: ഇന്ന് മന്ത്രി  മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ പരിശോധന 

കോഴിക്കോട്,  കണ്ണൂർ ജില്ലകളിൽ ദേശീയപാതയുടെ നിർമാണ പുരോഗതി തിങ്കളാഴ്ച പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തിൽ പരിശോധിക്കും. കോഴിക്കോട് ജില്ലയിൽ വടകര അഴിയൂരിൽനിന്നും ആരംഭിക്കുന്ന പരിശോധന കണ്ണൂർ ജില്ലയിലെ പയ്യന്നൂർ കോത്തായി മുക്കിൽ അവസാനിക്കും. കണ്ണൂർ ജില്ലയിൽ  മാഹി ബൈപ്പാസിൽ നിന്നാണ്  പ്രവൃത്തി വിലയിരുത്തൽ തുടങ്ങുക.

ജനപ്രതിനിധികളും ദേശീയ പാത അതോറിറ്റി, സംസ്ഥാന പൊതുമരാമത്തു വകുപ്പ് ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം മന്ത്രിക്കൊപ്പം ഉണ്ടാവും. ജില്ലയിലൂടെ കടന്നുപോകുന്ന ദേശീയപാതയുടെ മുഴുവൻ റീച്ചിലെയും പ്രവൃത്തിയുടെ പുരോഗതി മന്ത്രി നേരിട്ട് വിലയിരുത്തും. പരിശോധനയ്ക്കു ശേഷം  മന്ത്രിയുടെ അധ്യക്ഷതയിൽ ദേശീയപാത വിഭാഗം ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന അവലോകന യോഗവും നടക്കും. ദേശീയപാത വികസനം വേഗത്തിലാക്കുന്നതിന്റെ ഭാഗമായി മന്ത്രിയുടെ നേതൃത്വത്തിൽ തിരുവനന്തപുരം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ നേരത്തെ പരിശോധന നടത്തിയിരുന്നു. അതിന്റെ തുടർച്ചയായാണ് ഇന്നത്തെ പരിശോധന. ദേശീയപാത വികസനം നടക്കുന്ന  മുഴുവൻ  ജില്ലകളിലും ഇത്തരത്തിൽ നേരിട്ട് പരിശോധന നടത്തുമെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ദേശീയപാതാ വികസനം സമയബന്ധിതമായി പൂർത്തിയാക്കുന്നതിൻ്റെ ഭാഗമായാണ് മന്ത്രിയുടെ സന്ദർശനം.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: