നാടിന്റെ വികസന നിലവാരം അളക്കുന്നത്ശുചിത്വത്തെ അടിസ്ഥാനമാക്കി: മുഖ്യമന്ത്രി,കണ്ണൂർ ജില്ലയിലെ 52 തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ശുചിത്വ പദവി

2 / 100

കണ്ണൂർ :ഒരു നാടിന്റെ വികസന നിലവാരം അളക്കുന്നതിനുള്ള പ്രധാന മാനദണ്ഡമാണ് ശുചിത്വമെന്നും ഏതൊക്കെ മേഖലയില്‍ നേട്ടം കൈവരിച്ചാലും മൂക്കുപൊത്തി നടക്കേണ്ട അവസ്ഥ വന്നാല്‍ അത് വികസനത്തിന് ഏല്‍ക്കുന്ന തിരിച്ചടിയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലയിലെ 47 പഞ്ചായത്തുകളിലെയും 5 നഗരസഭകളിലെയും ശുചിത്വ പദവി പ്രഖ്യാപനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാലിന്യ സംസ്‌കരണത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ ക്രിയാത്മകമായ പങ്ക് വഹിച്ചിട്ടുണ്ട്. ഹരിത കേരളം മിഷന്റെ ലക്ഷ്യങ്ങളില്‍ വലിയൊരു പങ്ക് ഈ കാലയളവില്‍ നമുക്ക് നേടാനായി. അതിന്റെ ഭാഗമായി നാട്ടിലുടനീളം വലിയ മാറ്റങ്ങളാണ് ഉണ്ടായത്. പൊതു ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുക വഴി ശുദ്ധവും സമൃദ്ധവുമായ ജലലഭ്യത ഉറപ്പുവരുത്തുത്താനും മണ്ണിന്റെയും ജലത്തിന്റെയും വായുവിന്റെയും സ്വാഭാവികത ഉറപ്പാക്കാനും സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതിന് ജൈവ കൃഷി പ്രോത്സാഹിപ്പിക്കാനും നമുക്ക് സാധിച്ചു. നാട്ടുകാര്‍ തന്നെ സ്വമേധയാ മുന്നോട്ടുവന്ന് നദികള്‍ അടക്കം വീണ്ടെടുക്കുന്ന അവസ്ഥ ഉണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ജൈവ അജൈവ മാലിന്യങ്ങള്‍, ഇ- മാലിന്യങ്ങള്‍ എന്നിവ കൈകാര്യം ചെയ്യുന്നതിന് സമഗ്രമായ ഒരു പദ്ധതി സംസ്ഥാനത്ത് ഉണ്ടായിരുന്നില്ല. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വലിയ പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് നടപ്പാക്കിയത്. ജൈവമാലിന്യങ്ങള്‍ ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുന്നതിനുള്ള വ്യത്യസ്ത കമ്പോസ്റ്റിംഗ് രീതികള്‍, മാര്‍ക്കറ്റുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ നടപ്പാക്കിയ തുമ്പൂര്‍മുഴി മോഡല്‍, എയറോബിക് കമ്പോസ്റ്റിംഗ് സംവിധാനങ്ങള്‍, ജൈവ മാലിന്യങ്ങള്‍ ശേഖരിച്ച് ജൈവവളമാക്കി മാറ്റുന്നതിനുള്ള യൂണിറ്റ് സ്ഥാപിക്കല്‍ എന്നിവ ഇതില്‍ ചിലതാണ്. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങളുടെ ശേഖരണത്തിനായാണ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഹരിത കര്‍മ്മ സേന രൂപീകരിച്ചത്. സംസ്ഥാനത്തെ 850 ഗ്രാമപഞ്ചായത്തുകള്‍, 88 നഗരസഭകള്‍ എന്നിവിടങ്ങളില്‍ ഹരിത കര്‍മ്മ സേനയുടെ 1551 സംരംഭക ഗ്രൂപ്പുകളാണ് നിലവിലുള്ളത്. ഇവര്‍ ശേഖരിക്കുന്ന അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് പുനചംക്രമണത്തിനായി ക്ലീന്‍ കേരള കമ്പനിക്ക്  കൈമാറുന്ന ശൃംഖല പൂര്‍ത്തിയായതോടെ അജൈവ മാലിന്യത്തിന് വലിയൊരു അളവ് വരെ പരിഹാരമായെന്നും ക്ലീന്‍ കേരള കമ്പനിയുടെ നേതൃത്വത്തില്‍ ഇ – മാലിന്യങ്ങളുടെ ശേഖരണം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഖരമാലിന്യ സംസ്‌കരണ രംഗത്ത് മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയ തദ്ദേശ സ്ഥാപനങ്ങള്‍ക്കാണ് ശുചിത്വ പദവി നല്‍കുന്നത്. തുടര്‍ന്ന് ദ്രവമാലിന്യം ഉള്‍പ്പെടെ സമ്പൂര്‍ണ്ണ  മാലിന്യസംസ്‌കരണ സംവിധാനം ഒരുക്കുന്ന മുറയ്ക്ക് സമ്പൂര്‍ണ്ണ ശുചിത്വ പദവി നല്‍കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. 100 ദിന കര്‍മ്മ പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തില്‍ 250 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശുചിത്വ പദവിയില്‍ എത്തിക്കുക എന്നതായിരുന്നു ലക്ഷ്യമെന്നും അതില്‍ ഇരട്ടിയിലേറെ വര്‍ധന ഉണ്ടായത് അഭിനന്ദനാര്‍ഹമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ ഹരിതകേരളം മിഷന്‍, ശുചിത്വ മിഷന്‍, ക്ലീന്‍കേരള കമ്പനി, കുടുംബശ്രീ, തൊഴിലുറപ്പ് മിഷന്‍ എന്നിവ സംയുക്തമായി ആവിഷ്‌കരിച്ച നടപടിക്രമങ്ങളിലൂടെയാണ് ഖരമാലിന്യ സംസ്‌കരണത്തില്‍ മികവു തെളിയിച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ശുചിത്വ പദവിക്കായി തിരഞ്ഞെടുത്തത്.
ജില്ലയില്‍ പാനൂര്‍, എടക്കാട് ബ്ലോക്ക് പഞ്ചായത്തുകളും മട്ടന്നൂര്‍, ആന്തൂര്‍, പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി നഗരസഭകളും 47 പഞ്ചായത്തുകളുമാണ്  ശുചിത്വ പദവി നേടിയത്. ജൈവ മാലിന്യം ഉറവിടത്തില്‍ സംസ്‌കരിക്കുക, അജൈവ മാലിന്യ സംസ്‌കരണത്തിനാവശ്യമായ സംവിധാനം സജ്ജമാക്കുക, അജൈവ മാലിന്യ ശേഖരണത്തിന് ഹരിത കര്‍മ്മസേനയുടെ സേവനവും സൂക്ഷിക്കുന്നതിന് മെറ്റീരിയല്‍ കളക്ഷന്‍ ഫെസിലിറ്റിയും ഒരുക്കുക, പൊതു സ്ഥലങ്ങള്‍ മാലിന്യമുക്തമാക്കുക, സര്‍ക്കാര്‍ ഓഫീസുകളിലും പൊതു സ്വകാര്യ ചടങ്ങുകളിലും ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുക തുടങ്ങി 20 നിബന്ധനകള്‍ സൂചകങ്ങളായി നിശ്ചയിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് പാലിച്ചാണ് ശുചിത്വ പദവി നിര്‍ണ്ണയം നടത്തിയത്. 100 ല്‍ 60 മാര്‍ക്കിനു മുകളില്‍ ലഭിച്ച തദ്ദേശ സ്വംയംഭരണ സ്ഥാപനങ്ങളാണ് ശുചിത്വ പദവിക്ക് അര്‍ഹത നേടിയത്.
ഓണ്‍ലൈനായി നടന്ന ചടങ്ങില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ സി മൊയ്തീന്‍ അധ്യക്ഷനായി. തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദാ മുരളീധരന്‍ ശുചിത്വ പദവി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കേരള മേയേഴ്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് തോട്ടത്തില്‍ രവീന്ദ്രന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്‌സ്അസോസിയേഷന്‍ പ്രസിഡണ്ട്ആര്‍ സുഭാഷ്, ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡണ്ട്അഡ്വ. തുളസീഭായ് പത്മനാഭന്‍, ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി എന്‍ സീമ, ശുചിത്വമിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മിര്‍ മുഹമ്മദ് അലി തുടങ്ങിയവരും ജനപ്രതിനിധികളും മറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
മുണ്ടേരി പഞ്ചായത്തില്‍  പ്രസിഡണ്ട് എ പങ്കജാക്ഷന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി
സാക്ഷ്യപത്രവും പുരസ്‌കാരവും കൈമാറി. ആന്തൂര്‍ നഗരസഭയില്‍ കെ കെ രാഗേഷ് എംപിയില്‍ നിന്നും നഗരസഭാധ്യക്ഷ പി കെ ശ്യാമള ടീച്ചറും പയ്യന്നൂര്‍ നഗരസഭയില്‍ സി കൃഷ്ണന്‍ എം എല്‍ എ യില്‍ നിന്നും നഗരസഭാധ്യക്ഷന്‍ അഡ്വ ശശി വട്ടക്കൊവ്വലും പുരസ്‌കാരം ഏറ്റുവാങ്ങി.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: