ചാവേറായി ‘മാമാങ്കം’ കളിക്കാം; ഗെയിം പുറത്തിറക്കി അണിയറ പ്രവർത്തകർ

മമ്മൂട്ടിയുടെ ബിഗ് ബഡ്ജറ്റ് ചിത്രം മാമാങ്കത്തിൻ്റെ പ്രമോഷൻ പരിപാടികളുടെ ഭാഗമായി മൊബൈൽ ഗെയിം പുറത്തിറക്കി അണിയറ പ്രവർത്തകർ. മമ്മൂട്ടി തന്നെയാണ് ഗെയിം അവതരിപ്പിച്ചത്. കളിക്കേണ്ട രീതി എങ്ങനെയാണെന്നും മമ്മൂട്ടി വിശദീകരിച്ചു. സംവിധായകന്‍ എം. പദ്മകുമാര്‍, ബി. ഉണ്ണികൃഷ്ണന്‍, റാം, നിര്‍മ്മാതാവ് വേണു കുന്നപ്പള്ളി, ആൻ്റോ ജോസഫ് എന്നിവർ പങ്കെടുത്ത ചടങ്ങിലാണ് ഗെയിം ലോഞ്ചിംഗ് നടന്നത്.

ആൻഡ്രോയ്ഡ് ഫോണുകളിൽ മാത്രമാണ് ഗെയിം കളിക്കാനാവുക. പ്ലേ സ്റ്റോറിൽ നിന്നും ഗെയിം ഡൗൺലോഡ് ചെയ്യാം. ടെമ്പിൾ റൺ/സബ്‌വേ സർഫേഴ്സ് പോലെയാണ് ഗെയിമിൻ്റെ പ്രവർത്തനം. ഗെയിമിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. മികച്ച ഗ്രാഫിക്സാണ് ഗെയിമിനുള്ളതെന്നാണ് പ്ലേ സ്റ്റോറിൽ വന്ന റിവ്യൂ കമൻ്റുകളിലെ അഭിപ്രായം. ആയിരത്തിനു മുകളിൽ റിവ്യൂ ഗെയിമിനു ലഭിച്ചിട്ടുണ്ട്. 83 എംബിയുള്ള ഗെയിം ആയിരത്തിനു മുകളിൽ ആളുകൾ ഡൗൺലോഡ് ചെയ്തിട്ടുണ്ട്. 4.9 ആണ് ഗെയിമിൻ്റെ റേറ്റിംഗ്.
നേരത്തെ മോഹൻലാൽ നായകനായ പുലിമുരുകൻ എന്ന വൈശാഖ് ചിത്രത്തിൻ്റെ ഭാഗമായി അണിയറ പ്രവർത്തകർ ഗെയിം പുറത്തിറക്കിയിരുന്നു.

കേരളത്തിൽ ജീവിച്ചിരുന്ന ചാവേറുകളുടെ കഥ പറയുന്ന ചിത്രം കാവ്യ ഫിലിം കമ്പനിയുടെ ബാനറിൽ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് നിർമിച്ചത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എം പത്മകുമാറാണ്. ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത് എം ജയചന്ദ്രൻ. വി.എഫ്. എക്‌സ് എം. കമല കണ്ണൻ. മമ്മൂട്ടിക്ക് പുറമെ ഉണ്ണി മുകുന്ദൻ, പ്രാചി തെഹ്ലാൻ, അനു സിതാര, കനിഹ, ഇനിയ, സിദ്ധിഖ്, തരുൺ അറോറ, സുദേവ് നായർ, മണികണ്ഠൻ, സുരേഷ് കൃഷ്ണ, മാസ്റ്റർ അച്ചുതൻ എന്നിവർ ചിത്രത്തിൽ വേഷമിടുന്നു.

കേരളത്തിലെ യുദ്ധവീരന്മാരുടെ ഈ പോരാട്ട വീര്യം ലോക സമക്ഷം എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് മാമാങ്കം അണിയിച്ചൊരുക്കുന്നത്. മലയാളത്തിൽ ഇതേ വരെ നിർമ്മിച്ചിട്ടുള്ള ഏറ്റവും ചിലവേറിയ സിനിമയായിരിക്കും മമ്മൂട്ടി നായക വേഷത്തിലെത്തുന്ന മാമാങ്കം. മലയാളത്തിന് പുറമെ, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് മാമാങ്കം പുറത്തിറങ്ങുന്നത്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: