കരുതിയിരിക്കാം; തൊഴിൽത്തട്ടിപ്പുകളുടെ കേന്ദ്രമായി കണ്ണൂർ

കണ്ണൂർ∙ തൊഴിൽത്തട്ടിപ്പുകളുടെ കേന്ദ്രമായി കണ്ണൂർ മാറുന്നു. ഗൾഫ്, യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള തൊഴിൽ വീസ വാഗ്ദാനം ചെയ്തു കഴിഞ്ഞ 2 വർഷത്തിനിടെ ഇത്തരത്തിൽ തൊഴിൽത്തട്ടിപ്പുകാർ തട്ടിയെടുത്തത് ഉദ്യോഗാർഥികളുടെ കോടിക്കണക്കിനു രൂപ. പരാതിപ്പെട്ടാൽ നൽകിയ പണം തിരികെ കിട്ടില്ലെന്ന ഭയം മൂലം വഞ്ചിക്കപ്പെട്ടാലും പരാതി നൽകാതെ കാത്തിരിക്കുന്നവരും നിരവധി.
കഴിഞ്ഞ ദിവസം തളിപ്പറമ്പിൽ വച്ച അറസ്റ്റിലായ ഇടുക്കി നെടുങ്കണ്ട് സംവ സ്വദേശി അബ്ദുൽ കെ.നാസറാണ് അവസാനമായി തൊഴിൽത്തട്ടിപ്പിന് പിടിയിലായയാൾ. വാട്ടർ അതോറിറ്റിയിൽ പമ്പ് ഓപ്പറേറ്റർ മാത്രമായ ഇയാൾക്കു പണം നൽകിയവരിൽ ഏറെയും എൻജിനീയറിങ്, നഴ്സിങ് പഠനം പൂർത്തിയാക്കിയ ഉന്നത ബിരുദധാരികളാണ്.
ഒരു ഉദ്യോഗാർഥിയിൽ നിന്നു 10 ലക്ഷം രൂപ വരെ ഇയാൾ കൈപ്പറ്റിയിട്ടുണ്ട്.ഗൾഫ് രാജ്യങ്ങളിലെ പ്രതിസന്ധി മൂലം ഉദ്യോഗാർഥികൾ കൂടുതലും യൂറോപ്യൻ രാജ്യങ്ങളാണു തൊഴിലിനായി തിരഞ്ഞെടുക്കാൻ താൽപര്യപ്പെടുന്നത്.
ഈ മേഖലയിൽ പലർക്കും പരിചയക്കാരില്ലാത്തതിനാൽ ഇടനിലക്കാർക്കു വഞ്ചിക്കാൻ എളുപ്പവുമാണ്. വീസ തട്ടിപ്പിൽ അറസ്റ്റിലായാലും തട്ടിയെടുത്ത പണത്തിന്റെ വളരെ ചെറിയ ഭാഗം ഉപയോഗിച്ചു ജാമ്യത്തിലിറങ്ങാൻ കഴിയും. കവർച്ചയോ പിടിച്ചുപറിയോ പോലെ കാര്യമായ ബുദ്ധിമുട്ടുമില്ല. ഒരു കോടി രൂപ കവർന്നാലും ഇവരെ ആരും കള്ളനെന്നു വിളിക്കാത്തതിനാൽ സാമൂഹികമായ മാനക്കേടുമില്ല. തട്ടിപ്പുകാരിൽ ഏറെയും തൊഴിൽ, വീസ തട്ടിപ്പിലേക്കിറങ്ങാനുള്ള കാരണമിതാണെന്നു പൊലീസ് പറയുന്നു.
വിദേശ ജോലിക്കു ശ്രമിക്കും മുൻപ് അറിയേണ്ട കാര്യങ്ങൾ;
*കഴിയുന്നതും നോർക്ക റൂട്ട്സ് മുഖേനയോ നോർക്ക അംഗീകരിച്ച അംഗീകൃത
ഏജൻസികൾ മുഖേനയോ ജോലിക്കു ശ്രമിക്കുക.
*ഇടനിലക്കാർ മുഖേന വിദേശത്തേക്കു പോകുന്നുവെങ്കിൽ ജാഗ്രത പുലർത്തുക.
*ഇവർക്കു കേന്ദ്ര പ്രവാസികാര്യ വകുപ്പിനു കീഴിലുള്ള റജിസ്ട്രേഷനുള്ള തൊഴിൽ
റിക്രൂട്മെന്റ് ഏജൻസിയുണ്ടോ എന്ന് ഉറപ്പുവരുത്തുക.
*തൊഴിൽ കരാറുകളും ശമ്പള വ്യവസ്ഥയും അതതു രാജ്യങ്ങളിലെ ഇന്ത്യൻ
എംബസികൾ അംഗീകരിച്ചതാണോ എന്ന് ഉറപ്പാക്കുക.
*സർവീസ് ചാർജായി തുക ഈടാക്കുന്നുവെങ്കിൽ അംഗീകൃത നിരക്കാണെന്ന്
ഉറപ്പാക്കുക. കൃത്യമായ രേഖകളും രസീതും കൈപ്പറ്റുക.
*വിദേശത്തേക്കു പോകാൻ ആഗ്രഹിക്കുന്നവർക്കായി നോർക്ക റൂട്സ് നൽകുന്ന പ്രീ
ഡിപ്പാർട്ടർ കോഴ്സിൽ പങ്കെടുത്ത് വിശദ വിവരങ്ങൾ മനസ്സിലാക്കുക.