സൗമ്യയുടെ ആത്മഹത്യ: ജയിൽ സൂപ്രണ്ടിന് ഒരു വർഷത്തിനുശേഷം സസ്പെൻഷൻ

കണ്ണൂർ: പിണറായിയിൽ കൂട്ടക്കൊല നടത്തിയ കേസിലെ പ്രതി സൗമ്യ ജയിലിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ ജയിൽ സൂപ്രണ്ടിനു സസ്പെൻഷൻ. രണ്ട് ജയിൽ ഡിഐജിമാർ‌ രണ്ടു ഘട്ടങ്ങളിലായി അന്വേഷിച്ച കേസ് വീണ്ടും അന്വേഷിക്കാൻ ചീമേനി തുറന്ന ജയിൽ സൂപ്രണ്ട് പി.അജയകുമാറിനെ ചുമതലപ്പെടുത്തിയതായും ഉത്തരവിലുണ്ട്. കോഴിക്കോട് കൂടത്തായിയിലെ കൂട്ടമരണങ്ങൾ വാർത്തയിൽ നിറയുന്നതിനിടെയാണ് ഒരു വർഷം മുൻപുള്ള സസ്പെൻഷൻ നടപ്പാക്കിയത്. കണ്ണൂർ വനിതാ ജയിൽ സൂപ്രണ്ട് പി.ശകുന്തള, അസി.സൂപ്രണ്ട് സി.സി.രമ എന്നിവരെയാണു ജയി‍ൽ മേധാവി ഋഷിരാജ് സിങ് സസ്പെൻഡ് ചെയ്തത്. ഇവരെ സസ്പെൻഡ് ചെയ്യണമെന്ന് ഒരു വർഷം മുൻപ് അന്നത്തെ ജയിൽ ആർ.ശ്രീലേഖ ശുപാർശ ചെയ്തിരുന്നു. എന്നാൽ ഇതു നടപ്പാക്കാതെ വീണ്ടും അന്വേഷണം പ്രഖ്യാപിക്കുകയാണു സർക്കാർ ചെയ്തത്. പിണറായി വണ്ണത്താൻകണ്ടി കുഞ്ഞിക്കണ്ണൻ, ഭാര്യ കമല, മകൾ സൗമ്യയുടെ മകൾ ഐശ്വര്യ 2018ൽ 4 മാസത്തിനിടെ ദുരൂഹ സാഹചര്യത്തിൽ മരിച്ചിരുന്നു. പിന്നീട് സൗമ്യ അവശനിലയിൽ ആശുപത്രിയിലായി.

പൊലീസ് അന്വേഷണത്തിൽ ബന്ധുക്കളെ സൗമ്യ ഭക്ഷണത്തിൽ വിഷം ചേർത്തു കൊലപ്പെടുത്തുകയായിരുന്നെന്നു കണ്ടെത്തി.അറസ്റ്റിലായ സൗമ്യയെ 2018 ഓഗസ്റ്റ് 24നു ജയിൽ വളപ്പിലെ കശുമാവിൻ കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സൗമ്യ ജയിലിൽ വച്ചെഴുതിയ കുറിപ്പിൽ കൊലപാതങ്ങളിൽ മറ്റു ചിലർക്കു കൂടി പങ്കുണ്ടെന്നു സൂചിപ്പിച്ചിരുന്നു. സൗമ്യയുടെ മരണത്തിൽ ആദ്യം റീജനൽ വെൽഫെയർ ഓഫിസറും പിന്നീട് അന്നത്തെ ജയിൽ ഡിഐജി എസ്.സന്തോഷും അന്വേഷണം നടത്തി.

സൂപ്രണ്ട് പി.ശകുന്തളയുടെയും അസി.സൂപ്രണ്ട് രമയുടെയും ഭാഗത്തു വീഴ്ച സംഭവിച്ചതായി ഡിഐജി കണ്ടെത്തി. റിപ്പോർട്ട് ലഭിച്ചു 2 ദിവസത്തിനകം മൂന്ന് അസി.പ്രിസൺ ഓഫിസർ(എപിഒ)മാരെ സസ്പെൻഡ് ചെയ്തു.സൂപ്രണ്ടിനെ സസ്പെൻഡ് ചെയ്യാൻ ആഭ്യന്തരവകുപ്പിനോടു ശുപാർശ ചെയ്ത ജയിൽ മേധാവി, അസി. സൂപ്രണ്ടിനെതിരെ വകുപ്പുതല നടപടിയും പ്രഖ്യാപിച്ചു. എന്നാൽ ഒന്നും നടപ്പായില്ല. രാത്രി ഡ്യൂട്ടിക്കാരായ തങ്ങളെ, പകൽ നടന്ന ആത്മഹത്യയുടെ പേരിൽ ബലിയാടാക്കിയെന്നും സൂപ്രണ്ട് ഉൾപ്പെടെയുള്ളവരെ സംരക്ഷിക്കുന്നുവെന്നും എപിഒമാർ പരാതിപ്പെട്ടു.

എന്നാൽ നടപടിയെടുക്കുന്നതിനു പകരം വിശദാന്വേഷണത്തിനു പുതിയ ഡിഐജിയെ ചുമതലപ്പെടുത്തുകയാണു ചെയ്തത്. ഡിഐജി സാം തങ്കയ്യൻ കഴിഞ്ഞ ഡിസംബറിൽ തുടങ്ങിയ അന്വേഷണം ഒരാഴ്ച മുൻപു പൂർത്തിയാക്കി ഡിജിപി ഋഷിരാജ് സിങ്ങിനു ഡിഐജി റിപ്പോർട്ട് കൈമാറി. ഈ റിപ്പോർട്ടിൻമേലാണ് ഇപ്പോഴത്തെ നടപടി. ഇതിനു പുറമെയാണ് മൂന്നാമതൊരന്വേഷണം കൂടി. അസി.സൂപ്രണ്ട് രമയെ ഇതിനിടെ ഋഷിരാജ് സിങ് മലമ്പുഴ ജയിലിലേക്കു സ്ഥലം മാറ്റിയിരുന്നു.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: