സെമി- ഹൈസ്പീഡ് റെയിൽവേ പദ്ധതി : സ്ഥലമെടുപ്പിന് ഉള്ള നടപടികൾക്ക് 11 ജില്ലകളിൽ തുടക്കം

തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള സെമി- ഹൈസ്പീഡ് റെയിൽവേ പദ്ധതിക്ക് സ്ഥലമെടുപ്പിന് ഉള്ള നടപടികൾ 11 ജില്ലകളിൽ ആരംഭിച്ചു. 2024ൽ പദ്ധതി പൂർത്തിയാകുന്നതോടെ അരലക്ഷം തൊഴിലവസരങ്ങളുണ്ടാകും.കൊച്ചുവേളി, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, കാക്കനാട്, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നിവിടങ്ങളിൽ 10 പുതിയ സ്റ്റേഷനുകൾ വരും.
25 കിലോമീറ്റർ വിസ്തൃതിയിൽ ത്രികോണാകൃതിലുള്ള ഇടനാഴികളായി റെഫറൻസ് പോയിന്റുകൾ മാർക്ക് ചെയ്യും. ഹെലികോപ്ടർ ഉപയോഗിച്ചുള്ള ആകാശസർവേ ആണ് ആദ്യം നടത്തുക.റെയിൽപാതക്ക് ഇരുവശവും സർവീസ് റോഡുകളുള്ളതിനാൽ ഉൾപ്രദേശങ്ങൾ വികസിക്കും. ഭൂമിയുടെ വിലയും കൂടും.

പാതക്കായി 100 മീറ്ററിൽ താഴെ വീതിയിൽ മാത്രമേ സ്ഥലമെടുക്കേണ്ടതുള്ളൂ. കര, നാവിക, വ്യോമ സേനകളുടെയും ഇൻജലിജൻസ് ബ്യൂറോയുടെയും ക്ലിയറൻസ് ലഭിച്ചിട്ടുണ്ട്. ഇതോടെ ഒരാഴ്ചക്കകം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആകാശസർവേക്ക് അനുമതി നൽകും.
ഹൈദരാബാദ് ആസ്ഥാനമായ ജിയാനോ കമ്പനിയാണ് 531.43 കിലോമീറ്ററിൽ ആകാശസർവേ നടത്തുന്നത്. മൂന്നുമാസത്തിനകം സർവേ പൂർത്തിയാക്കും. വിശദമായ പദ്ധതി രേഖ കേന്ദ്രത്തിന് സമർപ്പിക്കും.സർവേക്ക് 1.70 കോടിയാണ് ചിലവ് കണക്കാക്കിയിട്ടുള്ളത്.അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിൻ പാതക്ക് സർവേ നടത്തിയ കമ്പനിയാണ് ജിയാനോ.

തിരുവനന്തപുരം മുതൽ തിരുനാവായ വരെ പുതിയ അലൈൻമെന്റിൽ രണ്ട് ലൈൻ ഗ്രീൻഫീൽഡ് പാതയുണ്ടാക്കണം. തിരൂർ മുതൽ കാസർഗോഡ് വരെ നിലവിലെ റെയിൽ പാതക്ക് സമാന്തരമായി പുതിയപാതകൾ നിർമിക്കും. റെയിൽവേയുടെയും സംസ്ഥാനത്തിന്റെയും സംയുക്തകമ്പനിയായ കേരളാ റെയിൽവേ വികസന കോർപറേഷനാണ് (കെആർഡിസിഎൽ) പദ്ധതിയുടെ നടത്തിപ്പ് ചുമതല.
പദ്ധതിക്കായി 8656 കോടി ചെലവിൽ സംസ്ഥാന സർക്കാർ 1226.45 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. 6000 വീടുകൾ പൊളിക്കേണ്ടി വരും. അതിവേഗ ട്രെയിനിൽ ഒരു കിലോമീറ്ററിന് യാത്രാചെലവ് 2.75 രൂപയാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: