ജിയോയിൽ നിന്ന് മറ്റ് കണക്ഷനുകളിലേക്ക് വിളിക്കാൻ ഇനി പണം നൽകണം !

ജിയോയിൽ നിന്ന് മറ്റ് കണക്ഷനുകളിലേക്ക് വിളിക്കാൻ ഇനി പണം നൽകണം. ഒക്ടോബർ 10ന് ശേഷമുള്ള അടുത്ത റീചാർജ് മുതൽ ഇത് പ്രാബല്യത്തിൽ വരും. മിനിറ്റിന് ആറ് പൈസയാകും മറ്റ് കണക്ഷണുകളിലേക്ക് വിളിക്കുമ്പോൾ ജിയോ ഇടാക്കുന്ന തുക.

ഐയുസി അഥവാ ഇന്റർ കണക്ട് യുസേജ് ചാർജ് കവർ ചെയ്യാനാണ് നിലവിൽ ഉപഭോക്താക്കളിൽ നിന്നും ജിയോ ഔട്ട്‌ഗോയിംഗ് കോളുകൾക്ക് പണം ഈടാക്കുന്നത്. ഒരു ഓപ്പറേറ്ററിൽ നിന്ന് മറ്റൊരു ഓപ്പറേറ്റിലേക്ക് വോയ്‌സ് കോൾ ചെയ്യുമ്പോൾ ഈടാക്കുന്ന തുകയാണ് ഐയുസി. ട്രായ് ആണ് ഐയുസി നിശ്ചയിക്കുന്നത്. മിനിറ്റിന് 6 പൈസയാണ് നിലവിൽ നിശ്ചയിച്ചിരിക്കുന്ന ഐയുസി. ഔട്ട്‌ഗോയിംഗ് കോളുകൾക്കായി ഒരു ഓപറേറ്റർ മറ്റൊരു ഓപറേറ്റർക്ക് ഐയുസി ചാർജ് നൽകണം. അതുപൊലെ തന്നെ ഇൻകമിംഗ് കോളുകൾക്ക് കോൾ ലഭിക്കുന്ന ഓപറേറ്റർക്ക് പണം ലഭിക്കും.

കഴിഞ്ഞ മൂന്ന് വർഷമായി ജിയോ നൽകിയിരുന്ന ഐയുസി തുക13,000 കോടി രൂപയായിരുന്നു. പ്രതിമാസം 200 കോടി രൂപയാണ് ഐയുസി തുകയായി മാത്രം ജിയോയ്ക്ക് വന്നിരുന്നത്.

എന്നാൽ ഉപഭോക്താക്കളെ ആശ്വസിപ്പിക്കാൻ മറ്റൊരു ഓഫർ ജിയോ മുന്നോട്ടുവച്ചിട്ടുണ്ട്. ഓരോ പത്ത് രൂപയുടെ ടോപ് അപ് റീചാർജിനും ഒരു ജിബി വീതം ലഭിക്കും എന്നതാണ് ഓഫർ.

ഔട്ട്‌ഗോയിംഗ് കോളുകൾ സൗജന്യമാക്കി പ്രതിദിനം ഒരു ജിബി ഡേറ്റ നൽകി ഇന്ത്യയിൽ ടെലിക്കോം വിപ്ലവത്തിന് തുടക്കമിട്ടത് ജിയോ ആയിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് മറ്റ് ടെലികോം കമ്പനികളും സമാന ഓഫറുകളുമായി രംഗത്തെത്തിയത്. എന്നാൽ നിലവിൽ ഔട്ട്‌ഗോയിംഗ് കോളുകൾക്ക് നിരക്ക് ഏർപ്പെടുത്തിയ ജിയോയുടെ നടപടി ഉപഭോക്താക്കളെ നിരാശരാക്കിയിരിക്കുകയാണ്.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: