സുരക്ഷിതമാക്കണം അക്ഷയകേന്ദ്രങ്ങൾ

കണ്ണൂർ: അക്ഷയ കേന്ദ്രങ്ങൾക്ക്‌ സമാന്തരമായി അനധികൃത ഓൺലൈൻ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്‌ ജനങ്ങൾ നൽകുന്ന രേഖകളുടെ സുരക്ഷിത്വത്തിന്‌ ഭീഷണിയാവുന്നു. മിക്ക ഓൺലൈൻ കേന്ദ്രങ്ങളും പൗരന്മാരുടെ രേഖകൾ ദുരുപയോഗം ചെയ്യുന്നുവെന്ന പൊലീസ്‌ ഇന്റലിജൻസ്‌ റിപ്പോർട്ട്‌ ജില്ലാ ഭരണാധികാരികൾക്ക്‌ ലഭിച്ചിട്ടുണ്ട്‌. സംസ്ഥാന സർക്കാരിന്റെയും ഐടി മിഷന്റെയും നിയന്ത്രണമില്ലാതെയും അക്ഷയ കേന്ദ്രങ്ങളാണെന്ന വ്യാജേനയുമാണ്‌ ഇവ പ്രവർത്തിക്കുന്നത്‌. ഇവരുടെ സേവനങ്ങൾ ഗുണപരമല്ലെന്നും പൊതുജനങ്ങളെ ചൂഷണം ചെയ്യുന്നതുമാണെന്ന പരാതി വ്യാപകമായി. അക്ഷയ സംസ്ഥാന – -ജില്ലാ ഓഫീസുകളുടെയും കലക്ടർ ചെയർമാനായ ജില്ലാ ഇ –-ഗവേണൻസ്‌ സൊസൈറ്റിയുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും മേൽനോട്ടത്തിലാണ്‌ അക്ഷയ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നത്‌.

അക്ഷയ സംരംഭകരുടെ സാമ്പത്തിക സുരക്ഷിതത്വത്തിനും നിലനിൽപിനും സുഗമായ നടത്തിപ്പിനും സർക്കാർ ഉത്തരവിറക്കിയിട്ടുണ്ട്‌. ഇതുപ്രകാരം അക്ഷയ കേന്ദ്രങ്ങൾ തമ്മിൽ രണ്ടുകിലോമീറ്റർ ദൂരപരിധി വേണം. എന്നാൽ ഓൺലൈൻ സ്ഥാപനങ്ങൾ സർക്കാർ ഉത്തരവിന്‌ വിരുദ്ധമായാണ്‌ പ്രവർത്തിക്കുന്നത്‌. സംരംഭകർ അഞ്ചുലക്ഷം രൂപയോളം ചെലവഴിച്ചാണ്‌ അക്ഷയ കേന്ദ്രങ്ങളിൽ അടിസ്ഥാന സൗകര്യമൊരുക്കുന്നത്‌. ഇത്തരത്തിൽ മുതൽമുടക്കുന്ന അക്ഷയ കേന്ദ്രങ്ങളുടെ പ്രവർത്തനത്തിനും നിലനിൽപിനും സമാന്തര ഓൺലൈൻ കേന്ദ്രങ്ങൾ വലിയ ഭീഷണിയാണ്.
സംസ്ഥാനത്ത്‌ മൂവായിരത്തോളം അക്ഷയ സംരംഭർ ഇ –-ഗവേണൻസ്‌ മേഖലയിൽ മികച്ച സേവനം നൽകുന്നുണ്ട്‌.
അംഗീകൃത അക്ഷയ കേന്ദ്രങ്ങൾക്ക്‌ പുറമെ ജനസേവന കേന്ദ്രങ്ങളുടെ പേരിൽ ഒട്ടനവധി സ്ഥാപനങ്ങൾ അനധികൃതമായി പ്രവർത്തിക്കുന്നുണ്ട്‌. സർക്കാർ ഉത്തരവിന്‌ വിരുദ്ധവും പൊതുജനങ്ങൾക്ക്‌ നൽകുന്ന സേവനങ്ങൾ ചെലവേറിയതുമാക്കുന്ന സ്ഥാപനങ്ങൾ അനുവദിക്കുമ്പോൾ തദ്ദേശസ്ഥാപനങ്ങൾ വേണ്ടത്ര ജാഗ്രത പാലിക്കുന്നില്ല. പൗരന്മാരുടെ രേഖകളുടെ സുരക്ഷിതത്വം, സർടിഫിക്കറ്റുകളുടെ ആധികാരികത, അക്ഷയ കേന്ദ്രങ്ങളുടെ നിലനിൽപ്‌ എന്നീ കാരണങ്ങളാൽ ഓൺലൈൻ കേന്ദ്രങ്ങളുടെ പ്രവർത്തനം നിയന്ത്രിക്കണമെന്നും ഇവയ്‌ക്ക്‌ അനുമതി നൽകുമ്പോൾ തദ്ദേശസ്ഥാപനങ്ങൾ സർക്കാർ ഉത്തരവ്‌ പാലിക്ക ണമെന്നും അസോസിയേഷൻ ഓഫ്‌ ഐടി എംപ്ലോയീസ്‌ (സിഐടിയു) ജില്ലാ കമ്മിറ്റി കലക്ടർക്ക്‌ നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയരക്ടർ, ജില്ലാ പൊലീസ്‌ മേധാവി എന്നിവർക്കും നിവേദനം നൽകി. അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ എം സുരേന്ദ്രൻ, സെക്രട്ടറി കെ കെ ദീപക്‌, ആർ ഹിരേഷ്‌, വി സന്തോഷ്‌ എന്നിവരാണ്‌ നിവേദക സംഘത്തിലുണ്ടായിരുന്നത്‌.

Leave a Reply

This site uses Akismet to reduce spam. Learn how your comment data is processed.

%d bloggers like this: